കുരുക്ഷേത്ര : കഴിഞ്ഞ പത്തുവർഷത്തെ കേന്ദ്രസർക്കാരിന്റെ മികവുറ്റ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും ഊന്നിപ്പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുരുക്ഷേത്രയിൽ ബിജെപിയുടെ പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുന്ന വേളയിലാണ് അദ്ദേഹം ഇരട്ട എഞ്ചിൻ സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് വാചാലനായത്.
ഇരട്ട എഞ്ചിൻ സർക്കാരിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ നേടിയ വികസനത്തിന് ഹരിയാന സാക്ഷ്യം വഹിച്ചുവെന്ന് യോഗി പറഞ്ഞു. ഹൈവേകളുടെ നിർമാണം, റെയിൽവേയുടെ പുരോഗതി, പുതിയ മേൽപ്പാലങ്ങൾ, വ്യാവസായിക മേഖലയുടെ വളർച്ച, യുവാക്കൾക്ക് തൊഴിൽ ലഭിച്ചതെല്ലാം കേന്ദ്രത്തിലെയും സംസ്ഥനത്തെയും സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഫലമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടാതെ മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന മഹിഷാസുരൻമാർക്ക് ജഗത് ജനനി മാ ഭഗവതി പോലെയാണ് ഇരട്ട എഞ്ചിൻ സർക്കാരെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് സംഘങ്ങളെ സർക്കാർ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെയും മുഖ്യമന്ത്രി യോഗി പരാമർശിച്ചു. മറ്റൊരു ഇരട്ട എഞ്ചിൻ സർക്കാരിന്റെ ശക്തിയുടെ തെളിവാണ് അയോധ്യയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ ഒരിക്കൽ യുദ്ധക്ഷേത്രമായിരുന്നെങ്കിലും ധർമ്മക്ഷേത്രമായി മാറിയ ലോകത്തിലെ ആദ്യത്തെ സ്ഥലമാണ് കുരുക്ഷേത്ര. മഹാഭാരതം ഇവിടെ നടന്നതുകൊണ്ടാണ് ഇത് കുരുക്ഷേത്രമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതേ സമയം ഹരിയാനയിൽ 90 അംഗ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ഒക്ടോബർ 5 ന് നടക്കും. 2019ലെ തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. വോട്ടെണ്ണൽ ഒക്ടോബർ എട്ടിന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: