ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്ര സഭയില്‍ കശ്മീര്‍ പ്രശ്‌നമുന്നയിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫിന് ശക്തമായ മറുപടി നല്കി ഭാരതം.
യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി ഭാവിക മംഗളാനന്ദനാണ് പാകിസ്ഥാന് ചുട്ട മറുപടി കൊടുത്തത്. ഭീകരവാദം, മയക്കുമരുന്ന്, അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ആഗോള പ്രശസ്തിയുള്ള പാകിസ്ഥാനെ ‘സൈന്യം നടത്തുന്ന രാജ്യം’ എന്നാണ് ഭാവിക വിശേഷിപ്പിച്ചത്.
ഈ പ്രശ്നങ്ങള്‍ക്ക് പേരുകേട്ട രാഷ്‌ട്രമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തെ ആക്രമിക്കുന്നത്. കൃത്രിമ തെരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം ജനാധിപത്യപരമായ രാഷ്‌ട്രീയ തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന രാജ്യത്തെക്കുറിച്ചു സംസാരിക്കുന്നത് അതിലും അസാധാരണമാണെന്ന് ഭാരത പ്രതിനിധി പറഞ്ഞു.
സുസ്ഥിരമായ സമാധാനമുറപ്പാക്കാന്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതു പിന്‍വലിക്കണമെന്ന് ഷെഹബാസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഭാരത പ്രതിനിധി ആഞ്ഞടിച്ചത്. വളരെ നാളായി അയല്‍ രാജ്യങ്ങള്‍ക്കെതിരേ ഭീകരവാദം ആയുധമായി ഉപയോഗിക്കുകയാണ് പാകിസ്ഥാന്‍. ഒസാമ ബിന്‍ ലാദനെ ദീര്‍ഘകാലം സ്വീകരിച്ചു സത്കരിച്ച രാജ്യമാണ് പാകിസ്ഥാന്‍. അത്തരമൊരു രാജ്യമാണ് ആക്രമണങ്ങളെക്കുറിച്ചു സംസാരിക്കാന്‍ വരുന്നത്, ഭാവിക തുടര്‍ന്നു.
ഭീകരതയുമായി ഒരു ഒത്തുതീര്‍പ്പും ഉണ്ടാകില്ല എന്നായിരുന്നു പരസ്പര തന്ത്രപരമായ നിയന്ത്രണത്തിനുള്ള പാകിസ്ഥാന്റെ നിര്‍ദേശത്തോടുള്ള ഭാരതത്തിന്റെ പ്രതികരണം. അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്‍ ഭീകരതയ്‌ക്ക് അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ഭാവിക മുന്നറിയിപ്പ് നല്കി. ഷെറീഫിന്റെ അഭിപ്രായങ്ങള്‍ അസ്വീകാര്യവും പരിഹാസ്യവുമാണ്. സത്യത്തെ നുണകള്‍ ഉപയോഗിച്ച് നേരിടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തെ മാറ്റാനാവില്ല. ഞങ്ങളുടെ നിലപാട് വ്യക്തമാണ്, ആവര്‍ത്തിച്ച് പറയേണ്ടതില്ലെന്നും ഭാവിക കൂട്ടിച്ചേര്‍ത്തു.
2001ലെ പാര്‍ലമെന്റ് ആക്രമണവും 2008ലെ മുംബൈ ഭീകരാക്രമണവും ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയ ഭാവിക ഭാരതത്തിനെതിരെ പ്രധാന തന്ത്രമായി അതിര്‍ത്തി കടന്നുള്ള ഭീകരതയാണ് പാകിസ്ഥാന്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കി.
‘ലിസ്റ്റ് നീണ്ടതാണ്’ ഇസ്ലാമാബാദിന്റെ അടിസ്ഥാനരഹിതമായ വാദങ്ങള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞു. ഭീകരവാദവുമായി ഒത്തുതീര്‍പ്പുണ്ടാകില്ലെന്നും പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരത ഉറപ്പായും അനന്തര ഫലങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും അവര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി ഭീകരവാദ സംഭവങ്ങളില്‍ വിരലടയാളം പതിച്ച രാജ്യമാണ് പാകിസ്ഥാനെന്ന് ഭാരതം ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അക്രമാസക്തമായ മാര്‍ഗങ്ങളിലൂടെ മേഖലയിലെ സമാധാനവും തെരഞ്ഞെടുപ്പും തകര്‍ക്കാന്‍ പാകിസ്ഥാന്‍ മുമ്പേ ശ്രമിച്ചിരുന്നു. അത്തരമൊരു രാജ്യം എവിടെയും അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത് ഏറ്റവും മോശമായ കാപട്യമാണ്.
1971ല്‍ ന്യൂനപക്ഷ വംശഹത്യ നടത്തി അവരെ നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത ഒരു രാജ്യമാണ് അസഹിഷ്ണുതയെയും ഭയത്തെയും കുറിച്ച് സംസാരിക്കാന്‍ വരുന്നതെന്നും അവര്‍ പരിഹസിച്ചു. കശ്മീരിനെ കുറിച്ച് പറഞ്ഞതൊന്നും ഒരുരീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും നുണകള്‍ പറഞ്ഞ് സത്യത്തെ നേരിടനാണ് അവരുടെ ശ്രമമെന്നും ഭാരതം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: