കറന്റ് പോയാലും സഹിക്കാം. പട്ടിണികിടന്നാലും ക്ഷമിക്കാം. രോഗം വന്നാല്‍ മറക്കുകയും ചെയ്യാം. പക്ഷേ ഒരു മിനുട്ട് ഇന്റര്‍നെറ്റ് മുറിഞ്ഞാല്‍ കഥ മാറും. നാം സഹിക്കില്ല. ക്ഷമിക്കില്ല, മറക്കില്ല. വാട്സ് ആപ് കാണാതെ, യു-ട്യൂബ് നോക്കാതെ, മെയില്‍ അയക്കാതെ, ബാങ്ക് ഇടപാട് നടത്താതെ നാം എങ്ങനെയാണ് ജീവിക്കുക! കാരണം ഇന്റര്‍നെറ്റ് ഇല്ലാത്ത ജീവിതം അസാധ്യം. അതിരില്ലാത്ത ജീവിതത്തിന്റെ ആനപ്പൊക്കമുള്ള ഉറപ്പാണത്!
വിരല്‍ തൊട്ടാല്‍ പറന്നെത്തുന്ന ഇന്റര്‍നെറ്റ് എങ്ങനെയാണ് മറുനാടുകളിലേക്ക് പായുന്നതെന്ന കാര്യം നാമാരും സാധാരണ ചിന്തിക്കാറില്ല. മൈക്രോ സെക്കന്റില്‍ നെറ്റ് സന്ദേശങ്ങള്‍ ഭൂഖണ്ഡങ്ങള്‍ താണ്ടുന്നതെങ്ങനെയെന്ന് ആലോചിക്കാറുമില്ല. ഇനി ആരെങ്കിലും അക്കാര്യം ചോദിച്ചാല്‍ നാം ആകാശത്തേക്ക് നോക്കി ഒരു മറുപടി നല്‍കും-അനന്തമായ ആകാശത്ത് കറങ്ങിത്തിരിയുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍. പക്ഷേ അപൂര്‍ണമാണ് ആ ഉത്തരം ആഴക്കടലിനടിയില്‍ ശയിക്കുന്ന ഫൈബര്‍ ഒപ്ടിക് കേബിളുകള്‍ എന്നാണ് കൃത്യമായ ഉത്തരം.
ഏതാണ്ട് 14 ലക്ഷത്തില്‍ പരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 400 ല്‍ പരം കേബിളുകള്‍. സപ്ത സാഗരങ്ങളുടെയും അടിത്തട്ടിലൂടെ അവ നമ്മുടെ വിവരപ്രവാഹത്തിന് കാവലാളാകുന്നു. അന്തര്‍ദേശീയ തലത്തിലുള്ള വിവരവിനിമയത്തില്‍ 99 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ കടല്‍ കേബിളുകളാണെന്ന് അറിയുക.
ലേബര്‍ തരംഗങ്ങളുടെ കരുത്തില്‍ പ്രകാശ വേഗതയില്‍ വിവരവിനിമയം സൗകര്യപ്പെടുത്തുന്ന ഈ ഒപ്ടിക്കല്‍ ഗ്ലാസ് ഫൈബറുകള്‍ തലമുടി നാരിനേക്കാളും നേര്‍ത്തവയാണ്. അവയെ സംരക്ഷിക്കാന്‍ നിരവധി സുരക്ഷാ പാളികളുടെ കരുത്തുമുണ്ട്. പെട്രോളിയം ജെല്ലി, ചെമ്പ്, അലുമിനിയം, സ്റ്റീല്‍, പോളി എതിലിന്‍ തുടങ്ങി അനേകം സംരക്ഷണ പാളികള്‍! കടലിലെ ഏത് പ്രതികൂല സാഹചര്യത്തേയും അതിജീവിക്കാന്‍ ഈ കവചങ്ങളാണ് ഗ്ലാസ് ഫൈബറുകള്‍ക്ക് കരുത്ത് നല്‍കുന്നത്.
ഭൂമി കുലുക്കം, മണ്ണൊലിപ്പ്, സുനാമി, കടല്‍ പ്രവാഹം തുടങ്ങിയവയൊക്കെ തരണം ചെയ്യാന്‍ ഈ കടല്‍ കേബിളുകള്‍ക്ക് കരുത്തുണ്ട്. പക്ഷേ പൂര്‍ണ സുരക്ഷിതത്വം നല്‍കാനാവില്ല തന്നെ. ആഴക്കടല്‍ മീന്‍പിടുത്ത കപ്പലുകളുടെ ആധുനിക വലകളും അന്തര്‍വാഹിനികളുടെ ആക്രാന്തയാത്രകളും കപ്പലുകള്‍ സ്ഥാനം തെറ്റി എറിയുന്ന നങ്കൂരങ്ങളും പലപ്പോഴും കേബിള്‍ സുരക്ഷിതത്വത്തിന് ഭീഷണിയാവാറുണ്ട്. അതുകൊണ്ടുതന്നെ ലോകത്തിന്റെ പല ഭാഗത്തായി രണ്ട് ഡസനില്‍പ്പരം കപ്പലുകള്‍ കേബിളുകള്‍ വിളക്കിച്ചേര്‍ക്കാന്‍ സദാ സന്നദ്ധരായി നില്‍ക്കുന്നുമുണ്ട്.
ഏകദേശ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 200 തവണയെങ്കിലും ഇപ്രകാരം കേബിളുകള്‍ മുറിയുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. 2011 മാര്‍ച്ച് 11 ന് ജപ്പാനെ പിടിച്ചുകുലുക്കിയ അതിതീവ്ര സുനാമിയില്‍ ജപ്പാന്റെ കടല്‍ കേബിളുകള്‍ വന്‍തോതില്‍ തകര്‍ന്നുപോയി. 2022 ജനുവരിയില്‍ ടോംഗോയില്‍ ഉണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ഒട്ടേറെ ഫൈബര്‍ ഒപ്ടിക്കല്‍ കേബിളുകള്‍ തകര്‍ന്നു. ഈ തെക്കന്‍ പസഫിക് ദ്വീപ് രാജ്യത്തിന് കേബിളുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ വേണ്ടി വന്നത് 38 ദിവസം.
അറിവൊഴുക്കിന് (ഫ്ളോ ഓഫ് ഇന്‍ഫര്‍മേഷന്‍) വഴിയൊരുക്കുന്ന കടല്‍ കേബിളുകള്‍ സ്ഥാപിക്കുന്നത് ശ്രമകരമായൊരു ഏര്‍പ്പാടാണ്. അതിന് ഏറെ കാലതാമസവും വേണം. കേബിള്‍ റൂട്ട് ഉറപ്പിച്ചു കഴിഞ്ഞാല്‍ കേബിള്‍ കപ്പലുകള്‍ പുറപ്പെടുകയായി. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒപ്റ്റിക്കല്‍ കേബിളുമായി മണിക്കൂറില്‍ ശരാശരി ആറ് കിലോമീറ്റര്‍ വേഗതയിലാണ് ഈ കപ്പലുകള്‍ സഞ്ചരിക്കുക. കൂടുതല്‍ ആഴമുള്ള ഇടങ്ങളാണ് കേബിള്‍ ഇടാന്‍ മുന്‍ഗണന നല്‍കുക. അവിടെയാവും കേബിളുകള്‍ കൂടുതല്‍ സുരക്ഷിതം എന്നതു തന്നെ കാരണം. കടല്‍ത്തറ അഥവാ സീ ബൈഡിനു താഴെ കേബിള്‍ പാകുന്നതിന് ജലാന്തര കലപ്പ അഥവാ അണ്ടല്‍ വാട്ടര്‍ പ്ലൗ അവര്‍ ഉപയോഗിക്കുന്നു.
രാജ്യങ്ങള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും സ്വന്തമായി കേബിള്‍ ശൃംഖലകള്‍ ഉണ്ട്. ഗൂഗിള്‍, ആമസോണ്‍, മൈക്രോ സോഫ്ട് തുടങ്ങിയ ആഗോള വാണിജ്യ ഭീമന്മാര് കടല്‍ കേബിളുകളില്‍ വന്‍തോതിലാണ് മൂലധന നിക്ഷേപം നടത്തിയിട്ടുള്ളത്.
അന്തര്‍ദേശീയ ബന്ധങ്ങളില്‍ സംഭവിക്കുന്ന ഉലച്ചിലുകളും കടല്‍ കേബിളുകളെ ബാധിക്കാറുണ്ട്. ആസ്ട്രേലിയയുടെ സമീപത്ത് കൂടി സോളമന് ദ്വീപിലേക്ക് കടല്‍ കേബിള്‍ ഇടാന്‍ ചൈന നടത്തിയ ശ്രമത്തെ ആസ്ട്രേലിയ എതിര്‍ത്ത സംഭവം തന്നെ ഉദാഹരണം. ചൈനീസ് സര്‍ക്കാര്‍ തങ്ങളുടെ വിവര പ്രവാഹ കേബിളുകളില്‍ നുഴഞ്ഞുകയറി ഡാറ്റ മോഷ്ടിക്കുമെന്നായിരുന്നു ആസ്ട്രേലിയയുടെ ഭയം. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ മുറിച്ചെറിയുമെന്ന ഇറാന് അനുകൂല ഹൂതികളുടെ ഭീഷണി ഇന്നും നിലനില്ക്കുന്നു.
പ്രധാനപ്പെട്ട എല്ലാ കേബിളുകള്‍ക്കും ഒരു ബദല്‍ സംവിധാനമുണ്ടെ (ബാക്അപ്)ന്നതാണ് ആശ്വാസം. മുഖ്യ കേബിള്‍ തകര്‍ന്നാലും ഡാറ്റാ പ്രവാഹത്തെ വഴിമാറ്റി വിടാന്‍ കഴിയും.
എങ്കിലും എന്നും ഭീഷണിയിലാണ് ഡാറ്റാ കേബിളുകള്‍. ഭൗമ രാഷ്ട്രീയവും യുദ്ധവും വൈരവുമൊക്കെ അവസാനം വന്ന് കുതിരകയറുക കടല്‍ കേബിളിനു മേലാവും. കാരണം ഡാറ്റ അമൂല്യമാണ്. ആഗോള കമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്ക് തകര്‍ക്കാനും ചോര്‍ത്താനുമൊക്കെ പലര്‍ക്കും താല്‍പ്പര്യമുള്ള കാലമാണിത്. അതില്‍ത്തന്നെ ജലാന്തരയുദ്ധത്തില് കേമന്മാരായ റഷ്യയെ പോലുള്ളവരെ എതിര് ചേരിയിലെ രാജ്യങ്ങള്‍ ഏറെ ഭയപ്പെടുന്നു. കടല്‍ ചാരവൃത്തിക്കായി ബെലൂഗാ തിമിംഗലങ്ങളെപ്പോലും ആ രാജ്യം പരിശീലിപ്പിച്ച് നീറ്റിലിറക്കുന്നുവെന്നാണ് അമേരിക്കന്‍ ചേരിയുടെ ആരോപണം.
ഡാറ്റാ കൈമാറ്റത്തില്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ സംഭാവനയും നമുക്ക് തള്ളിക്കളയാനാവില്ല. പക്ഷേ ഭൂഖണ്ഡാന്തര വിവര പ്രവാഹത്തെ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി അവയ്ക്കില്ല. വേഗതയ്ക്കും കുറവ്. കടല്‍ ഫൈബര്‍ കേബിളിലൂടെ ഡാറ്റ അഥവാ വിവരം പ്രവഹിക്കുന്നത് സൈക്കന്റില് നിശ്ചിത ‘ടെറാബൈറ്റ്’ എന്ന കണക്കിലാണെങ്കില്‍ കൃത്രിമ ഉപ്രഹത്തിലൂടെ ‘മെഗാബൈറ്റ്/സെക്കന്റ്’ എന്നതാവും വേഗത. അതുകൊണ്ടുതന്നെ 95 ശതമാനത്തിലേറെ വിവര കൈമാറ്റത്തിനും കടല്‍ കേബിളുകളെ ആശ്രയിക്കുന്നു. അളവിനും വേഗതയ്ക്കും ചെലവ് കുറയ്ക്കുന്നതിനുമൊക്കെ ക്ലൗഡ് കംപ്യൂട്ടിങ്ങും കൃത്രിമ ബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്), ഇന്റര്‍നെറ്റ് ഓഫ് തിങ്സുമൊക്കെ നിത്യജീവിതത്തിലെ അവിഭാജ്യ ഘടകമാണെന്നു വരുമ്പോള്‍ അതിവേഗത്തിലുള്ള വിവരകൈമാറ്റത്തിന്റെ പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളൂ. ഒപ്പം ആഴക്കടലിലെ കേബിളുകളുടെ പ്രസക്തിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: