പട്ന ; ബിഹാറിലെ ഭഗൽപൂരിൽ ബോംബ് സ്‌ഫോടനം . ഹബീബ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഷാജംഗിക്കടുത്തുള്ള ഗ്രൗണ്ടിലാണ് സ്‌ഫോടനം ഉണ്ടായത് . പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് കുട്ടികൾക്ക് പരിക്കേറ്റു. മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവർ ഭഗൽപൂരിലെ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ സ്ഫോടനം വളരെ ശക്തമായിരുന്നുവെന്നും പ്രതിധ്വനി ഏകദേശം 1 കിലോമീറ്റർ ദൂരത്തേക്ക് കേട്ടുവെന്നും പ്രദേശവാസികൾ പറഞ്ഞു. സ്‌ഫോടനത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് വൻ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
കളിക്കുന്നതിനിടെ കുട്ടികൾ ബോംബ് കൈയിൽ എടുത്തുവെന്നും , അത് പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എഫ്എസ്എൽ സംഘം സ്ഥലത്തെത്തി ബോംബിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചു.എന്നാൽ ബോംബ് എവിടെ നിന്നാണ് വന്നതെന്നതിനെ കുറിച്ച് തങ്ങൾക്ക് വിവരമില്ലെന്ന് സംഭവത്തിൽ പരിക്കേറ്റ കുട്ടികളുടെ കുടുംബങ്ങൾ പറഞ്ഞു. പരിക്കേറ്റ കുട്ടികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഡോഗ് സ്ക്വാഡ് സംഘത്തെയും സ്ഥലത്ത് വിളിച്ചിട്ടുണ്ട്.
ഇതിന് മുമ്പും ഭഗൽപൂരിൽ ചെറുതും വലുതുമായ നിരവധി ബോംബ് സ്‌ഫോടനങ്ങൾ നടന്നിട്ടുണ്ട് . അതിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുട്ടുണ്ട്. നേരത്തെ, 2022 മാർച്ച് 4 ന്, ഭഗൽപൂരിലെ കജ്‌വാലി ചാക്കിൽ ബോംബ് നിർമ്മിക്കുന്നതിനിടെ സ്‌ഫോടനം ഉണ്ടായി, അതിൽ 15 പേർ കൊല്ലപ്പെടുകയും 3 വീടുകൾ തകരുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക