കൊച്ചി: അക്കാദമി ഓഫ് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് രജതജൂബിലി ദേശീയ സമ്മേളനം, പള്‍മോകോണ്‍ സില്‍വര്‍ 2024, കൊച്ചി ഐഎംഎ ഹൗസില്‍ ആരംഭിച്ചു. എണ്ണൂറിലധികം ശ്വാസകോശരോഗ വിദഗ്ധരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബുദ്ധിമുട്ടേറിയ ചികിത്സാ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന നിരന്തര സാഹചര്യങ്ങള്‍ നേരിടുന്നവരാണ് ഡോക്ടര്‍മാരെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രോഗിക്ക് ദോഷം ഏറ്റവും കുറവുള്ള രീതിയെ ധാര്‍മിക മാനദണ്ഡമായി കാണണം. ചികിത്സ തിരഞ്ഞെടുക്കുമ്പോഴും അപകടസാധ്യതകള്‍ വിലയിരുത്തുമ്പോഴും വിദഗ്ധോപദേശം നല്കുമ്പോഴും ഈ തത്വം ഡോക്ടര്‍ക്ക് വഴികാട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. സണ്ണി പി. ഒരത്തേല്‍, ഡോ. ഡേവിസ് പോള്‍ സി., ഡോ. ജൂഡോ, ഡോ. മധുകുമാര്‍ കെ., ഡോ. സഞ്ജീവ് നായര്‍, ഡോ. മോഹന്‍കുമാര്‍, ഐഎംഎ കേരള പ്രസിഡന്റ് ഇലക്ട് ഡോ. കെ.എ. ശ്രീവിലാസന്‍, ഡോ. വിപിന്‍ വര്‍ക്കി എന്നിവര്‍ സംസാരിച്ചു. രജത ജൂബിലി വര്‍ഷ സുവനീര്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് പ്രകാശനം ചെയ്തു. ഡോ. അസ്മിത മേത്തയും ഡോ. സുബിന് അഹമ്മദും രചിച്ച ഇന്റര്‍സ്റ്റീഷ്യല്‍ ലങ് ഡിസീസ് പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: