ഡോ വി സുജാത
ഭാരതീയ സങ്കല്‍പ്പത്തില്‍ ഉത്തമപുരുഷാര്ത്ഥങ്ങള് നേടാനുള്ള ചര്യകളില്‍ സ്ത്രീയും പുരുഷനും ഒരുപോലെ പങ്കാളികളാണ്. പ്രാചീന ഭാരതത്തില്‍ സ്ത്രീപുരുഷന്മാര്ക്ക് ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ എന്നപോലെ തുല്യ പരിഗണന നല്‍കിയിരുന്നു. ആത്മീയ സാധനകളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളുടെ അംഗസംഖ്യ കുറവായിരുന്നുവെന്നത് വാസ്തവമാണ്. പക്ഷേ വൈദികകാലം മുതല്‍ സ്ത്രീകള്‍ക്ക് ഈ രംഗത്ത് കടന്നുചെല്ലാന്‍ യാതൊരു വിലക്കും ഇല്ലായിരുന്നു. ഈ സംസ്കാരം തുടര്‍ന്നതുകൊണ്ടാണ് ആധുനിക കാലത്ത് സ്വതന്ത്രഭാരതത്തിലെ ആദ്യ ജനാധിപത്യ ഭരണത്തിനായുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീക്ക് വോട്ടവകാശം ഒരു പ്രശ്നമാകാതിരുന്നത്. അമേരിക്ക, ബ്രിട്ടന് മുതലായ പരിഷ്കൃത രാജ്യങ്ങളില്‍പ്പോലും സ്ത്രീകള്‍ക്ക് തുടക്കത്തില്‍ വോട്ടവകാശം ഇല്ലായിരുന്നു എന്നോര്‍ക്കുക.
ഭാരതത്തില്‍ ആത്മീയ സംസ്കാരമാണ് സര്‍വ്വശ്രേഷ്ഠമായി കരുതപ്പെട്ടിരുന്നത്. ഭാരതീയര്‍ ആത്മീയതയ്ക്കുള്ള സ്ഥാനം മറ്റൊരു ജീവിത വ്യാപാരത്തിനും കല്‍പ്പിച്ചിരുന്നുമില്ല. അതിനാലാണ് പുരാതന ഭാരതത്തില്‍ രാജാക്കന്മാര് ഭരണകാര്യങ്ങളില്‍ തപസ്വികളുടെ ഉപദേശം തേടിയിരുന്നത്. ജനകന്, രാമന് മുതലായ രാജര്‍ഷികള്‍ ഭരിച്ചിരുന്ന നാടാണല്ലോ ഭാരതം. ഇപ്രകാരം ആത്മീയ സംസ്കാരത്തെ ജീവിത വ്യാപാരത്തിന്റെ പരകോടിയില്‍ പ്രതിഷ്ഠിച്ചിരുന്ന ഭാരതത്തില്‍ സ്ത്രീകള്‍ക്ക് ആദ്ധ്യാത്മികാനുഷ്ഠാനങ്ങളില് ഒരു വിലക്കുമില്ലായിരുന്നു.
വൈദികകാലം മുതല്‍ യജ്ഞങ്ങളില്‍ യജമാനപത്നിയെയും പങ്കെടുപ്പിച്ചിരുന്നു. യാഗങ്ങളുടെ സമ്പൂര്‍ണ്ണ ഫലപ്രാപ്തിക്കായി യജമാനനോടൊപ്പം പത്നിയും വേണമെന്നത് നിര്‍ബന്ധമായിരുന്നു. രാമായണത്തിലെ ഒരു സന്ദര്‍ഭം ഇതിനുദാഹരണമാണ്. സീതയെ ഉപേക്ഷിച്ചതിനുശേഷം നടത്തപ്പെട്ട അശ്വമേധയാഗത്തില്‍ യജമാനപത്നിയുടെ അഭാവം യാഗത്തെ ശുഭകരമാക്കുന്നതല്ലെന്ന പണ്ഡിതോപദേശം രാമന് സ്വീകരിക്കേണ്ടി വന്നു. അതിനാല്‍ രാമന് സീതയെ പ്രതിനിധീകരിക്കുന്നതിനായി ഒരു സ്വര്‍ണ ശില്‍പ്പം തീര്‍ത്ത് യജമാനപത്നിയുടെ സ്ഥാനത്ത് സ്ഥാപിച്ചുവത്രേ.
ബൃഹദാരണ്യകോപനിഷത്തില്‍ രണ്ടാമദ്ധ്യായത്തില്‍ ആത്മവിദ്യയ്ക്കായി (മധുവിദ്യ) സ്വത്തുക്കള്‍ വേണ്ടെന്നുവയ്ക്കുന്ന മൈത്രേയിയെക്കുറിച്ച് പരാമര്‍ശമുണ്ട്. യാജ്ഞവല്ക്യന് സംന്യാസം സ്വീകരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ സ്വത്തു മുഴുവന്‍ തന്റെ ഭാര്യമാരായ മൈത്രേയിക്കും കാത്യായനിക്കും ഭാഗിച്ചുകൊടുക്കാന്‍ തീരുമാനിക്കുന്നു. പക്ഷേ മൈത്രേയി അത് നിരസിക്കുന്നു. പകരം ആത്മജ്ഞാനം ആവശ്യപ്പെടുന്നു.
യാജ്ഞവല്ക്യന് മൈത്രേയിക്ക് നല്കുന്ന ഉപദേശത്തിലാണ് ”ആത്മനസ്തു കാമായ സര്വ്വംപ്രിയ ഭവതി” എന്ന മഹദ് വചനം കാണപ്പെടുന്നത്. ലോകത്തിലുള്ള എല്ലാ പ്രിയങ്ങളും ആത്മാവിനുള്ളതാകുന്നു. കാരണം സര്‍വ്വചരാചരങ്ങളുടെയും ലോകങ്ങളുടെയും സാരം ആത്മാവാകുന്നു. അരങ്ങള്‍ രഥനാഭിയിലെന്നപോലെ പ്രപഞ്ച പ്രതിഭാസങ്ങളും പഞ്ചഭൂതങ്ങളും സര്‍വ്വവിഷയങ്ങളും പരമാത്മാവിനോട് ചേര്‍ക്കപ്പെട്ടിരിക്കുന്നു. ആത്മാവ് പരമാത്മാവിന്റെ സ്വരൂപം
തന്നെയാകയാല്‍ ഇവയെ ആത്മാവില്‍ നിന്ന്അന്യമായി കാണുന്നവര്‍ക്ക് ഭേദബുദ്ധിയുണ്ടാകുന്നു. അത് ഉത്തമപുരുഷാര്ത്ഥ സിദ്ധിക്ക് പ്രതിബന്ധം സൃഷ്ടിക്കും. മൈത്രേയിയുടെ സംശയനിവാരണത്തിനായി യാജ്ഞവല്ക്യന് ആത്മവിദ്യയെ ഇപ്രകാരം വിസ്തരിക്കുന്നു: ആത്മാവിനെ സാക്ഷാത്കരിക്കപ്പെട്ടാല്പ്പിന്നെ എല്ലാം അറിഞ്ഞതായിത്തീരുന്നു. കാരണം എല്ലാറ്റിന്റെയും സാരം ആത്മാവാകുന്നു. ഇവിടെ ആത്മജ്ഞാനത്തിന് അഥവാ മധുവിദ്യയ്ക്ക് ബ്രഹ്മലോകത്തെക്കാളും പ്രാധാന്യം കല്പ്പിക്കുന്നു. പ്രളയകാലത്ത് ബ്രഹ്മലോകവും ബ്രഹ്മത്തില്‍ ലയിക്കുന്നു. നിത്യമായിട്ടുള്ളത് ആത്മാ അഥവാ ബ്രഹ്മം മാത്രമാകുന്നു. അതിനാല്‍ മൈത്രേയി, ആത്മവിദ്യയെക്കാള്‍ വലുതായി മറ്റൊന്നുള്ളതായി ധരിക്കേണ്ടതില്ല.
ഗാര്‍ഗിയും യാജ്ഞവല്ക്യനും തമ്മില്‍
ബൃഹദാരണ്യകോപനിഷത്തിലെ മൂന്നാം അദ്ധ്യായം മുതല്‍ യാജ്ഞവല്ക്യ കാണ്ഡമാരംഭിക്കുന്നു. അതില്‍ ജനകന് ഒരു യാഗം നടത്തുന്നതാണ് സന്ദര്‍ഭം. ഒരു ദിവസം കുളമ്പിലും കൊമ്പിലും സ്വര്‍ണ്ണം വച്ചുകെട്ടിയ ആയിരം പശുക്കളെ കൊണ്ടുനിര്‍ത്തിയിട്ട് അവിടെയുണ്ടായിരുന്ന ബ്രഹ്മജ്ഞരോട് ഇപ്രകാരം പറഞ്ഞു: ”നിങ്ങളില്‍ ഏറ്റവും വലിയ ബ്രഹ്മജ്ഞന് ഈ പശുക്കളെ കൊണ്ടുപോകാം.” എന്നാല്‍ ആരും മുന്നോട്ടു വന്നില്ല. യാജ്ഞവല്ക്യന് അതിന് തയ്യാറായി. അപ്പോള്‍ മറ്റ് ബ്രഹ്മജ്ഞര്‍ യാജ്ഞവല്ക്യന്റെ ബ്രഹ്മഷ്ഠിത്വത്തെ ചോദ്യം ചെയ്യുന്നു. രാജര്‍ഷിയായ ജനകന് തന്റെ കൊട്ടാരത്തില്‍ ഋഷികളുടെ സഭ വിളിച്ചുകൂട്ടി ജ്ഞാനസംബന്ധമായ ചര്‍ച്ചകള്‍ നടത്തുന്നത് പതിവായിരുന്നുവല്ലോ. യാഗത്തോടനുബന്ധിച്ചുള്ള ഈ ചര്‍ച്ചയും അതിലൊന്നായിരുന്നു. ഇതില്‍ ഏറ്റവും ശ്രേഷ്ഠനായ ആചാര്യന് ഉപഹാരമായി നല്‍കാനാണ് പശുക്കളെ കൊണ്ടുനിര്‍ത്തിയത്. സ്വയം ബ്രഹ്മജ്ഞനെന്ന ഭാവംകൊണ്ടുമാത്രം ആ ഉപഹാരം സ്വന്തമാക്കാന്‍ സാധിക്കില്ലായിരുന്നു. മറ്റ് ബ്രഹ്മജ്ഞാനികള്‍ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടി നല്കേണ്ടിയിരുന്നു. അതിനാ
ല്‍ ഈ കാണ്ഡം മുഴുവന്‍ യാജ്ഞവല്ക്യനും മറ്റ് ബ്രഹ്മജ്ഞരും തമ്മിലുള്ള ആദ്ധ്യാത്മിക ചര്‍ച്ചയാണ് വിഷയം. അവിടെയുണ്ടായിരുന്ന ബ്രഹ്മിഷ്ഠരില് പ്രധാനികളായിരുന്ന അശ്വലന്‍, ശാകല്യന് എന്നിവരോടൊപ്പം ഗാര്‍ഗി എന്ന ബ്രഹ്മിഷ്ഠയും ഉള്‍പ്പെട്ടിരുന്നുവെന്നതും ശ്രദ്ധേയമാണ്.
മറ്റ് ഋഷികളുടെ ചോദ്യത്തെക്കാള്‍ ക്ലിഷ്ടമായതും, പാണ്ഡിത്യസംവര്ദ്ധകവുമായ ചര്‍ച്ചയിലേക്ക് നയിക്കുന്നതുമായിരുന്നു വചക്നുവിന്റെ പുത്രിയായ ഗാര്‍ഗിയുടേത്. ഗാര്‍ഗിയുടെ ചോദ്യമിതാണ്: ”ഈ കാണുന്നതിന്റെയെല്ലാം ഊടും പാവും ആയിരിക്കുന്നത് അപ്പുകള്‍ (ജലതത്ത്വം) ആണല്ലോ. അപ്പോള്‍ അതിന്റെ അടിസ്ഥാനമെന്താണ്?” ഇതിനുള്ള യാജ്ഞവല്ക്യന്റെ മറുപടി ‘വായു’ എന്നായിരുന്നു. ഇവിടെ, പഞ്ചഭൂതങ്ങളില്‍ ജലത്തിന്റെ അടിസ്ഥാനം ‘അഗ്നി’ എന്നു പറയുന്നതിനു പകരം ‘വായു’ എന്നാണല്ലോ യാജ്ഞവല്ക്യന്റെ മറുപടി. അതിനു കാരണം രൂപങ്ങളെ നിലനിര്‍ത്തുന്നത് ജലമാണെങ്കിലും അവയെ സൃഷ്ടിച്ചത് അഗ്നിയായതിനാലാണ്. അതിനാല്‍ അഗ്നിയാല്‍ സൃഷ്ടിക്കപ്പെട്ട് ജലത്താല്‍ വ്യാപിച്ചിരിക്കുന്ന രൂപങ്ങള്‍ക്ക് മുകളില്‍ വായു തത്ത്വമാകുന്നു. വായുവിന്റെ വ്യാപനം അന്തരീക്ഷത്തിലാണെന്നും, അതിന് മുകളിലുള്ള ഗന്ധര്‍വ്വലോകം തുടങ്ങി ഹിരണ്യഗര്‍ഭലോകം വരെയുള്ളവയും യാജ്ഞവല്ക്യന് ഗാര്‍ഗിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പരാമര്‍ശിക്കുന്നു. ഹിരണ്യഗര്‍ഭ ലോകത്തിന്റെ അടിസ്ഥാനത്തെപ്പറ്റി ഗാര്‍ഗി ചോദിച്ചപ്പോള്‍ യാജ്ഞവല്ക്യന് പറയുന്നു: ”നീ അതിരു കടക്കുന്നു. കാരണം യുക്തിക്കോ അനുമാനത്തിനോ വിഷയമല്ലാത്ത ഒന്നിനെക്കുറിച്ചാണ് ചോദിക്കുന്നത്.” വാക്കുകള്‍ക്കും അതീതമായിട്ടുള്ളത് യാതൊന്നാണോ, സര്വ്വസീമകളെയും അതിക്രമിച്ചു നിലകൊള്ളുന്നത് യാതൊന്നാണോ, ആ അക്ഷയസത്യം (ബ്രഹ്മം) ആണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. അതിനാലാണ് ഗാര്‍ഗിയുടേത് ‘അതിര് കടന്ന ചോദ്യം’ ആണെന്ന് യാജ്ഞ്യവല്ക്യന് പറയുന്നത്.
‘രാമായണ’ കാലത്തെ തപസ്വിനികള്‍
ഗൗതമപത്നിയായ അഹല്യ ഇന്ദ്രനാല്‍ വശീകരിക്കപ്പെട്ടതറിഞ്ഞ് ഗൗതമന് അവളുടെ ചഞ്ചല മനസ്സിന് പ്രതിവിധിയായി തപസ്സനുഷ്ഠിക്കാനാണ് കല്‍പ്പിച്ചത്. ശ്രീരാമനേത്രങ്ങള്ക്ക് ദൃശ്യയാകുംവരെ ലോകര്‍ക്ക് അഹല്യ അദൃശ്യയായിരിക്കട്ടെയെന്ന ശാപവും നല്‍കിയെന്നാണ് വാല്മീകിരാമായണത്തിലെ പ്രതിപാദ്യം. ദീര്‍ഘകാലം കഴിഞ്ഞ് രാമലക്ഷ്മണന്മാര് ഗൗതമാശ്രമത്തില്‍ ആഗതരായപ്പോള്‍ രാമന്റെ നേത്രങ്ങള്‍ പതിഞ്ഞത് അഗ്നിക്ക് സമം തിളങ്ങുന്ന അഹല്യയുടെ ദിവ്യരൂപത്തിലാണ്. ഇപ്രകാരം ഘോരതപസ്സുകൊണ്ട് സംപൂതയായ അഹല്യ ദിവ്യാംഗനകളായി പരിഗണിക്കപ്പെടുന്ന പഞ്ചകന്യമാരില്‍ ഒരാളായി വാഴ്ത്തപ്പെടുന്നുമുണ്ടല്ലോ.
അത്രിമഹര്‍ഷിയുടെ പത്നിയായ അനസൂയയുടെ തപശ്ശക്തി വളരെ പ്രസിദ്ധമാണ്. രാമലക്ഷ്മണന്മാര് സീതയോടുകൂടി വനവാസം ചെയ്ത അവസരത്തില്‍ അവര്‍ അത്രിയുടെ ആശ്രമത്തില്‍ ചെല്ലുകയും, അത്രിയും അനസൂയയും അവരെ സല്ക്കരിക്കുകയും ചെയ്തു. ഈ അവസരത്തില്‍ അത്രിമഹര്‍ഷി അനസൂയയുടെ തപസ്സിന്റെ മഹത്വത്തെപ്പറ്റി പറയുന്നു. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര് പോലും ആ യോഗിനിയുടെ തപശ്ശക്തിയെ ബഹുമാനിക്കുകയും ആശ്രയിക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങള്‍ മഹര്‍ഷി വിവരിക്കുന്നുണ്ട്. അനസൂയ സീതയ്ക്ക് നല്കുന്ന ഉപദേശം നിസ്വാര്‍ത്ഥമായ ഭര്‍തൃശുശ്രൂഷയും തപസ്സുമാണ്. സീതയ്ക്ക് ഉപഹാരമായി ദിവ്യങ്ങളായിട്ടുള്ള ആഭരണങ്ങളും വസ്ത്രവും അംഗരാഗവും അനസൂയ നല്കുകയുണ്ടായി.
ശബരി എന്ന വനവാസി യോഗിനിയെക്കുറിച്ചും രാമായണം പറയുന്നുണ്ടല്ലോ. തപസ്സുകൊണ്ട് സംപൂജ്യയായ ശബരി ദിവ്യലോകം പ്രാപിക്കുന്നതിനായി ശ്രീരാമദര്‍ശനം കാത്ത് ആശ്രമത്തില്‍ വസിക്കുകയായിരുന്നു. രാവണന് സീതയെ അപഹരിച്ചതിനെത്തുടര്‍ന്ന് രാമലക്ഷ്മണന്മാര് ദക്ഷിണദിക്കിലേക്ക് സഞ്ചരിക്കുന്നതിനിടെ പമ്പാതീരത്തുള്ള ശബരിയുടെ ആശ്രമം സന്ദര്‍ശിക്കുന്നു. പ്രസിദ്ധരായ മറ്റ് ഋഷികളെ സന്ദര്‍ശിച്ചിരുന്ന രാമന് അതേ പ്രാധാന്യത്തോടെ ശബരിയെയും ദര്ശിച്ചുവെന്നത് ശ്രദ്ധേയമാകുന്നു. പില്ക്കാലത്ത് ശംബൂകന്റെ തപസ്സ് അവസാനിപ്പിക്കാന്‍ രാമന് ആ യോഗിയെ വധിച്ചത് ഘോരതപസ്സിന്റെ ലക്ഷ്യം സൃഷ്ടിക്രമത്തിന് ദോഷം ചെയ്യുമെന്നതിനാലായിരുന്നു. ശംബൂകന് സ്വയം രാമനോടു പറഞ്ഞത്, ഇവിടെ ജീവിച്ചിരിക്കുമ്പോള്‍തന്നെ സ്വര്‍ഗ്ഗാധിപത്യം നേടാനാണ് താന്‍ തപസ്സു ചെയ്യുന്നതെന്നായിരുന്നു. തപശ്ശക്തിയുടെ ദുരുപയോഗം തടയാന്‍ അവതാരപു
രുഷനായ രാമന് ബാധ്യസ്ഥനായിരുന്നു. ഇക്കാര്യം സാധുകരിക്കുന്നതാണ് രാമന് ശബരിയുടെ തപസ്സിന് നല്കുന്ന അംഗീകാരവും ആദരവും. രാമായണ കാലത്തും പ്രസിദ്ധരായ തപസ്വിനികള്‍ ഉണ്ടായിരുന്നുവെന്നത് ഇതില്‍നിന്ന് മനസ്സിലാക്കാം.
ഗാന്ധാരിയും അംബയും ചെയ്തത്
മഹാഭാരതത്തില്‍ കാശി രാജാവിന്റെ പുത്രിയായിരുന്ന അംബ, ഭീഷ്മരില്‍ നിന്ന് അന്യായമേല്ക്കേണ്ടി വന്നപ്പോള്‍ അതിനെ നേരിടാന്‍ മറ്റ് പരിശ്രമങ്ങളൊക്കെ പരാജയപ്പെട്ട് തപസ്സിനെ ആശ്രയിക്കുകയായിരുന്നു. കഠിന തപസ്സുകൊണ്ട് അംബ സാക്ഷാല്‍ ശിവനെ പ്രത്യക്ഷനാക്കി വരം നേടുന്നു. അംബയുടെ പുനര്‍ജന്മമാകുന്ന ശിഖണ്ഡിക്കാവട്ടെ കുരുക്ഷേത്ര യുദ്ധത്തില്‍ പങ്കെടുത്ത് ഭീഷ്മരെ നേരിടാനായത് അവള് ഒരു ഗന്ധര്‍വ്വനെ തപസ്സു ചെയ്ത് പ്രീതിപ്പെടുത്തിയതിനാലാണ്. പുരുഷത്വം അംബയ്ക്ക് വരദാനമായി ലഭിച്ചിരുന്നു. പുരുഷനില്‍ നിന്ന് അനീതി നേരിട്ട ഒരു സ്ത്രീയ്ക്ക് മറ്റ് വഴികള്‍ അടഞ്ഞപ്പോള്‍ ആദ്ധ്യാത്മികാനുഷ്ഠാനമായിരുന്നു തുണയായത്. അംബയുടെ പോരാട്ടം ഉത്തമപു
രുഷാര്ത്ഥമാകുന്ന മോക്ഷപ്രാപ്തിക്കായിരുന്നില്ല. ആത്മാഭിമാനത്തിന്റെ പ്രതീകമായിരുന്ന അംബ ഭാരതസ്ത്രീയുടെ സ്വതന്ത്രമനസ്സിനെയും, അന്യായത്തെ നഖശിഖാന്തം എതിര്‍ക്കുന്ന ധര്മ്മബോധത്തെയുമാണ് പ്രകടിപ്പിച്ചത്. അംബ ഒരു ധീരവനിതയാണെന്നു മാത്രമല്ല, ജീവിതത്തിന്റെ വിഷമഘട്ടത്തെ അഭിമുഖീകരിക്കുന്നതിനുള്ള ഉത്തമ മാര്‍ഗ്ഗം ആദ്ധ്യാത്മിക സാധനയാണെന്നും, അതില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശമാണുള്ളതെന്നും സാക്ഷ്യപ്പെടുത്തിയ സ്ത്രീരത്നവുമാണ്.
ഗാന്ധാരിയുടെ തപശ്ശക്തിയുടെ തീവ്രത വെളിവാക്കപ്പെടുന്ന ചില സന്ദര്‍ഭങ്ങള്‍ മഹാഭാരതത്തിലുണ്ട്. ഭര്‍ത്താവായ ധൃതരാഷ്ട്രര്‍ അന്ധനായതിനാല്‍ താനും ഈ ലോകം ദര്ശിക്കേണ്ടതില്ലെന്ന ദൃഢനിശ്ചയത്താല്‍ കണ്ണു മൂടിക്കെട്ടി അന്ത്യംവരെ ജീവിച്ച ഗാന്ധാരിയുടെ ജീവിതം തപശ്ചര്യയുടെതായിരുന്നു. ഗാന്ധാരി അപ്രകാരം പ്രവര്‍ത്തിച്ചത് ധൃതരാഷ്ട്രര്‍ക്ക് അപ്രിയമുണ്ടാക്കിയിട്ടുപോലും അത് വിലക്കിയില്ല. കുരുക്ഷേത്ര യുദ്ധാവസാനം ശ്രീകൃഷ്ണന് ഗാന്ധാരിയെ സന്ദര്‍ശിക്കുന്ന സമയത്താവട്ടെ ഗാന്ധാരി തന്റെ തപശ്ശക്തിയെ യാദവകുലത്തിന്റെ നാശത്തിനായി ശാപരൂപത്തില്‍ പ്രയോഗിക്കുന്നു. കൃഷ്ണന് അത് മാനിക്കുകയും ആ ശാപം ഫലവത്താവുകയും ചെയ്യുന്നു. ഇവിടെ വ്യക്തമാകുന്നത് ഉത്തമ ജീവിത സാഫല്യത്തിനായുള്ള ആദ്ധ്യാത്മികാനുഷ്ഠാനങ്ങളില് സ്ത്രീകള്‍ക്ക് ഭാരതത്തില്‍ ഒരുകാലത്തും യാതൊരു തരത്തിലുള്ള വിഘാതവുമുണ്ടായിരുന്നില്ല എന്നതാണ്. മതപരമായ അപൂര്‍വ്വം ചില ആചാരങ്ങളെ മാത്രമാണ് സ്ത്രീകള്‍ ഒഴിവാക്കിയത്. ആത്മീയചര്യകളും മതപരമായ അനുഷ്ഠാനങ്ങളും തമ്മിലുള്ള വ്യത്യാസം പരിഗണിക്കേണ്ടതുണ്ട്. ആത്മീയതയിലേക്കുള്ള മാര്‍ഗ്ഗം മാത്രമാണ് മതം. വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളുമാണ് ഓരോ മതത്തിന്റെയും പ്രത്യേകത. എന്നാല്‍ ജീവിവര്‍ഗ്ഗത്തിന്റെ ഐക്യവും പ്രകൃതിയോടുള്ള ആശ്രയത്വവും കടപ്പാടും ഉള്‍ക്കൊള്ളുന്ന സമഗ്രദര്‍ശനമാണ് ആത്മീയത. ആത്മീയതയിലേക്ക് നയിക്കാത്ത മതം അര്‍ത്ഥശൂന്യമാകുന്നു. മതഭേദവും സ്ത്രീപുരുഷ വിവേചനവുമെല്ലാം ആത്മീയതയില്‍ ഒരുമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: