World

ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടു; ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് ഇസ്രയേൽ സൈന്യം

Published by

ബെയ്റൂട്ട്: ലെബനനിലെ ഭീകരകേന്ദ്രങ്ങളിലേക്ക് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള ഭീകര സംഘടനയുടെ തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടു. മൂന്ന് പതിറ്റാണ്ടുകളായി ഹസൻ നസ്റല്ലയാണ് ഹിസ്ബുള്ളയെ നയിച്ചിരുന്നത്. നസ്റല്ല കൊല്ലപ്പെട്ട വിവരം ഇസ്രായേൽ തന്നെയാണ് പുറത്തുവിട്ടത്. എന്നാൽ ഇതിനോട് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല.

ഹസൻ നസ്റല്ലയ്‌ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. ഹസൻ നസ്റല്ല കൊല്ലപ്പെട്ടെന്ന് സൈനിക വക്താവ് ലെഫ്നന്റ് കേണൽ നദവ് ശോഷാനിയും എക്സിലൂടെ അറിയിച്ചു. വെള്ളിയാഴ്ച ലെബനൻ തലസ്ഥാനത്ത് നടന്ന ആക്രമണങ്ങളെത്തുടർന്ന് ഹിസ്ബുള്ള മേധാവിയെ വകവരുത്തിയെന്ന് സൈനിക വക്താവ് ക്യാപ്റ്റൻ ഡേവിഡ് അവ്രഹാം എഎഫ്പിയോട് സ്ഥിരീകരിച്ചു.

നസ്റല്ലയുമായുള്ള ബന്ധം ഇന്നലെ വൈകുന്നേരം മുതൽ നഷ്ടപ്പെട്ടതായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പുമായി അടുത്തുള്ള വൃത്തങ്ങൾ പറഞ്ഞു. എന്നാൽ നസ്റല്ല കൊല്ലപ്പെട്ടെന്ന കാര്യം ഹിസ്ബുള്ള ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഇറാഖിലെയും യെമനിലേയുമുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഹസൻ നസ്റല്ല. ഇസ്രയേൽ കഴിഞ്ഞ ദിവസം ബെയ് റൂട്ടിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള വ്യോമസേനാ വിഭാഗം ഡ്രോൺ തലവനും കമാൻഡറുമായ മുഹമ്മദ് ഹുസൈൻ സരൂർ കൊല്ലപ്പെട്ടിരുന്നു. യെമനിലെ ഹൂതി ഭീകരരെ പരിശീലിപ്പിക്കാൻ ഹിസ്ബുള്ള സരൂറിനെ നിയോഗിച്ചിരുന്നു.

തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയ്‌ക്കായിരുന്നു ആക്രമണം. ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും ആറ് കെട്ടിടങ്ങൾ തകരുകയും ചെയ്തു. ആക്രമണത്തിൽ ഈയാഴ്ച കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു. ഹ്സ്ബുള്ളയുടെ ഉന്നത റാങ്കുകളുള്ള ഭീകരരെയാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. മുന്നൂ റോളം ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

അതിനിടെ, ഇസ്രയേലിനെതിരെ യെമനിലെ ഹൂതികൾ മിസൈൽ ആക്രമണം നടത്തി. ഹൂതികളുടെ മിസൈൽ ആരോ എയർ ഡിഫൻസ് സിസ്റ്റം നിർവീര്യമാക്കിയതായി ഇസ്രയേൽ സേന അറിയിച്ചു. വ്യാഴാഴ്ച രാത്രി യെമനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലാണ് അതിർത്തിയ്‌ക്ക് പുറത്തുവച്ച് നിർവീര്യമാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by