Kerala

ഉയര്‍ന്ന തൊഴിലില്ലായ്മക്ക് കാരണം ഇടത്- വലത് മുന്നണികളുടെ കഴിവുകേട്: ജാവദേക്കര്‍

Published by

കൊച്ചി: സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 30 ശതമാനം കടന്നത് ഏഴുപതിറ്റാണ്ടായുള്ള ഇടത് വലതു മുന്നണികളുടെ ഭരണ പരാജയത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍.

സംസ്ഥാനത്ത് വ്യാവസായ സൗഹൃദ അന്തരീക്ഷമുണ്ടെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കിടയിലും, വികസന വിരുദ്ധ നയങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍, അഴിമതി, യൂണിയന്‍ സമ്മര്‍ദ്ദങ്ങള്‍ എന്നിവ വെല്ലുവിളിയാണ്. ഇവ മൂലം വ്യവസായങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

രാഷ്‌ട്രീയവല്‍ക്കരണവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയിലാണ്. കാമ്പസുകളിലെ സിപിഎം അക്രമം വിദ്യാഭ്യാസത്തെ നശിപ്പിക്കുകയാണ്. നിരാശരായി യുവാക്കള്‍ വിദ്യാഭ്യാസത്തിനും ജോലിക്കുമായി മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകാന്‍ നിര്‍ബന്ധിതരാകുന്നു. അതേസമയം മോദി സര്‍ക്കാരിന്റെ വികസന രാഷ്‌ട്രീയത്തില്‍ യുവാക്കള്‍ വിശ്വസിക്കുക്കുകയും ചെയ്യുന്നു, ജാവദേക്കര്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവും കാസര്‍കോട്-തിരുവനന്തപുരം ആറുവരി പാതയുടെ വേഗത്തിലുള്ള നിര്‍മാണം, മാഹി, ആലപ്പുഴ ബൈപാസുകള്‍, മേല്‍പ്പാലങ്ങള്‍, കൊച്ചി മെട്രോ, കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ പുതിയ വഴികള്‍, വന്ദേ ഭാരത് തുടങ്ങിയ വികസന പദ്ധതികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആക്കം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ.് ഹരിദാസ്. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറി വി.കെ. ഭസിത്കുമാര്‍ എന്നിവരും പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by