കോട്ടയം: കോട്ടയത്ത് അക്ഷര മ്യൂസിയത്തില്‍ സ്ഥാപിച്ച പ്രതിമ കാരൂരിന്റേതെന്ന് ഉറപ്പിച്ച് ഒരു കൊച്ചു മകന്. ഇങ്ങനെയൊരു മുത്തച്ഛനെ താന്‍ കണ്ടിട്ടില്ലെന്ന് മറ്റൊരു കൊച്ചുമകന്. മന്ത്രി വി. എന്‍ വാസവന്റെ നേതൃത്വത്തില്‍ ആഘോഷമായി കോട്ടയം മറിയപ്പള്ളിയില്‍ സ്ഥാപിച്ച പ്രതിമയാണ് വിവാദത്തിലായത്. കൃഷ്ണശിലയില്‍ ശ്രീകുമാര്‍ ഉണ്ണികൃഷ്ണനാണ് ശില്പം നിര്‍മ്മിച്ചത്.
എഴുത്തുകാരനും സാഹിത്യപ്രവര്‍ത്തകസംഘം സ്ഥാപക നേതാവുമായ കാരൂര്‍ നീലകണ്ഠപിള്ളയുടെ പ്രതിമാ സ്ഥാപന ചടങ്ങില്‍ കൊച്ചു മകനും മുന്‍ ജില്ലാ പോലീസ് മേധാവിയുമായ എന്‍ രാമചന്ദ്രനും മന്ത്രിക്കൊപ്പം പങ്കെടുത്തിരുന്നു. രാമചന്ദ്രന് പരാതിയൊന്നും പറഞ്ഞില്ല. അക്ഷരം മ്യൂസിയത്തിന്റെ ഉദ്ഘാടനം 19ന് മുഖ്യമന്ത്രി നിര്‍വഹിക്കാന്‍ ഇരിക്കെയാണ് പ്രതിമ വിവാദമായത്.
മകള്‍ സരസ്വതിയമ്മയുടെ മകനും ചലച്ചിത്രകാരനുമായ വേണുവാണ് പ്രതിമയ്ക്ക് കാരുരുമായി സാദൃശ്യമില്ലെന്ന് ആരോപണം ഉന്നയിച്ചത്. പ്രതിമ സ്ഥാപിച്ച വിവരം പത്രങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും അമ്മയോട് പോലും അഭിപ്രായം ആരാഞ്ഞില്ലെന്നും വേണു കുറ്റപ്പെടുത്തി. ശില്പം കണ്ടപ്പോള്‍ തന്നെ ഇതിന് കാര്യമായ രൂപസാദൃശ്യം ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. പ്രതിമാസ്ഥാപന ഘോഷയാത്ര തറവാട്ട് വീടുവഴി കടന്നു പോകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് ഉണ്ടായില്ലെന്നും വേണു കുറ്റപ്പെടുത്തുന്നു.
പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും പകരം ആ പ്രതിമയ്ക്ക് അടിയില്‍ കാരൂരിന്റെ പേര് ഒഴിവാക്കാനുള്ള മര്യാദ സംഘാടകര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: