ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ ഇസ്ലാമിക ഭീകരരുടെ നട്ടെല്ല് തകര്‍ത്ത് ഇസ്രയേല്‍ മുന്നേറുന്നു. ഒരേ സമയം പാലസ്തീനിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി ഭീകരരെയാണ് ഇസ്രയേല്‍ നേരിടുന്നത്. ഇറാന് പിന്തുണയുള്ള ഭീകരരുടെ ശക്തിദുര്‍ഗങ്ങള്‍ ഇസ്രയേല്‍ തകര്‍ക്കുകയാണ്. ഇറാന്റെ പരമോന്നത മത നേതാവ് ആയത്തുള്ള അലി ഖൊമേനി പോലും രഹസ്യ കേന്ദ്രത്തിലാണ്.
ഇസ്രയേലിന്റെ വ്യോമാക്രമണങ്ങള്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ ലെബനനിലെ ഹിസ്ബുള്ള ഭീകരര്‍ തകര്‍ന്നടിഞ്ഞു. തലവന്‍ ഹസന് നസ്റുള്ളയെ വധിച്ചെങ്കിലും യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. നസ്റുള്ളയുടെ വധം പ്രധാന നാഴികക്കല്ലായിരുന്നു. എന്നാല്‍ അവസാന നടപടിയല്ല, ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
ഇസ്രയേല്‍ കരയുദ്ധം ഏതു നിമിഷവും ആരംഭിക്കുമെന്നാണ് ഗാലന്റ് നല്കുന്ന സൂചന. ആക്രമണത്തിനൊരുങ്ങി ഇസ്രയേല്‍ കവചിത വാഹനങ്ങള്‍ ലെബനന് അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ ഇസ്രയേല്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ ഓഫീസിരിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നു. കോലയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടതായി പാലസ്തീന് ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന് (പിഎഫ്എല്‍പി) പറഞ്ഞു. തെക്കന്‍ ലെബനനിലെ വ്യോമാക്രമണത്തില്‍ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വവും വ്യക്തമാക്കി. ഫത്ത ഷെരിഫ് അല്‍ അമിന്‍ ആണ് കൊല്ലപ്പെട്ടത്. പാലസ്തീന് അഭയാര്‍ഥി ക്യാമ്പില്‍ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു ഇയാള്‍.
ഇതിനിടെ യെമനിലെ ഹൂതി ഭീകരരുടെ ആക്രമണത്തിന് ഞായറാഴ്ച വൈകിട്ട് ഇസ്രയേല്‍ ശക്തമായി തിരിച്ചടിച്ചു. ഹിസ്ബുള്ള തലവന്‍ ഹസന് നസ്റുള്ള കൊല്ലപ്പെട്ട ശേഷം രണ്ട് ദിവസമായി ഇസ്രയേലിന് നേരേ ഹൂതി ഭീകരര്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഹമാസുമായി ഇസ്രയേല്‍ പോരാട്ടം ആരംഭിച്ച ശേഷം ചെങ്കടലില്‍ ഇസ്രയേല്‍ കപ്പലുകള്‍ക്കെതിരേ കനത്ത ആക്രമണമാണ് ഹൂതികള്‍ നടത്തിയത്. ഇതിനുള്ള തിരിച്ചടിയാണ് ഇസ്രയേല്‍ നടത്തുന്നത്. പവര്‍ പ്ലാന്റുകള്‍, യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവയുള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളില്‍ ഡസന്‍ കണക്കിന് ആക്രമണങ്ങളാണ് നടത്തിയത്. അതിശക്തമായ വ്യോമാക്രമണത്തില്‍ യെമനില്‍ വന്‍ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
യെമനിലെ വ്യോമാക്രമണത്തിന് ശേഷം ഇസ്രയേലിന് എത്താന്‍ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കള്‍ മനസിലാക്കണമെന്നാണ് യോവ് ഗാലന്റ് പറഞ്ഞത്. ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇന്നലെ ലെബനനില്‍ 24 പേര് കൂടി കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: