ഗാല്ലെ: കിവീസ് ബാറ്റര്‍മാര്‍ക്ക് ഒരു പഴുതുപോലും നല്‍കാതെ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ ടെസ്റ്റിന്റെ മൂന്നാം ദിനം കൈയ്യടക്കി. ആദ്യ ഇന്നിങ്സില്‍ സന്ദര്‍ശകര്‍ വെറും 88 റണ്‍സില്‍ തീര്‍ന്നു. ഒന്നാം ഇന്നിങ്സില്‍ 514 റണ്‍സ് ലീഡ് നേടിയ ശ്രീലങ്ക കിവീസിനെ ഫോളോ ഓണ്‍ ചെയ്യിച്ചു. രണ്ടാം ഇന്നിങ്സില്‍ കിവീസ് പൊരുതിക്കയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലങ്കന്‍ സ്പിന്നര്‍മാരുടെ പിടി വീണ്ടും ബലപ്പെട്ടു നില്‍ക്കുകയാണ്. രണ്ട് ഇന്നിങ്സിലും ന്യൂബോള്‍ എറിഞ്ഞുകൊണ്ട് പുതുമുഖതാരം നിഷാന്‍ പെയ്റിസ് ലങ്കയുടെ സ്പിന്‍ പാരമ്പര്യത്തിലെ പുത്തന്‍ താരോദയമായി വരവറിയിച്ചിട്ടുണ്ട്. ആദ്യ ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് നേടിയ നിഷാന്‍ രണ്ടാം ഇന്നിങ്സിലും ഇതുവരെ മൂന്ന് വിക്കറ്റ് നേടിക്കഴിഞ്ഞു.
സ്കോര്‍: ശ്രീലങ്ക- 602/5 ഡിക്ലയേര്‍ഡ്, ന്യൂസിലന്‍ഡ്- 88, 199/5(41 ഓവറുകള്‍)
ആദ്യ രണ്ട് ദിനങ്ങളില്‍ ലങ്കന്‍ ബാറ്റര്‍മാര്‍ തകര്‍ത്താടിയ ഗാല്ലെയിലെ പിച്ച് ഇന്നലെ മൂന്നാം ദിനം കിവീസ് ബാറ്റര്‍മാരോട് ഒരു കനിവും കാട്ടിയില്ല. അതിന് പാകപ്പെട്ട വിധം ലങ്കന്‍ നായകന് ധനഞ്ജയ ഡി സില്‍വ ബൗളര്‍മാരെ ദൗത്യമേല്പ്പിക്കുക കൂടി ചെയ്തതോടെ എല്ലാം കൂടുതല്‍ കൃത്യമായി നടന്നു. രണ്ടിന് 22 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് ഇന്നലെ വെറും 66 റണ്‍സ് മാത്രമേ ചേര്‍ക്കാനായുള്ളൂ. ആറ് വിക്കറ്റ് പ്രകടനവുമായി ശ്രീലങ്കന്‍ സ്പിന്നിലെ ഇപ്പോഴത്തെ അമരക്കാരന് പ്രഭാത് ജയസൂര്യ നിറഞ്ഞുനിന്നപ്പോള്‍ പുതുമഖമായെത്തിയ നിഷാന്‍ മൂന്ന് വിക്കറ്റ് നേടിക്കൊണ്ട് വരവറിയിച്ചു. കിവീസ് നിരയില്‍ ഒമ്പതാമനായി ഇറങ്ങിയ മിച്ചല്‍ സാന്റ്നര്‍ നേടിയ 29 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. രചിന് രവീന്ദ്ര(10), ഡാരില്‍ മിച്ചല്‍(13) മാത്രമാണ് രണ്ടക്കം കടന്നത്.
രണ്ടാം ഇന്നിങ്സില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ന്യൂസിലന്‍ഡിനെതിരെ ആദ്യ ഓവര്‍ എറിയാന്‍ ധനഞ്ജയ പന്ത് ഏല്‍പ്പിച്ചത് പുതുമുഖ സ്പിന്നര്‍ നിഷാന്‍ പെയ്റിസിനെയാണ്. ആദ്യ ഓവറില്‍ തന്നെ ഫലം കൊയ്തു. ടോം ലാതത്തെ നിഷാന്‍ പൂജ്യനാക്കി മടക്കി. ഓപ്പണര്‍ ഡെവോന്‍ കോണ്‍വേയ്ക്കൊപ്പം(61) കെയ്ന്‍ വില്യംസണ്(46) ഒത്തുചേര്‍ന്ന രണ്ടാം വിക്കറ്റില്‍ കിവീസ് അതിജീവനത്തിന്റെ ശക്തമായ കളിയാണ് കണ്ടത്. പക്ഷെ ടീം ടോട്ടല്‍ മൂന്നക്കം തിയകുന്നതിന് മൂന്ന് റണ്‍സകലെ കോണ്‍വെ ധനഞ്ജയ എറിഞ്ഞ പന്തില്‍ പുറത്തായി. അധികം വൈകാതെ അപകടകാരിയായ വില്ല്യംസണിനെ പുറത്താക്കി നിഷാന്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. തൊട്ടുപിന്നാലെ ഡാരില്‍ മിച്ചലിനെ(ഒന്ന്)പുറത്താക്കി പ്രഭാത് ജയസൂര്യ തന്റെ പതിവ് ക്വാട്ടയ്ക്കും തുടക്കമിട്ടു. അധികം വൈകിയില്ല രചിന് രവീന്ദ്രയെ(12) ബൗള്‍ഡാക്കി നിഷാന്‍ രണ്ടാം ഇന്നിങ്സിലും മൂന്ന് വിക്കറ്റ് തികച്ചു. ഇതോടെ കിവീസ് അഞ്ചിന് 121 എന്ന നിലയില്‍ ഇന്നിങ്സ് പരാജയം ഏറെക്കുറേ ഉറപ്പിച്ചു. ടോം ബ്ലന്‍ഡലും(47*) ഗ്ലെന്‍ ഫിലിപ്സും(32*) ചേര്‍ന്ന് കിവീസ് ജീവന് നീട്ടിയെടുക്കാനുള്ള പരിശ്രമം തുടരുകയാണ്. ഇന്നലെ ഉച്ചയോടെ ഗാല്ലെയില്‍ മഴയെത്തിയതോടെ കളി ഇന്നത്തേക്ക് പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: