ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് മുംതാസ് അലി ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര് സൈനികരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും. കുല്‍ഗാമിലെ അഡിഗം ദേവസര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സുരക്ഷാ സേന അറിയിച്ചു.
പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവര്‍ ചികിത്സയില്‍ തുടരുകയാണെന്നും കശ്മീര്‍ ഐജിപി വി.കെ. ബിര്‍ദി അറിയിച്ചു. ഇന്നലെ പുലര്‍ച്ചെയോടെയാണ് മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുരക്ഷാസേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അഡിഗം ദേവസര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്.
വീടുകള്‍ തോറും നടത്തിയ തെരച്ചിലില്‍ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ, അവന്തിപോറയില്‍ ഭീകരരുമായി ബന്ധമുള്ള ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. കശ്മീരില്‍ മൂന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു ജില്ലകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ, സപ്തംബര്‍ 15ന് പൂഞ്ച് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ മാസം 14ന് ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടിരുന്നു. കിഷ്ത്വാറില്‍ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. സപ്തംബര്‍ 11ന് ഉധംപൂരിലും ഏറ്റുമുട്ടലുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: