പുരി ജഗന്നാഥ ക്ഷേത്രം കലിയുഗത്തില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ക്ഷേത്രമാണ്. ഇവിടുത്തെ ദര്‍ശനരീതി വ്യത്യസ്തമാണ്. വിഗ്രഹങ്ങളും അതിലെറെ വ്യത്യസ്തം. പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഓരോ പ്രത്യേകതകളും അറിയണം, ആ മഹാത്മ്യം ഉള്‍ക്കൊള്ളണം. ശ്രീകൃഷ്ണനെ വ്യത്യസ്ത ഭാവത്തിലാണ് ഇവിടെ കാണാന്‍ കഴിയുക. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കര്‍ശന നിഷ്ഠയാണിവിടുള്ളത്.
രത്നവേദി എന്ന് അറിയപ്പെടുന്ന കോവിലില്‍ ആണ് പ്രധാന മൂര്‍ത്തി കുടികൊള്ളുന്നത്. ക്ഷേത്രവിഗ്രഹം ദാരു ശില്പങ്ങളാണ്. മൂന്നു വിഗ്രഹങ്ങളാണ് പ്രധാനമായുള്ളത്. ആ വിഗ്രഹത്തിന്റെ ഐതിഹ്യം ഇങ്ങനെയാണ്. സവോര ഗോത്രത്തലവനായിരുന്ന വിശ്വവസു നീലപര്‍വ്വതത്തില്‍ നീലമാധവനെ ആരാധിച്ചു പോന്നു. അദ്ദേഹത്തിന്റെ അകമഴിഞ്ഞ ഭക്തി ദേവലോകം വരെ പ്രസിദ്ധമായി. ഇന്ദ്രദ്യുമ്നന് എന്ന രാജാവിന് നീലമാധവനെ ദര്‍ശിക്കണം എന്നാഗ്രഹം തോന്നി. അദ്ദേഹത്തിന് ദര്‍ശനം എളുപ്പമല്ലായിരുന്നു. നീലപര്വ്വതത്തിലെ ഒരു പ്രത്യേക ഭൂമിയില്‍ ഇരുന്നാണ് വിശ്വവസു നീലമാധവനെ ആരാധിച്ചിരുന്നത്. അവിടേക്കുള്ള വഴി ആര്‍ക്കും അറിയുമായിരുന്നില്ല.
‘വിദ്യാപതി’ എന്ന ബ്രാഹ്മണനെ ഇന്ദ്രദ്യുമ്നന് നീലമാധവന് വസിക്കുന്ന സ്ഥലം കണ്ടുപിടിക്കാനായി അയക്കുന്നു. വിദ്യാപതി ഗോത്രത്തലവന്റെ സഭയിലെത്തി. തന്റെ പാണ്ഡിത്യം കൊണ്ട് വിദ്യാപതി അദ്ദേഹത്തിന്റെ പ്രീതി നേടി. വിശ്വവസു മകളായ ലളിതയെ പണ്ഡിതന് വിവാഹം ചെയ്തുകൊടുത്തു. തനിക്ക് നീലമാധവനെ കാണണം എന്ന് വിദ്യാപതി നിരന്തരം ആവശ്യപ്പെട്ടതിനൊടുവില്‍ രാജാവ് നീലപര്വ്വതത്തിലേക്ക് കൊണ്ടുപോകാം എന്ന് സമ്മതിക്കുന്നു. പക്ഷേ കണ്ണുകള്‍ കെട്ടിയതിനു ശേഷമേ കൊണ്ടുപോകൂ എന്ന് നിബന്ധന വച്ചു. വിദ്യാപതി സമ്മതിച്ചു. ആരും കാണാതെ കൈയ്യില്‍ കുറച്ചു കടുക് കരുതി പോകുന്ന വഴിയില്‍ വിതറിക്കൊണ്ടു നടന്നു. നീലപര്വ്വതത്തിലെത്തി കണ്ണിന്റെ കെട്ടഴിച്ചപ്പോള്‍ നീലമാധവനെ ദര്‍ശിച്ചു.
തിരിച്ചു വന്ന് ഇന്ദ്രദ്യുമ്നനോട് ഇക്കാര്യം അറിയിച്ചു. നീലപര്വതത്തിലേക്കുള്ള വഴിയില്‍ കടുക് വിതറിയിട്ടുണ്ടെന്നും, അത് കിളിര്ത്തിട്ടുണ്ടാകുമെന്നും ആ വഴി പോയാല്‍ നീലപര്വതത്തിലെത്താം എന്നും പറഞ്ഞു. ഇന്ദ്രദ്യുമ്നന് ആ വഴിയെ പോയി നീലപര്വതത്തിലെത്തി. നീല മാധവനെ ദര്‍ശിക്കുന്ന സമയത്ത് ദേവന് അപ്രത്യക്ഷനായി. ദേവന്മാമാരെല്ലാം ചേര്‍ന്ന് നീലമാധവനെ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോയി എന്നാണ് ഐതിഹ്യം.
നീലമാധവനെ സങ്കല്പിച്ച് ഒരു ക്ഷേത്രം നിര്‍മിക്കണമെന്ന അശരീരി ഇന്ദ്രദ്യുമ്നന് കേട്ടു. കടലിന്റെ തീരത്തുനില്ക്കുമ്പോള് വിഗ്രഹം പണിയാനുള്ള തടി ഒഴുകിയെത്തും. പ്രത്യേക സുഗന്ധമുള്ള ആ തടിയില്‍ വിഗ്രഹം തീര്‍ക്കണം. രാജാവിന് ഈ അശരീരി കേട്ടപ്പോള്‍ സമാധാനമായി. സമുദ്രതീരത്തു തന്നെ ഉചിതമായ സ്ഥലം കണ്ടെത്തി. ക്ഷേത്രനിര്‍മാണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും ചെയ്തു.
തടിയില്‍ ജഗന്നാഥന്റെ വിഗ്രഹം തീര്‍ക്കുന്നതിന് ഇന്ദ്രദ്യുമ്നന് തച്ചന്മാരെ വിളിച്ചു വരുത്തി. എന്നാല്‍ ഉളികള്ക്കൊന്നും മരത്തടിയെ ഭേദിക്കാനായില്ല. വളരെ പ്രായമുള്ള ഒരാള്‍ വരികയും വിഗ്രഹം നിര്‍മിക്കാം എന്ന് പറയുകയും ചെയ്തു. അദ്ദേഹം ഒരു നിര്‍ദേശം വച്ചു. താന്‍ ഇവിടെ ഒരു മുറിയില്‍ ഇരുന്ന് വിഗ്രഹം നിര്‍മിക്കും. തന്നെ ആരും വിളിക്കരുത്. 21 ദിവസം ആകുമ്പോള്‍ വിഗ്രഹം പണിതീര്‍ത്തിരിക്കും. ഇടക്ക് ആരും വന്ന് കതകു തുറന്നു നോക്കാനും പാടില്ല എന്നും പറഞ്ഞു. വിഗ്രഹം തീര്‍ക്കുന്നതിനായി മുറിയിലേക്ക് കയറിപ്പോയ ശില്പ്പിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് രാജപത്നിയായ ഗുണ്ഡീച പറഞ്ഞതനുസരിച്ച് രാജാവ് മുറി തുറന്നു.
പണി പൂര്‍ത്തിയാകാത്ത ദാരു വിഗ്രഹങ്ങളാണ് അവിടെ കണ്ടത്. ഉള്ളിലേക്കു പോയ ആ വൃദ്ധനേയും കാണാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ എങ്ങനെയാണോ വിഗ്രഹങ്ങളുള്ളത് അങ്ങനെ തന്നെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു കൊള്ളൂ എന്ന് അരുളപ്പാടുണ്ടായി. സാക്ഷാല്‍ വിശ്വകര്‍മ്മാവായിരുന്നു വിഗ്രഹങ്ങള്‍ പണിയാന്‍ വന്നത് എന്ന് രാജാവിന് മനസ്സിലായി. മൂന്നു വിഗ്രഹങ്ങളാണ് പണിതത്. ജഗന്നാഥന് (കൃഷ്ണന്), സഹോദരനായ ബലഭദ്രന്, സഹോദരി സുഭദ്ര. ജഗന്നാഥന്റെ വിഗ്രഹത്തിന് അഞ്ചടി ഉയരവും, കറുത്ത നിറവുമാണ്. ബലഭദ്രന്റെ വിഗ്രഹം ആറടി ഉയരവും വെളുത്ത ചായം പൂശിയതുമാണ്. സുഭദ്രയുടെ വിഗ്രഹത്തിന് നാലടി ഉയരവും, മഞ്ഞ നിറവുമാണുള്ളത്. എല്ലാ വിഗ്രഹങ്ങളും, തടിയില്‍ തീര്‍ത്തവയും, നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ചവയുമാണ്. പുരുഷ വിഗ്രഹങ്ങള്‍ക്ക് ചെവി ഭാഗത്തു നിന്ന് കൈകളുണ്ട്. സുഭദ്രയുടെ വിഗ്രഹത്തിന് കൈയ്യോ കാലോ ഇല്ല. ശ്രീകോവിലിന് ഇടതു വശത്തായി ഭൂദേവി, ശ്രീദേവി എന്നി പ്രതിഷ്ഠകളുണ്ട്. ജഗന്നാഥന്റെ തൊട്ടുപിന്നിലായി സുദര്‍ശന വിഗ്രഹമുണ്ട്. വിശ്വധാത്രി എന്ന ഭഗവതി സങ്കല്പം കൂടിയുണ്ട് രത്ന വേദിയില്‍. പ്രത്യേക കണ്ണുകളോടു കൂടിയ വിഗ്രഹമാണ് ജഗന്നാഥന്റേത്.
ക്ഷേത്ര നിര്‍മിതി
ഗംഗാ രാജവംശത്തിലെ ഭരണാധികാരി പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ച ക്ഷേത്രമാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം. കലിംഗാ വാസ്തുവിദ്യയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. വലിയൊരു ഗോപുരത്തോടു കൂടിയാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. 200 അടിയോളം ഉയരത്തില്‍ പ്രധാന താഴികക്കുടത്തില്‍ സ്ഥാപിച്ചിട്ടുള്ള പതാക കാറ്റിന്റെ എതിര് ദിശയില്‍ പറക്കുന്നു. പുരി നഗരത്തിന്റെ ഏതു കോണില്‍ നിന്നു നോക്കിയാലും താഴികക്കുടം കാണാം. എല്ലാ ദിവസവും ഈ കൊടിക്കൂറ മാറ്റും. ഇത് കാണുന്നതിനായി തന്നെ ആയിരക്കണക്കിന് ഭക്തര്‍ എത്താറുണ്ട്. വൈകിട്ടാണ് ഈ ചടങ്ങ്. ക്ഷേത്ര പൂജാരി 200 അടി ഉയരം തിരിഞ്ഞു കയറിയാണ് ആ പതാക മാറ്റുന്നത്. 1800 വര്‍ഷമായി തുടരുന്ന ചടങ്ങാണിത്. പതാക കെട്ടുന്നത് സുദര്‍ശന ചക്രത്തിലാണ്. 20 അടി ഉയരവും ഒരു ടണ്‍ ഭാരവുമാണുള്ളത്. ഈ സുദര്‍ശന ചക്രം എവിടെ നിന്നു നോക്കിയാലും നമുക്ക് അഭിമുഖമായി നില്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
കടലിരമ്പം
കടലിന്റെ തീരത്താണ് ക്ഷേത്രം എങ്കിലും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചാല്‍ കടലിരമ്പം ഒട്ടും കേള്‍ക്കുകയില്ല എന്നതാണ് മറ്റൊരു അത്ഭുതം. പുരി നഗരത്തിലെ കാറ്റിനു പോലും പ്രത്യേകതയുണ്ട്. സാധാരണയായി പകല്‍ സമയങ്ങളില്‍ കടലില്‍ നിന്ന് കരയിലേക്കും രാത്രി കരയില്‍ നിന്ന് കടലിലേക്കുമാണ് കാറ്റു വീശുന്നത്. എന്നാല്‍ ഇവിടെ നേരെ വിപരീതമാണ് കാറ്റിന്റെ ദിശ. ഇതിന് കൃത്യമായ വിശദീകരണം നല്കാന് ആധുനിക ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ക്ഷേത്രഗോപുരത്തിന്റെ നിഴല്‍ നിലത്തു പതിക്കാറില്ല എന്നതാണ് മറ്റൊരത്ഭുതം.
പുരി രഥോത്സവം
ഗോകുലത്തില്‍നിന്ന് മധുരയിലേക്കുള്ള കൃഷ്ണന്റെ യാത്ര ഓര്‍മിപ്പിക്കുന്ന ചടങ്ങാണ് ഈ രഥയാത്ര. ആഷാഢ മാസത്തില്‍ നടക്കുന്ന രഥോത്സവം വിശ്വപ്രസിദ്ധമാണ്. പുരീ നഗരത്തിലൂടെ ദേവരഥങ്ങള്‍ നീങ്ങുന്നതു കാണാന്‍ ജനലക്ഷങ്ങളാണെത്തുന്നത്.
ഏകദേശം 50 അടി ഉയരവും, 35 അടി വീതിയില്‍ ചതുരാകൃതിയിലുള്ള അടിത്തട്ടുമാണ് കൃഷ്ണ വിഗ്രഹം കൊണ്ടുപോകുന്ന രഥത്തിനുള്ളത്. 16 ചക്രങ്ങളുള്ള ഈ രഥത്തിന്റെ ഓരോ ചക്രത്തിനും ഏഴ് അടി വ്യാസവുമുണ്ട്. ആയിരക്കണക്കിനു ഭക്തര്‍ ചേര്‍ന്നാണ് രഥം വലിക്കുന്നത്.
പ്രസാദം തയ്യാറാക്കല്‍
ക്ഷേത്രത്തിലെ പാചക രീതിയും വേറിട്ടുനില്ക്കുന്നു. മണ്കുടത്തില് പ്രസാദം തയ്യാറാക്കുന്നതിന് വിറകടുപ്പാണ് ഉപയോഗിക്കുന്നത്. ഏഴു കലങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി വച്ചാണ് പ്രസാദം പാകം ചെയ്യുന്നത്. ആദ്യം പാകമാകുന്നത് ഏറ്റവും മുകളിലത്തെ കലത്തിലെ പ്രസാദമാണ്. പിന്നെ അതിനുതാഴെയുള്ള കലത്തിലെ പ്രസാദവും ഏറ്റവും അവസാനം താഴത്തെ മണ്‍കലത്തിലെ പ്രസാദവും പാകമാകും എന്നതാണ് വിചിത്രമായ മറ്റൊരു പ്രത്യേകത. വര്‍ഷം മുഴുവന്‍ ഒരേ അളവിലാണ് പ്രസാദം തയ്യാറാക്കുന്നത്. അത് എല്ലാ ഭക്തര്‍ക്കും എത്തിക്കാന്‍ സാധിക്കുന്നു എന്നതാണ് അതിശയകരം. ഇല ഇട്ട് അല്ല പ്രസാദ വിതരണം. കൂപ്പണ്‍ എടുക്കണം. ക്ഷേത്രത്തിന്റെ സമീപത്തുള്ള വീഥിയില്‍ രണ്ടു ഭാഗങ്ങളിലായി ഈ പ്രസാദവുമായി ആള്ക്കാര് ഇരിക്കും. കൂപ്പണ്‍ അവരുടെ കൈയ്യില്‍ കൊടുക്കുമ്പോള്‍ ചെറിയ മണ്‍ചട്ടികളില്‍ പ്രസാദം ലഭിക്കും.
പുരി ജഗന്നാഥ ക്ഷേത്രത്തിനു മുകളിലൂടെ ഒരു പക്ഷിയോ, വിമാനമോ പോലും പറന്നിട്ടില്ല. മരത്തില്‍ തീര്‍ത്ത വിഗ്രഹങ്ങളായതിനാല് 20-25 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ വിഗ്രഹങ്ങള്‍ പുനര്‍ നിര്‍മിക്കുന്നു. ആര്യവേപ്പിന്റെ തടിയാണ് ഉപയോഗിക്കുന്നത്. ഇതിനായി തിരഞ്ഞെടുക്കുന്ന മരത്തില്‍ പക്ഷികള്‍ കൂടുകൂട്ടാന്‍ പാടില്ല. മറ്റൊരു വൃക്ഷത്തിന്റെ നിഴല്‍ വീഴുന്ന വൃക്ഷമായിരിക്കരുത്. മരത്തിന്റെ തോലിനടിയില്‍ ശംഖ്, ചക്ര അടയാളം ഉണ്ടായിരിക്കണം. വെളുത്ത പഗോഡാ എന്നാണ് പുരിയെ വിശേഷിപ്പിക്കുന്നത്. നേത്രഗോചരമായ അത്ഭുതങ്ങള്‍ തന്നെയാണ് ഈ ക്ഷേത്രത്തെ ഇത്രയും പ്രശസ്തമാക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: