കണ്ണൂര്‍: ”ഓമനത്തിങ്കള്‍ കിടാവോ…”എന്ന വരികള്‍ക്കൊപ്പം നടന വിസ്മയം തീര്‍ത്ത് കണ്ണൂരില്‍ ഇന്നലെ ആരംഭിച്ച സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന്റെ മോഹിനിയാട്ട വേദിയില്‍ എസ്.എല്‍. അജീഷിന് ഫസ്റ്റ് എ ഗ്രേഡ്. തിരുവനന്തപുരം അമര വിള കാരുണ്യ സ്പെഷല്‍ സ്കൂളിലെ പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥിയാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മോഹിനിയാട്ടത്തില്‍ ഫസ്റ്റ് എ ഗ്രേഡ് ലഭിക്കുന്നത്.
രണ്ടാം വര്‍ഷവും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ മാതാപിതാക്കള്‍ പരിപാടി കാണാനില്ലല്ലോയെന്ന സങ്കടം അജീഷ് പങ്കുവച്ചു. കൂലിപ്പണിക്കാരാണ് അജീഷിന്റെ അമ്മ ലാലിയും അച്ഛന് സുനില്‍കുമാറും. ജീവീതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ മകന്റെ കലാപ്രകടനം കാണാനെത്താന്‍ അവര്‍ക്കായില്ല. സ്കൂളിലെ അദ്ധ്യാപകരായ ആല്‍ബി ജിജിന്, അമൃത, മനോജ് എന്നിവരും ആയ ഗൗരിയുമാണ് അജീഷിന് കൂട്ടായി കണ്ണൂരിലെത്തിയത്. ആദ്യദിനമായ ഇന്നലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള മത്സരങ്ങളായിരുന്നു. ഇന്നും നാളെയും കാഴ്ച, കേള്‍വി പരിമിതരായ കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ നടക്കും. മോഹിനിയാട്ടത്തിന് പുറമേ സംഘഗാനത്തിലും അജീഷിന് എഗ്രേഡ് ലഭിച്ചു. നാടോടി നൃത്തം, ദേശഭക്തി ഗാനം എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്.
സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് വിദ്യാലയങ്ങളിലെ 1600 വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളിലെ മുഖ്യവേദിയില്‍ കെ.വി. സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലോത്സവം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: