ബെയ്റൂട്ട്: ലെബനനിലെ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന് നസ്റള്ളയുടെ പിന്‍ഗാമി ഹാഷിം സഫീദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ള ഭീകരര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍ സഫീദീനുമുള്ളതായി വാര്‍ത്താ ഏജന്‍സി അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാന് മതനേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ഭീഷണി സന്ദേശത്തിനു പിന്നാലെ ഹിസ്ബുള്ള ഭീകരര്‍ക്കെതിരേ ആക്രമണം ഇസ്രയേല്‍ കൂടുതല്‍ രൂക്ഷമാക്കി. ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലകളില്‍ കൂടുതല്‍ ഇടങ്ങളില്‍ ആളുകള്‍ക്ക് ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശം സൈന്യം നല്കി. ബെയ്റൂട്ടില്‍ വിമാനത്താവളത്തിനു സമീപമുള്ള ഇടങ്ങളില്‍ കനത്ത ആക്രമണം നടത്തി. വിമാനം ഇറങ്ങി മിനിറ്റുകള്‍ക്കു ശേഷമാണ് സ്ഫോടനം നടന്നത്. ലെബനന് അതിര്‍ത്തിയിലെ അഡെയ്സ ഗ്രാമത്തിലേക്ക് കൂടുതല്‍ ഇസ്രയേല്‍ സൈനികരെത്തിയിട്ടുണ്ട്. നാലു ദിവസത്തിനിടെ 2000 ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളും 250 ഭീകരരെയും ഇല്ലാതാക്കിയതായി ഐഡിഎഫ് പറഞ്ഞു.
ഇസ്രയേലിനെ ഹമാസ് ഭീകരര്‍ ആക്രമിച്ചതിന് ഒരു വര്‍ഷം തികയുന്ന നാളെ ഇറാന്റെ ആണവ നിലയങ്ങള്‍ക്കും എണ്ണ ശുദ്ധീകരണശാലകള്‍ക്കും നേരേ ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയുണ്ട്. എണ്ണ വിതരണം തടസപ്പെട്ടേക്കുമെന്നതിനാല് എണ്ണ വിലയിലും ആഗോള തലത്തില്‍ വലിയ വര്‍ധനയാണ് വന്നിരിക്കുന്നത്. ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടരുതെന്നും, പകരം ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേല്‍ തീര്‍ച്ചയായും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കണമെന്നും, പിന്നീട് സംഭവിക്കുന്നതിനെ അപ്പോള്‍ നേരിടാമെന്നുമാണ് മുന്‍ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചത്.
ഇതിനിടെ, ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്കു തിരിച്ചടി നല്കി യെമനിലെ ഹൂതി ഭീകരരുടെ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: