കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസ്. അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിലാണു മനാഫിനെതിരെ ചേവായൂർ പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമമെന്ന വകുപ്പാണു ചുമത്തിയത്. കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് എഫ്ഐആറിൽ പറയുന്നു.
ഭാരതീയ ന്യായ് സംഹിതയിലെ 192, 120 (ഒ) കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ മനാഫും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും നാടകം കളിച്ചുവെന്ന് അർജുന്റെ കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയുണ്ടായ സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെയാണ് കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണക്കു പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപം നടക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.
മെഡിക്കൽ കോളേജ് എസിപിയുടെ കീഴിലുള്ള സംഘമാണ് പരാതി അന്വേഷിച്ചത്. സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്ന് പരിശോധിക്കുമെന്ന് എസിപി അറിയിച്ചിരുന്നു. ഇതിനിടെ സേവ് അർജുൻ ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ട്. കമ്മിറ്റി പ്രവർത്തനം അവസാനിപ്പിക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കുടുംബത്തിന്റെ വൈകാരികതയെ മാർക്കറ്റ് ചെയ്തു. യൂട്യൂബ് ചാനലുകളിൽ പ്രചരിപ്പിക്കുന്നത് അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാൻ സാധിക്കുന്നില്ലെന്നാണ്. ഇതുവരെ അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. അർജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാർ, സഹോദരന്മാർ തുടങ്ങിയ ആക്ഷേപങ്ങൾ നേരിടുന്നുണ്ട്. അർജുൻ മരിച്ചത് നന്നായെന്ന കമന്റുകൾ ഉൾപ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കി’, എന്നതടക്കമുള്ള ആരോപണങ്ങളാണ് ജിതിൻ ആരോപിച്ചത്.
ഇനി വിവാദത്തിനില്ലെന്നു മനാഫ് പറഞ്ഞിരുന്നു. ‘‘കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് ഞാൻ. മോശമായിപ്പോയെങ്കിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വം ചെളിവാരിയെറിഞ്ഞ് ഇല്ലാതാക്കരുതെന്നാണ് പറയാനുള്ളത്’’– മനാഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: