കാട്ടാക്കട:കാട്ടാക്കടയിൽ പ്രവര്‍ത്തിക്കുന്ന വീരണകാവ് വില്ലേജ് ഓഫീസിന് മഠത്തികോണത്ത് പുതിയ കെട്ടിടം ഇന്ന് (OCT 3)തറക്കല്ലിടൽ നടക്കും. പ്രസ്തുത പുരയിടം 100 വർഷമായി കരം തീരുവ ഉള്ളതും റബ്ബർ കൃഷി നടത്തി വരുന്നതും പൂർവികരിൽ നിന്നും കൈമാറ്റം ചെയ്ത് ഇപ്പോൾ ബിന്ദു മോഹൻദാസിന്റെ ഉടമസ്ഥയിലും അനുഭവത്തിലും ഉള്ളതാണ്. ഇതിൽ 5 സെൻ്റോളം വസ്തു സർക്കാർ ഭൂമിയാക്കിയാണ് വില്ലേജ് ഓഫീസ് നിർമ്മാണം നടത്താൻ പോകുന്നത് എന്ന് ഉടമ ബിന്ദു മോഹൻദാസും ഭർത്താവ് മോഹൻദാസും പറയുന്നു.
തങ്ങളുടെ അറിവില്ലാതെ പ്രസ്തുത പുരയിടത്തിൽ നടക്കുന്ന പ്രവർത്തികൾ പാടില്ല എന്ന് ഹൈകോടതിയിൽ നിന്നും ഇടക്കാല ഉത്തരവ് ഉടമ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇത് അവഗണിച്ചും മറച്ചു വച്ചും ആണ് സിപിഐയുടെ എൽസി സെക്രട്ടറി മധു സി വാര്യർ മുൻവൈരാഗ്യം തീർക്കുന്നതെന്നും മോഹൻദാസും ഭാര്യയും പറയുന്നു.
സിപിഐയുടെ പാർട്ടി ഒഫീസിനായി സ്ഥലം വിട്ടു നൽകാത്തതും ഭീമമായ പാർട്ടി ഫണ്ട് ചോദിച്ചതും നൽകാത്തത് കാരണമാണ് ‘കാണിച്ചു തരാം’ എന്ന മുൻ വെല്ലുവിളി പ്രകാരം ഇപ്പൊൾ തങ്ങളെ ദ്രോഹിക്കുന്ന തരത്തിൽ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകുന്നതെന്നും ഇവർ പറയുന്നു.
പത്തു വർഷത്തിൽ താഴെ പുതുമ മാറാത്ത വീരണകാവ് വില്ലേജ് ഓഫീസ് കാട്ടാക്കടയിൽ നിന്നും തിടുക്കപ്പെട്ട് മാറ്റി പട്ടക്കുളത്ത് വില്ലേജ് ഓഫീസിനായി മുൻപ് സ്ഥലം എടുത്ത് ഇട്ടിട്ട് അതും പയോഗിക്കാതെ ഇവിടേക്ക് കൊണ്ട് വരുന്നതിന്റെ ചേതോവികാരം തങ്ങളെ ബുദ്ധി മുട്ടിക്കാൻ മാത്രം എന്നും അറുപത് കഴിഞ്ഞ ദമ്പതികൾ പറയുന്നു.
അരനൂറ്റാണ്ടിലേറെയായി വീരണകാവ് വില്ലേജാഫീസ് മാറ്റുന്നതിൽ വ്യാപകമായ പ്രതിഷേധമുണ്ട്. കാട്ടാക്കട പൊതു ചന്തവളപ്പിലാണ് വീരണകാവ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ജീര്‍ണ്ണാവസ്ഥയിലായിരുന്ന വീരണകാവ് വില്ലേജാഫീസ് മന്ദിരം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പൊളിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പരുത്തിപ്പള്ളി തേമ്പാമൂട് മുതല്‍ കാട്ടാക്കട കോളേജ് ജംഗ്ഷന് വരെ നീണ്ട് കിടക്കുന്നതാണ് വീരണകാവ് വില്ലേജ്.
ജനങ്ങളുടെ സൗകര്യവും ഭരണസൗകര്യവും നിലവില്‍ വീരണകാവ് വില്ലേജാഫീസ് പ്രവര്‍ത്തിക്കുന്നിടത്താണ്. വില്ലേജാഫീസിനോട് ചേര്‍ന്നാണ് കാട്ടാക്കട മിനി സിവില്‍ സ്റ്റേഷന്. സിവില്‍ സ്റ്റേഷനിലാണ് താലൂക്കാഫീസ് , സബ് രജിസ്ട്രാർ ആഫീസ്, സിവില്‍ സ്പ്ലെ ഓഫീസ്, എംപ്ലോയ്മന്റ് എക്സേഞ്ച് തുടങ്ങിയ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.നിലവിലുള്ള വീരണകാവ് വില്ലേജാഫീസ് പ്രവര്‍ത്തിക്കുന്ന ഭൂമി പെരുംകുളം വില്ലേജിലാണെന്നാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കുന്നവരുടെ വിശദീകരണം. എന്നാല്‍ വീരണകാവ് വില്ലേജാഫീസ് നിലവില്‍ പ്രവര്‍ത്തിക്കുന്നിടത്ത് നിന്ന് മാറ്റനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പന്നിയോട്, തേവന്‍കോട്, തേമ്പാമൂട്, പരുത്തിപ്പള്ളി, പേഴുംമൂട്, പൂവച്ചല്‍, പുന്നാംകരിക്കകം, കാട്ടാക്കട, എസ്.എന്‍ നഗര്‍ പ്രദേശത്തുള്ള നാട്ടുകാരും റസിഡന്‍സ് അസോസിയേഷനുകളും ചേര്‍ന്ന് സമരം നടത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വീരണകാവ് വില്ലേജാഫീസ് മാറ്റി ഗതാഗത സൗകര്യം തീരെ കുറഞ്ഞ പ്രദേശത്തേയ്ക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കര്‍മ്മസമിതി രൂപവത്കരിച്ച് സമര പടിപാടികള്‍ക്ക് തുടക്കമിട്ടതായി നിലാവ് സാംസ്ക്കാരിക വേദി ചെയര്മാന് പൂവച്ചല്‍ സുധീര്‍ അറിയിച്ചു.
വീരണകാവ് വില്ലേജ് ഓഫീസിന് വേണ്ടി മഠത്തിക്കോണത്ത് നിര്‍മ്മിക്കാനൊരുങ്ങുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ മൂന്നിന് നടത്തിനുന്നതിവേണ്ടിയുള്ള മുന്നൊരുക്കങ്ങളും തുടങ്ങി. അരകോടിയോളം രൂപ ചിലവിട്ടാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. എന്നാല്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള ഭൂമി കോടതി വ്യവഹാരങ്ങളിലാണെന്നാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: