ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി അതിഷിയും മറ്റ് എഎപി നേതാക്കളും നഗരത്തിലെ റോഡുകളുടെ അവസ്ഥ പരിശോധിക്കുന്നത് ഒരു നാടകം കളിയുടെ ഭാഗമാണെന്ന് പരിഹസിച്ച് ബിജെപി. ദൽഹിയിലെ മുതിർന്ന ബിജെപി നേതാവ് ഹരീഷ് ഖുറാനയാണ് മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കുമെതിരെ പരിഹാസേന വിമർശനം ചൊരിഞ്ഞത്.
മുഖ്യമന്ത്രി അതിഷി , ദൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി ഗോപാൽ റായ് എന്നിവരുൾപ്പെടെയുള്ള മറ്റ് എംഎൽഎമാരും ആം ആദ്മി പാർട്ടി അംഗങ്ങളും ചേർന്ന് തിങ്കളാഴ്ച ദേശീയ തലസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിശോധിച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് അദ്ദേഹത്തിന്റെ രൂക്ഷ പ്രതികരണം.
എഎപി നേതാക്കൾ അത് അരവിന്ദ് കെജ്‌രിവാളായാലും അതിഷിയായാലും ഒന്നുകിൽ ദൽഹിക്കാർ വിഡ്ഢികളാണെന്ന് കരുതുന്നു. ഈ പ്രഹസനത്തിലൂടെ അഴിമതി ആരോപണങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ഇമേജ് മേക്ക് ഓവർ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ അതിഷിയോട് റോഡുകൾ കുഴികളില്ലാത്തതാക്കാനും റോഡുകൾ നന്നാക്കാനും താൻ ഉത്തരവിട്ടിരുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ പറയുന്നു. എന്നാൽ താൻ ജയിലിൽ കിടന്നപ്പോൾ ദൽഹിയിലെ എല്ലാ ജോലികളും നിലച്ചിരുന്നുവെന്ന് പറയാൻ അദ്ദേഹം ഇപ്പോൾ മറക്കുന്നുവെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
എന്നാൽ ഇന്ന് ദൽഹിയിലെ ജനങ്ങൾക്ക് എല്ലാം മനസ്സിലായി. ദൽഹി പൂർണമായും തകർന്നു. നഗരത്തിലെ വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ ഒൻപതര വർഷമായി മുടങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
കൂടാതെ തീർച്ചയായും അടുത്ത സർക്കാർ രൂപീകരിക്കുന്നത് ബിജെപിയായിരിക്കുമെന്ന് ദൽഹിയിലെ ജനങ്ങൾ ഉറപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: