കാഠ്മണ്ഡു ; കനത്ത മഴയിൽ നേപ്പാളിൽ ദുരിതം പെയ്തിറങ്ങുന്നു.മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 192 ആയി ഉയർന്നു . വെള്ളിയാഴ്ച മുതൽ കിഴക്കൻ, മധ്യ നേപ്പാളിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാണ്, രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.
നേപ്പാളിൽ വ്യാഴാഴ്ച മുതൽ തുടർച്ചയായി മഴ പെയ്യുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 64 പേരെ കാണാതായതായും 61 പേർക്ക് പരിക്കേറ്റതായും സായുധ പോലീസ് സേന വൃത്തങ്ങൾ അറിയിച്ചു. കാഠ്മണ്ഡു താഴ്‌വരയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ കാണുന്നത്. കഴിഞ്ഞ 45 വർഷത്തിനിടയിൽ ഇത്രയും വിനാശകരമായ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച കാഠ്മണ്ഡുവിനടുത്തുള്ള ധാഡിംഗ് ജില്ലയിൽ ബസ് മണ്ണിടിച്ചിലിൽ അകപ്പെട്ട് വൻ അപകടം ഉണ്ടായി. ഈ സംഭവത്തിൽ 19 പേർ മരിച്ചു. ഭക്തപൂർ നഗരത്തിൽ മണ്ണിടിച്ചിലിൽ വീട് തകർന്ന് അഞ്ച് പേരാണ് മരിച്ചത് . രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് കാഠ്മണ്ഡു താഴ്‌വരയിലാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 322 വീടുകളും 16 പാലങ്ങളും തകർന്നിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ 3,626 പേരെ രക്ഷിച്ചു. മക്വാൻപൂരിലെ ഓൾ ഇന്ത്യ നേപ്പാൾ അസോസിയേഷൻ നടത്തുന്ന പരിശീലന കേന്ദ്രത്തിലുണ്ടായ മണ്ണിടിച്ചിലിൽ ആറ് ഫുട്ബോൾ താരങ്ങൾ മരണപ്പെട്ടു.
കാഠ്മണ്ഡുവിലെ പ്രധാന നദിയായ ബാഗ്മതി, കിഴക്കും മധ്യ നേപ്പാളിലും അപകടരേഖയ്‌ക്ക് മുകളിൽ ഒഴുകുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും മൺസൂൺ അവസ്ഥയും അസാധാരണമാംവിധം ശക്തമായ മഴയ്‌ക്ക് കാരണമായതായി ICMOD റിപ്പോർട്ട് പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഏഷ്യയിലുടനീളം മഴയുടെ അളവും സമയവും മാറിക്കൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം നേപ്പാളിന്റെ പല ഭാഗങ്ങളിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. പല ഹൈവേകളും റോഡുകളും അടച്ചു. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: