ന്യൂദൽഹി : ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മോദിയുമായി ഹസ്തദാനം ചെയ്യുന്നതിന്റെയും സന്ദർശന വേളയിൽ സന്നിഹിതരായിരുന്ന മറ്റ് പ്രധാന വിശിഷ്ടാതിഥികളുമായും കൂടിക്കാഴ്ച നടത്തുന്ന വീഡിയോകളും ചിത്രങ്ങളും തന്റെ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പോസ്റ്റ് ചെയ്തു.
“ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിൽ അഭിമാനമുണ്ട്. ജമൈക്ക ടു ഇന്ത്യ വൺ ലവ്”- ഗെയിൽ എക്സിൽ കുറിച്ചു.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിച്ചിട്ടുള്ള ഗെയ്ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വിദേശ കായിക താരങ്ങളിൽ ഒരാളാണ്. വെസ്റ്റ് ഇൻഡീസിന്റെ മികച്ച താരമായ ഗെയ്ൽ 1999-2021 കാലഘട്ടത്തിൽ 483 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നും 37.97 ശരാശരിയിൽ 19,593 റൺസ് നേടിയിട്ടുണ്ട്.
തന്റെ കരിയറിന്റെ രണ്ടാം പകുതിയിൽ ഗെയ്ൽ ഇന്ത്യയിലെ ട്വൻ്റി20 ക്രിക്കറ്റിലെ പ്രശസ്തനായ കളിക്കാരനായി മാറി. 463 മത്സരങ്ങളിൽ നിന്ന് 36.22 ശരാശരിയിൽ 14,562 റൺസുമായി ഏറ്റവും മികച്ച റൺ സമ്പാദകനായി അദ്ദേഹം മാറി. 22 സെഞ്ച്വറികളും 88 അർധസെഞ്ചുറികളും ട്വൻ്റി20യിലെ 175 എന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും അദ്ദേഹത്തിനുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരു , കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് , പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകളിൽ അദ്ദേഹം അംഗമായിരുന്നു.
അതേ സമയം ജമൈക്കൻ പ്രധാനമന്ത്രി സെപ്തംബർ 30 മുതൽ ഒക്ടോബർ 3 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. അദ്ദേഹത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ ഉഭയകക്ഷി സന്ദർശനവും കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: