Entertainment

സെക്‌സ് ചോദിക്കുന്നത് പുരോഗമനമാണെന്ന് പറയുന്ന പുരുഷനോട്, നോ പറഞ്ഞാല്‍ നിങ്ങള്‍ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പാണോ: പാര്‍വതി തിരുവോത്ത്

Published by

പുരോഗമനത്തിന്റെ ഭാഗമായി സെക്‌സ് ചോദിച്ചാലെന്താ എന്ന് പറയുന്ന പുരുഷനോട് നോ പറഞ്ഞാല്‍ ബുദ്ധിമുട്ടിക്കില്ല എന്നാണ് ചോദിക്കാനുള്ളതെന്ന് നടി പാര്‍വതി തിരുവോത്ത്. നോ പറഞ്ഞാല്‍ തിരിച്ചടിക്കുമോ എന്ന് ഭയന്ന് യെസ് പറയേണ്ട ഗതികേടുണ്ടാവുന്ന സ്ത്രീകളുണ്ട് എന്നാണ് പാര്‍വതി മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

 

”ഒരാളുടെ അവകാശം എന്താണ്, വ്യക്തിബന്ധങ്ങളിലെ ഇടപഴകലുകളിലെ അതിര്‍ത്തി എവിടെയാണ് എന്നുള്ളത് മനസ്സിലാക്കാതെ പോവുന്നതാണ് ഈ ചോദ്യത്തിന്റെയൊക്കെ മൂലകാരണം. ജോലി സ്ഥലത്ത് വന്ന് ഇത്തരം ചോദ്യം ചോദിക്കുന്നത് സ്വാഭാവികതയാവണമെങ്കില്‍ നോ പറഞ്ഞാല്‍ ആ സ്ത്രീക്ക് തിരിച്ചടികള്‍ നേരിടേണ്ടി വരില്ല എന്ന ഉറപ്പ് കൊടുക്കാന്‍ കൂടി സിസ്റ്റത്തിനാവണം.”

 

”നോ പറഞ്ഞാല്‍ തിരിച്ചടിക്കുമോ എന്ന് ഭയന്ന് യെസ് പറയേണ്ട ഗതികേടുണ്ടാവുന്ന സ്ത്രീകളുണ്ട്. coerced consent അഥവാ നിര്‍ബന്ധിത സമ്മതമാണത്. ഒറ്റപ്പെടുത്തല്‍, ഉപേക്ഷിക്കല്‍, സമ്മര്‍ദ്ദം, മിസ്ട്രീറ്റ്മെന്റ് എന്നിവയെല്ലാം ഒരേയൊരു നോയ്‌ക്കുള്ള ശിക്ഷയായി സ്ത്രീകള്‍ അനുഭവിക്കേണ്ടി വരാറുണ്ട്. ഇതാണ് നിലവിലെ സാമൂഹിക അന്തരീക്ഷം

 

പുരോഗമനത്തിന്റെ ഭാഗമായി സെക്‌സ് ചോദിച്ചാലെന്താ എന്ന് പറയുന്ന പുരുഷനോട് എന്റെ ചോദ്യം നോ പറഞ്ഞാല്‍ നിങ്ങള്‍ പകരം വീട്ടാതെ, ബുദ്ധിമുട്ടിക്കാതെ പെരുമാറുമോ എന്നത് മാത്രമാണ്. കാമം എന്നത് സ്വാഭാവികമായ കാര്യമാണ് എന്നാണ് വാദമെങ്കില്‍ അപ്പോഴും കാമം തോന്നിയ ഉടനെ അത് സാധ്യമാക്കിക്കൊടുക്കുക എന്നൊന്നില്ലല്ലോ. അത് സ്ത്രീയുടെ ബാധ്യതയുമല്ല” എന്നാണ് പാര്‍വതി പറയുന്നത്.

അതേസമയം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പൊരുതാന്‍ ഡബ്ല്യൂസിസി രൂപീകരിച്ചപ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പാര്‍വതി പറയുന്നുണ്ട്. എത്ര സ്വയം തയ്യാറായിരുന്നെങ്കിലും ആദ്യ മൂന്ന് മൂന്നര വര്‍ഷം ഊഹിക്കാന്‍ പറ്റാത്ത വേദനകളിലൂടെയാണ് കളക്ടീവ് ആകെ കടന്നു പോയിരുന്നത്.”

 

”പക്ഷേ, തിരിച്ചറിവുകളുടെ അനുഭവസമ്പത്ത് ഞങ്ങള്‍ നേടിയെടുത്തു. അതുകൊണ്ടു തന്നെ ഒരുദിവസം ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ എത്ര ചെറുതായാലും വലുതായാലും മുന്നോട്ട് ചുവടുവയ്‌ക്കുക എന്നതാണ് പ്രധാനം എന്ന് തിരിച്ചറിഞ്ഞു” എന്നാണ് പാര്‍വതി പറയുന്നത്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by