തിരുവനന്തപുരം: അയ്യപ്പഭക്തരെ സേവിക്കുന്നതില്‍ നിന്ന് അയ്യപ്പ സേവാ സംഘത്തെ തടഞ്ഞ ദേവസ്വം ബോര്‍ഡ് നടപടി പ്രതിഷേധാര്‍ഹമെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ. ദേവസ്വം ബോര്‍ഡിന്റെ നീതി നിക്ഷേധത്തിനെതിരെ അഖിലഭാരത അയ്യപ്പ സേവാസംഘം ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിക്കും മതത്തിനും വര്‍ണത്തിനും കുലത്തിനും അതീതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അയ്യപ്പസേവാ സംഘം. മാനവരാശിക്ക് എല്ലാത്തരത്തിലും സേവ ചെയ്തുകൊണ്ട് ഭഗവാന്‍ അയ്യപ്പന്റെ പേരില്‍ 90 ലധികം രാജ്യങ്ങളില്‍ നിന്നും വരുന്ന അയ്യപ്പഭക്തന്മാര്‍ സേവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് അയ്യപ്പസേവാ സംഘം. ഇങ്ങനെയുള്ള സംഘടനയെയാണ് ദേവസ്വം ബോര്‍ഡ് തടഞ്ഞിരിക്കുന്നത്. ഈ നടപടി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സ്‌റ്റേറ്റ് കൗണ്‍സില്‍ പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറി കൊയ്യം ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ സന്നിധാനം ക്യാമ്പ് ഓഫീസിലേക്കുള്ള കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുക, ശബരിമലയിലേയും, പമ്പയിലേയും ക്യാമ്പ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. അഖിലഭാരത അയ്യപ്പ സേവാസംഘത്തിന്റെ അധീനതയിലുള്ള ശബരിമലയിലേയും പമ്പയിലേയും ക്യാമ്പ് ഓഫീസ് കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് നടത്തുന്ന നടപടികള്‍ അവസാനിപ്പിക്കുക, കോട്ടയം തിരുനക്കരയിലുള്ള അഖിലഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ഒഫീസ് കെട്ടിടം കൈയേറിയ ദേവസ്വം ബോര്‍ഡിന്റെ നടപടി പിന്‍വലിക്കുക, സന്നിധാനത്തും പമ്പയിലും അഖിലഭാരത അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ നിസ്വാര്‍ഥമായി ചെയ്തുകൊണ്ടിരുന്ന പരിസര ശുചീകരണം. ചുക്കു വെള്ള വിതരണം, സ്‌ട്രെച്ചര്‍ സര്‍വ്വീസ്, ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍, സൗജന്യ വാഹന അറ്റകുറ്റപ്പണികള്‍, മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്, തുടങ്ങിയ സേവനങ്ങള്‍ക്ക് സംഘം പ്രവര്‍ത്തകരെ അനുവദിക്കുക, സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് നല്‍കിവന്നിരുന്ന അന്നദാനം ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടുകൂടി നിര്‍ത്തലാക്കിയത് പുന:സ്ഥാപിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക