കൊച്ചി: കേരള യൂണിവേഴ്സിറ്റിയില്‍ നാല് വര്‍ഷ എഫ്വൈയുജിപി കോഴ്സുകള്‍ നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കമ്മിറ്റിയില്‍ രാഷ്ട്രീയക്കാരനായ സിന്‍ഡിക്കേറ്റ് പ്രതിനിധി ഷിജുഖാനെ നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം(ഉവാസ്).
സുതാര്യത ഉറപ്പു വരുത്തുന്നതിന് വൈസ് ചാന്‍സലര്‍ കണ്‍വീനര്‍ ആകേണ്ട കമ്മിറ്റിയിലാണ് ഷിജുഖാനെ നിയമിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുവാനുള്ള കളമൊരുക്കലാണ് ഈ നിയമനം. ഷിജുഖാനെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നും സര്‍വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ ഗവര്‍ണറുടെ ഇടപെടലുണ്ടാകണമെന്നും ഉവാസ് സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ. സുധീഷ് കുമാര്‍ ആവശ്യപ്പെട്ടു.
യുജിസി നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് അതുവഴി വയ്ക്കുമെന്ന വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ഡോ. മോഹനന് കുന്നുമ്മലിന്റെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെയുള്ള നീക്കം അപലപനീയമാണെന്ന് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
സിന്‍ഡിക്കേറ്റ് അംഗത്തെ അധ്യാപക നിയമനത്തിന്റെ അധികാരിയാക്കിയതിലൂടെ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള സര്‍ക്കാരിന്റെ നിസ്സഹകരണമാണ് മറനീക്കി പുറത്തു വരുന്നത്. കേരളാ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലെ പല പ്രധാന കമ്മിറ്റികളിലും സബ് കമ്മിറ്റികളിലും മറ്റു സംഘടനാ പ്രതിനിധികളായി ജയിച്ചുവന്നവരെ ഒഴിവാക്കി ഇടതുപക്ഷക്കാരെ മാത്രം കണ്‍വീനര്‍ സ്ഥാനത്ത് നിയമിക്കുകയാണ്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ എത്രയം പെട്ടെന്ന് ഇടപെടണമെന്ന് എറണാകുളത്ത് ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: