ന്യൂദല്‍ഹി: ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ‘അഭേദ്’ നിര്‍മിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ). ദല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി ഗവേഷകരുമായി ചേര്‍ന്നാണ് അഡ്വാന്‍സ്ഡ് ബാലിസ്റ്റിക്സ് ഫോര്‍ ഹൈ എനര്‍ജി ഡിഫീറ്റ് (അഭേദ്) എന്ന പേരില്‍ ജാക്കറ്റ് ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തത്. ദല്‍ഹി ഐഐടിയിലെ ഡിആര്‍ഡിഒ സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രി അക്കാദമിക് എക്സലന്‍സിലാണ് (ഡിഐഎ- സിഒഇ) ഈ ജാക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
പോളിമര്‍, തദ്ദേശീയ ബോറോണ്‍ കാര്‍ബൈഡ് സെറാമിക് വസ്തുക്കള്‍ എന്നിവയില്‍ നിന്നാണ് ജാക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. കടുത്ത പ്രതിസന്ധികളെ നേരിടുന്നതിന് ഉചിതമായ തരത്തിലുള്ള സാമഗ്രികളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് ഡിസൈനുകളുടെ വിന്യാസം.
പ്രോട്ടോക്കോള്‍ അനുസരിച്ച് ആവശ്യമായ എല്ലാ റിസര്‍ച്ച്, ഡെവലപ്മെന്റ് ടെസ്റ്റുകളും ജാക്കറ്റിനുള്ള കവച പ്ലേറ്റ് വിജയകരമായി പൂര്‍ത്തിയാക്കി. ഭാരത സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് ക്വാളിറ്റേറ്റീവ് റിക്വയര്‍മെന്റില്‍ വ്യക്തമാക്കിയിരിക്കുന്ന പരമാവധി ഭാര പരിധിയേക്കാള്‍ ഭാരം കുറവാണ് അഭേദിന്.
വ്യത്യസ്ത ബിഐഎസ് അനുസരിച്ച് 8.2 കിലോഗ്രാം, 9.5 കിലോഗ്രാം ഭാരമുള്ള മുന്‍, പിന്കവചത്തോടുകൂടിയ മോഡുലാര്‍ രൂപകല്പന ചെയ്ത ജാക്കറ്റ് 360 ഡിഗ്രി സംരക്ഷണം നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: