ന്യൂദൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
അഗ്‌നിവീർ സൈനികർക്ക് അവരുടെ സേവനത്തിന് പ്രതിഫലമൊന്നും ലഭിക്കില്ലെന്ന് കോൺഗ്രസ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ ഒറ്റത്തവണ സേവാനിധി പാക്കേജിന് കീഴിൽ 12 ലക്ഷം രൂപയും 44 ലക്ഷം രൂപ എക്‌സ്‌ഗ്രേഷ്യ തുകയും അഗ്നിവീരൻമാർക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ സേവന കാലയളവ് പൂർത്തിയാക്കിയ അഗ്നിവീരന്മാർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.
ഉദാഹരണമായി യുപി, ഹരിയാന, രാജസ്ഥാൻ, ഒഡീഷ, ഗോവ തുടങ്ങിയ പല സംസ്ഥാനങ്ങളിലും സർക്കാർ ജോലികൾക്കായി അഗ്നിവീരന്മാർക്ക് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. അഗ്‌നിവീരൻമാർ സേവനത്തിനിടെ കൊല്ലപ്പെട്ടാൽ കുടുംബത്തിന് ഒന്നരക്കോടി രൂപ നൽകുമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. ഹിറ്റ്‌ലറുടെ കാലത്തെ ഗീബൽസ് പോലും കോൺഗ്രസിന്റെ നുണകൾ കേട്ടാൽ ചിരിക്കുമായിരുന്നെന്ന് അദ്ദേഹം കോൺഗ്രസിനെ പരിഹസിച്ചു.
അതേ സമയം ഹരിയാനയിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ കഴിവിൽ സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിൽ യാതൊരു സംശയവുമില്ലെന്നും ബിജെപി മുമ്പത്തേതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: