India

യുവാക്കളെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് കൊണ്ടുപോകാൻ കോൺഗ്രസ് ശ്രമിക്കുന്നു ; കോൺഗ്രസ് നേതാക്കളുടെ മയക്കുമരുന്ന്  ബന്ധത്തെ വിമർശിച്ച് അമിത് ഷാ

Published by

ന്യൂദൽഹി : കോൺഗ്രസ് നേതാക്കളുടെ മയക്കുമരുന്ന് ഇടപാടുകളെ നിശിതമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദൽഹിയിൽ അടുത്തിടെ പിടികൂടിയ 5,600 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരത്തിൽ കോൺഗ്രസ് നേതാവിന് പങ്കുണ്ടെന്ന് ആരോപിച്ച അദ്ദേഹം കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിച്ചു.

ഒരു വശത്ത് മോദി സർക്കാർ ലഹരി വിമുക്ത ഇന്ത്യക്കായി സീറോ ടോളറൻസ് നയമാണ് സ്വീകരിക്കുന്നത്. എന്നാൽ ഉത്തരേന്ത്യയിൽ നിന്ന് പിടിച്ചെടുത്ത 5,600 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരത്തിൽ ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ പങ്കാളിത്തം കണ്ടത് അങ്ങേയറ്റം അപകടകരവും ലജ്ജാകരവുമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

യുവാക്കളെ മയക്കുമരുന്നിന്റെ അന്ധകാര ലോകത്തേക്ക് കൊണ്ടുപോകാനാണ് കോൺഗ്രസ് പാർട്ടി ശ്രമിക്കുന്നതെന്നും തങ്ങളുടെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് യുവാക്കളെ മയക്കുമരുന്നിന്റെ ചെളിക്കുഴിയിലേക്ക് തള്ളിവിടാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത് മോദി സർക്കാർ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ ഭരണകാലത്ത് പഞ്ചാബിലും ഹരിയാനയിലും ഉത്തരേന്ത്യയിലും മയക്കുമരുന്ന് മൂലം യുവാക്കൾ നേരിടുന്ന ദുരവസ്ഥ എല്ലാവരും കണ്ടതാണ്. മോദി സർക്കാർ യുവാക്കളെ സ്‌പോർട്‌സ്, വിദ്യാഭ്യാസം, നൂതനാശയങ്ങൾ എന്നിവയിലേക്ക് കൊണ്ടുപോകുമ്പോൾ അവരെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് കൊണ്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും ഷാ തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

തങ്ങളുടെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് യുവാക്കളെ മയക്കുമരുന്നിന്റെ ചെളിക്കുഴിയിലേക്ക് തള്ളിവിട്ട കോൺഗ്രസ് നേതാക്കളുടെ ചെയ്തികൾ പൂർത്തീകരിക്കാൻ മോദി സർക്കാർ ഒരിക്കലും അനുവദിക്കില്ല. മയക്കുമരുന്ന് വ്യാപാരികളുടെ രാഷ്‌ട്രീയ നിലപാടോ നിലയോ നോക്കാതെ മയക്കുമരുന്ന് ശൃംഖലയെ മുഴുവൻ നശിപ്പിച്ച് ഇന്ത്യയെ മയക്കുമരുന്ന് രഹിത രാജ്യമാക്കാൻ തങ്ങളുടെ സർക്കാർ തീരുമാനിച്ചതായും ആഭ്യന്തര മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ദൽഹി പോലീസ് അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘത്തെ തകർത്ത് ദൽഹിയിൽ നിന്നും 5600 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രിയുടെ പരാമർശം.

കോൺഗ്രസ് പാർട്ടിയുടെ ഭാരവാഹിയായിരുന്ന തുഷാർ ഗോയൽ ഈ കേസിലെ മുഖ്യസൂത്രധാരനും മുഖ്യപ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. പ്രതികളായ തുഷാർ ഗോയൽ, ഹിമാൻഷു, ഔറംഗസേബ് എന്നിവരിൽ നിന്ന് 15 കിലോ കൊക്കെയ്ൻ കണ്ടെടുത്തതായും ബാക്കി കഞ്ചാവും കൊക്കെയ്‌നും ഗോഡൗണിൽ നിന്ന് കണ്ടെത്തിയതായും അഡീഷണൽ സിപി കുശ്‌വാഹ പറഞ്ഞു.

താൻ കുറച്ചുകാലം ദൽഹി കോൺഗ്രസിന്റെ വിവരാവകാശ സെല്ലിന്റെ തലവനായിരുന്നുവെന്ന് സ്പെഷ്യൽ സെല്ലിന്റെ ചോദ്യം ചെയ്യലിൽ തുഷാർ ഗോയൽ തന്നെ വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു. പിടികൂടിയവരിൽ നിന്നും കൊക്കെയ്‌നിന്റെ പ്രധാന വിതരണക്കാരനായ ദുബായിൽ നിന്നുള്ള ഒരു വൻകിട വ്യവസായിയുടെ പേര് ഉയർന്നുവന്നതായി ദൽഹി പോലീസ് അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by