ദമാസ്‌കസ്: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ളയുടെ മരുമകന്‍ ജാഫര്‍ അല്‍ ഖാസിര്‍ സിറിയയിലെ ദമാസ്‌കസില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ദമാസ്‌കസിലെ മാസെ ജില്ലയിലെ ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളിലേക്ക് നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ ഖാസിര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന എൻജിഒ അറിയിച്ചു.
ആക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായാണ് വിവരം. ഹിസ്ബുള്ള ഭീകരരുമായി അടുത്ത ബന്ധമുള്ള ചില വൃത്തങ്ങളും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള കൊല്ലപ്പെടുന്നത്. അതേസമയം ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. മുപ്പതിലേറെ സൈനികര്‍ക്ക് പരിക്കേറ്റു.
ദക്ഷിണ ലബനാന്‍ പട്ടണത്തില്‍ കടന്നുകയറാനുള്ള ഇസ്രായേല്‍ സൈനികരുടെ ശ്രമത്തിനെതിരെ ശക്തമായി ചെറുത്തുനില്‍ക്കുന്നതായി ഹിസ്ബുള്ള വ്യക്തമാക്കി. ശക്തമായ പ്രതിരോധം ബോധ്യപ്പെട്ടതോടെ കൂടുതല്‍ സൈനികരെ അടിയന്തരമായി മേഖലയില്‍ വിന്യസിക്കാനും ഇസ്രയേൽ തീരുമാനിച്ചു. ഇറാനിൽ നിന്ന് വ്യോമാക്രമണമുണ്ടായതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഹിസ്ബുള്ള ഭീകരർക്കെതിരെ ഇസ്രായേൽ വീണ്ടും ആക്രമണം ശക്തമാക്കിയത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ അടിയന്തരയോഗം ചേര്‍ന്നിരുന്നു. പിന്നാലെ ലെബനനിലെ ബയ്‌റൂത്തില്‍ ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തി.
ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ള, ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ, ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) കമാന്‍ഡര്‍ അബ്ബാസ് നില്‍ഫോര്‍ഷന്‍ എന്നിവരെ വധിച്ചതിനുള്ള കണക്കുചോദിക്കലാണ് ആക്രമണമെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു. ഇറാന്‍ ആക്രമണത്തിന് തുനിയുന്നുണ്ടെന്ന് ചൊവ്വാഴ്ച യു.എസ്. ഇസ്രയേലിന് മുന്നറിയിപ്പു നല്‍കിയിരുന്നു. അതേത്തുടര്‍ന്ന് ഒരുകോടിയോളം പേര്‍ ബങ്കറുകളില്‍ അഭയം തേടിയെന്നാണ് കണക്ക്.
കരയാക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഗ്രാമങ്ങളില്‍നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ നിര്‍ദേശിച്ചു. മേഖലയില്‍ യുദ്ധഭീതി കനത്തതോടെ ലബനാന്‍, ഇസ്രയേല്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാനും ലോകരാജ്യങ്ങള്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: