Kerala

ഐടിഐകളിലെ അദ്ധ്യാപക തസ്തികകള്‍ വെട്ടിക്കുറച്ചു, പകരം ക്ലര്‍ക്കുമാര്‍

Published by

കൊല്ലം: സംസ്ഥാനത്ത് ഐടിഐകളിലെ അദ്ധ്യാപക തസ്തികകള്‍ വെട്ടിക്കുറച്ച് ക്ലറിക്കല്‍ തസ്തികകള്‍ അനുവദിക്കുന്നതില്‍ പ്രതിഷേധം. പുതിയതായി അനുവദിച്ച നാല് ഐടിഐകളിലെ 52 അദ്ധ്യാപക തസ്തികകള്‍ക്ക് പകരം ഒമ്പത് ക്ലറിക്കല്‍ തസ്തികകളാണ് അനുവദിച്ചത്. സംസ്ഥാനത്ത് പത്ത് ഐടിഐകളില്‍ തൊണ്ണൂറില്‍ താഴെ മാത്രം പരിശീലനാര്‍ത്ഥികള്‍ മാത്രമുള്ളവയില്‍ പോലും മൂന്ന് ക്ലര്‍ക്കും ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തികയും വീതമുള്ളപ്പോഴാണ് വീണ്ടും ക്ലറിക്കല്‍ തസ്തികകള്‍.

ഡിജിടി മാനദണ്ഡപ്രകാരം എന്‍സിവിടി അഫിലിയേഷന്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് എട്ട് യൂണിറ്റുകളും ഓരോ എട്ട് യൂണിറ്റുകള്‍ക്ക് ഒരോ ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയും അനുവദിക്കണം. എന്നാല്‍ ഇപ്പോള്‍ അനുവദിച്ച നാല് ഐടിഐകളില്‍ ഒന്നില്‍ മാത്രമാണ് ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തിക. പകരം ഡിജിറ്റി നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത ജൂനിയര്‍ സൂപ്രണ്ടിന്റെ പോസ്റ്റുകളാണ് അനുവദിച്ചത്.

സ്ഥാപന മേധാവിയായ പ്രിന്‍സിപ്പാളിന് ഓഫീസിന്റെ ചുമതലകളും സമീപപ്രദേശങ്ങളിലുള്ള പ്രൈവറ്റ് ഐടിഐകളുടെ മേല്‍നോട്ടവും നിര്‍വഹിക്കേണ്ടതിനാല്‍ ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയുടെ ചുമതല നിര്‍വഹിക്കുക പ്രയാസമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

അരിത്തമെറ്റിക് കം ഡ്രോയിങ് ഇന്‍സ്ട്രക്ടര്‍മാരുടെ 36 തസ്തികകളാണ് വിവിധ ന്യൂജെന്‍ ട്രേഡുകളിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയായി പുനര്‍വിന്യസിച്ചിട്ടുള്ളത്. ഈ വിഭാഗത്തില്‍ 36 തസ്തികകള്‍ കുറയുന്നതോടെ മൂന്ന് ട്രേഡുകളിലെ 60ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിച്ച് ക്ലാസ് നല്‍കേണ്ടി വരും. പുതിയ ട്രേഡുകളില്‍ പഠിപ്പിക്കുന്നതിനുള്ള യോഗ്യത ഇല്ലാത്തതും നിലവിലുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ സിടിഐ കോഴ്‌സ്, നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനത്തിന് പുറത്ത് പോയി പുതിയ ട്രേഡില്‍ നേടേണ്ടി വരും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by