തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കലിൽ തുടരന്വേഷണം നടത്താന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം. മൂന്നു തലത്തിലുള്ള അന്വേഷണമാകും നടക്കുക. പൂരം അട്ടിമറിയില്‍ ഉദ്യോഗസ്ഥ ഇടപെടലുണ്ടായിട്ടുണ്ടോ, ഗൂഢാലോചനയുണ്ടായിട്ടോ എന്നിവയെല്ലാം ഇന്‍റലിജന്‍സ് മേധാവി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പൂരം കലക്കലില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടോ, ആരാണ് അട്ടിമറി നടത്തിയത്, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിക്ക് സഹായകരമായി അട്ടിമറിയുണ്ടായിട്ടുണ്ടോ എന്നിവ ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കും. ഇതിന് പുറമെ മൂന്നാമതായി രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തും. പൂരം കലക്കലില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം.
കുറ്റമറ്റ രീതിയിൽ പൂരം നടത്താനാണ് ശ്രമിച്ചത്. ഇത്തവണ ലോക് സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു പൂരം. പൂരത്തിന്റ അവസാന ഘട്ടത്തിൽ ചില വിഷയങ്ങൾ ഉണ്ടായെന്നും പൂരം അലങ്കോലപ്പെടുത്താൻ ചിലർ ശ്രമിച്ചെന്നും പിണറായി പറഞ്ഞു. ഇത് ഗൗരവത്തോടെ കണ്ട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എം.ആർ അജിത് കുമാറിനെ ചുമതലപ്പെടുത്തി. സെപ്തംബർ 23 നു റിപ്പോർട്ട് സർക്കാരിന് കിട്ടിയെന്നും കുറേകാര്യങ്ങൾ റിപ്പോർട്ടിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സമഗ്രമായ റിപ്പോർട്ടായി ഇതിനെ കാണാനാവില്ല.
കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങൾ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു നീക്കം. അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. അത് സർക്കാർ ഗൗരവമായി കാണുന്നുവെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: