ഭോപാല്‍: മധ്യപ്രദേശില്‍ ഭോപാലിനടുത്തുള്ള ഫാക്ടറിയില്‍നിന്ന് 1814 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. ഗുജറാത്ത് ഭീകര വിരുദ്ധ സേനയുടെയും ദല്‍ഹി നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെയും സംയുക്ത ദൗത്യത്തിലാണ് വമ്പന്‍ മയക്കുമരുന്ന് ശേഖരവും ഇവയുണ്ടാക്കാനുപയോഗിച്ച വസ്തുക്കളും പിടിച്ചെടുത്തത്. ബഗ്രോഡ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഫാക്ടറിയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.
എംഡി ഇനത്തില്‍പ്പെട്ട മയക്കുമരുന്നാണ് ഇവ. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഗുജറാത്ത് മന്ത്രി ഹര്‍ഷ് സാഘ്വിയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ ഗുജറാത്ത് ഭീകര വിരുദ്ധ സേനയ്ക്കും ദല്‍ഹി നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോക്കും അഭിനന്ദനങ്ങള്‍. മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതില്‍ നമ്മുടെ നിയമ നിര്‍വഹണ ഏജന്‍സികളുടെ അശ്രാന്ത പരിശ്രമമാണ് ഈ നേട്ടത്തിലൂടെ വ്യക്തമാകുന്നത്.
നമ്മുടെ സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതില്‍ അവരുടെ കൂട്ടായ ശ്രമങ്ങള്‍ നിര്‍ണായകമാണ്. നിയമപാലകരുടെ അര്‍പ്പണബോധം അഭിനന്ദാര്‍ഹമാണ്. ഭാരതത്തെ ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ രാഷ്ട്രമാക്കി മാറ്റാനുള്ള അവരുടെ ദൗത്യത്തില്‍ അവരെ പിന്തുണയ്ക്കുന്നത് തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈമാസം ആദ്യം ദല്‍ഹിയില്‍ നിന്ന് 5600 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പോലീസ് പിടികൂടിയിരുന്നു. സൗത്ത് ദല്‍ഹിയിലെ ഒരു ഗോഡൗണില്‍ നിന്ന് 560 കിലോഗ്രാം
കൊക്കെയ്ന്‍, 40 കിലോഗ്രാം മരിജ്വാന എന്നിവയാണ് കണ്ടെടുത്തത്. സംഭവത്തില്‍ മുഖ്യവിതരണക്കാരനായ തുഷാര്‍ ഗോയല്‍, ഇയാളുടെ കൂട്ടാളികളായ ഹിമാന്‍ശു കുമാര്‍, ഔറംഗസേബ് സിദ്ദിഖി, ഭരത് കുമാര്‍ ജെയ്ന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: