ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് ഫിഫ രണ്ട് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതേ തുടര്‍ന്ന് അടുത്തു വരുന്ന രണ്ട് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ അര്‍ജന്റീന ഗോള്‍വല കാക്കാന്‍ മാര്‍ട്ടിനെസ് ഉണ്ടാകില്ല. ഒക്ടോബര്‍ 10, 15 തീയതികളില്‍ യഥാക്രമം വെനസ്വേല ബൊളീവിയ ടീമുകളുമായി അര്‍ജന്റീനയ്‌ക്ക് 2026 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളുണ്ട്. രണ്ടിലും മാര്‍ട്ടിനെസ് കളിക്കില്ല.
ചിലി, കൊളംബിയ ടീമുകള്‍ക്കെതിരായ മത്സരത്തിനിടെ താരം മോശപ്പെട്ട ആംഗ്യം കാണിച്ചത് ചൂണ്ടിക്കാട്ടിയാണ് ഫിഫയുടെ കടുത്ത നടപടി. നേരത്തെ 2022 ഖത്തര്‍ ലോകകപ്പ് നേടിയ സമയത്ത് ഫ്രാന്‍സിനെതിരായ ഫൈനല്‍ വിജയത്തിന് ശേഷമുള്ള മാര്‍ട്ടിനെസിന്റെ ആംഗ്യവും ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക