തിരുവനന്തപുരം: സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷ ദര്‍ശന പുരസ്‌കാരം ഡോ.എം ലീലാവതിയ്‌ക്ക്. വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും നല്‍കി ആദരിക്കുന്നതാണ് പുരസ്‌ക്കാരം.
സൂര്യാ കൃഷ്ണമൂര്‍ത്തി, ഡോ. എം. വി പിള്ള, ജോര്‍ജ്ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്. അധ്യാപനം, സാഹിത്യനിരൂപണം, ജീവചരിത്ര രചന, വിവര്‍ത്തനങ്ങള്‍, കവിത എന്നീ മണ്ഡലങ്ങളില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിക്കുകയും മലയാള സാഹിത്യത്തെ സമ്പന്നമാക്കുകയും ആര്‍ഷ സംസ്‌ക്കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ കൈവിടാതെ ജീവിതം നയിക്കുകയും ചെയ്ത പ്രതിഭയാണ് ഡോ. എം. ലീലാവതിയെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.
അക്ഷരങ്ങള്‍ക്കുവേണ്ടി ഉണര്‍ന്നിരിക്കുന്ന പ്രജ്ഞയാണ് മലയാള നിരൂപണത്തിലെ ഉജ്ജ്വലശബ്ദമായ ലീലാവതി ടീച്ചറുടെ പ്രത്യേകത. ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പേനയുമായി മലയാള സാഹിത്യത്തോടുള്ള വാത്സല്യവുമായി ടീച്ചര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ വിലപ്പെട്ട ഈടുവെയ്‌പ്പാണ്. ടീച്ചറുടെ രചനകള്‍ മലയാള ഭാഷയെ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വഴിവെച്ചതായും പുരസ്‌കാര സമിതി വിലയിരുത്തി.
അക്കിത്തം, സി. രാധാകൃഷ്ണന്‍ , ശ്രീകുമാരന്‍ തമ്പി എന്നിവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌ക്കാരം നല്‍കിയത്. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ നടക്കുന്ന കെഎച്ച്എന്‍എ കേരള കണ്‍വന്‍ഷനില്‍ പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് ഡോ നിഷ പിള്ള അറിയിച്ചു.
നാരായണന്‍ നേതിലത്ത്, സുരേന്ദ്രന്‍ നായര്‍,രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ ഉപസമിതിയാണ് പുരസക്കാരവിതരണത്തിന് നേതൃത്വം നല്‍കുന്നത്. ഒരു കോടിയുടെ സേവനപദ്ധതികളുടെ വിതരണവും കേരള കണ്‍വന്‍ഷനില്‍ നടക്കും.
കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ രജതജൂബിലി വര്‍ഷമായ 2025ല്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന അന്താരാഷ്‌ട്ര കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായും ഡോ. നിഷ പിളള പറഞ്ഞു.
കെ എച്ച് എന്‍ എ മുന്‍ പ്രസിഡന്റ് വെങ്കിട് ശര്‍മ്മ, കേരള കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക