വയനാട് : സര്‍ക്കാര്‍ ജോലി നല്‍കുമെന്ന മന്ത്രിസഭാ തീരുമാനം സന്തോഷകരമെന്ന് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതി. ഇത് കാണാന്‍ ജെന്‍സണ്‍ ഇല്ലാത്തതിന്റെ വേദനയുണ്ട്.
വാര്‍ത്തയിലൂടെയാണ് ജോലി നല്‍കുമെന്ന് വിവരം അറിഞ്ഞത്.വയനാട്ടില്‍ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ശ്രുതി പറഞ്ഞു.കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടതിന് പിന്നാലെ തണലായിരുന്ന പ്രതിശ്രുത വരന്‍ ജെന്‍സണ്‍ വാഹനാപകടത്തില്‍ മരിച്ചതും ശ്രുതിക്ക് ആഘാതമായിരുന്നു. ശ്രുതിക്കും ഗുരുതര പരിക്കേറ്റെങ്കിലും ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വന്നു.
വയനാട് ദുരന്തത്തില്‍ മുഴുവന്‍ കുടുംബത്തെയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നു മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആറ് കുട്ടികളുണ്ട്. ഇവര്‍ക്ക് ഒരു കുട്ടിക്ക് 10 ലക്ഷം രൂപ വീതം നല്‍കും.മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട എട്ട് കുട്ടികളാണുളളത്. ഇതില്‍ ഒരു കുട്ടിക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പുനരധിവാസത്തിന് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഏറ്റവും അനുയോജ്യമാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത് രണ്ട് സ്ഥലങ്ങളാണ്. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്‌റ്റേറ്റും കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റും. ഈ രണ്ടിടത്തും മാതൃക ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: