ന്യൂഡല്‍ഹി: ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്രം അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ അന്തരിച്ചെന്ന വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതില്‍ വ്യക്തതയുമായി മഹന്ത് നയന്‍ ദാസ്.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നുവെന്നും ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ഭക്തരോട് അഭ്യര്‍ത്ഥിച്ചു. മഹന്തിന്റെ മാധ്യമ വക്താവ് ശരദ്ശര്മ്മയും അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയതായി ദൈനിക് ജാഗരണ്‍ വെബ്സൈറ്റും റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ദിവസമായി അദ്ദേഹം അയോധ്യയിലെ മണിരാം ദാസ് ഛവാനിയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം ഒന്നിന് അമര്‍ ഉജാലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വാര്‍ത്തയില്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ് ആരോഗ്യവാനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ പുറത്ത് വിട്ട പ്രസ്താവനയിലും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുള്ള പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റുമാണ്.
‘അത്യധികം ദുഃഖകരമായ വാര്‍ത്ത ശ്രീരാമക്ഷേത്ര ട്രസ്റ്റ് മഹന്ത് നൃത്യ ഗോപാല്‍ദാസ്…. അന്ത്യ ശ്വാസം വലിച്ചിരിക്കുന്നു. ഓം ശാന്തി, ഓം ശാന്തി” എന്ന പോസ്റ്റാണ് പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയും പങ്കുവെച്ചിരുന്നു.
ഈ വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. വെന്റിലേറ്ററിലുള്ള ഒരാള്‍ക്ക് സമീപം തലകുനിച്ച് വണങ്ങി നില്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കാണാം. എന്നാല്‍ ചിത്രത്തിലുള്ളത് സ്വാമി സ്മരണാനന്ദജി മഹാരാജാണെന്നും വ്യക്തമായിട്ടുണ്ട്. 2024 മാര്‍ച്ചില്‍ അദ്ദേഹത്തെ കൊല്‍ക്കത്തയില്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച ചിത്രമാണ് പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: