തിരുവനന്തപുരം: എൻസിപിയിൽ മന്ത്രിമാറ്റത്തിൽ തീരുമാനം. എ.കെ ശശീന്ദ്രന് പകരം തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ അറിയിച്ചു. ശരദ് പവാറിന്റെ നേതൃത്വത്തിലാണ് തീരുമാനം. അടുത്തമാസം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം അറിയിക്കുമെന്ന് പി.സി ചാക്കോ വ്യക്തമാക്കി.
‘ഞങ്ങളുടെ മുന്നിൽ ഇപ്പോൾ ഒരു കാര്യമേയുള്ളൂ. ഞങ്ങളുടെ പാർട്ടിയെടുത്ത ഒരു തീരുമാനമുണ്ട്. ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരണം. അതാണ് പാർട്ടിയുടെ അഭിപ്രായം. ഇക്കാര്യം ശരദ് പവാറിന്റെ സാന്നിദ്ധ്യത്തിൽ ഞങ്ങൾ തീരുമാനിച്ചതാണ്. ഇത് മുഖ്യമന്ത്രിയെ അറിയിക്കാൻ ശരദ് പവാർ പറഞ്ഞിട്ടുണ്ട്.
ശശീന്ദ്രനും തോമസ് കെ തോമസും ഞാനും ഒന്നിച്ച് മുഖ്യമന്ത്രിയെ കാണും. അതിനപ്പുറമുള്ള ഒരു കാര്യവും ഇപ്പോൾ പ്രസക്തമല്ല. ഞങ്ങൾ മൂന്ന് പേരും പോയി കാണുന്നുവെന്ന് പറയുമ്പോൾ, അത് പാർട്ടിയുടെ ഹൈക്കമാൻഡിന്റെ തീരുമാനമാണെന്ന് പറയുമ്പോൾ പിന്നെ അഭിപ്രായ വ്യത്യാസങ്ങൾക്കൊന്നും പ്രസക്തിയില്ലല്ലോ’- പി സി ചാക്കോ പറഞ്ഞു.
എ.കെ ശശീന്ദ്രൻ സ്ഥാനമൊഴിയണമെന്ന് നേരത്തെ തീരുമാനമുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല. അൽപം മുമ്പാണ് ശരദ് പവാർ ശശീന്ദ്രനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട കാര്യം പി സി ചാക്കോ മാദ്ധ്യമങ്ങളെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക