ന്യൂദല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മിനിമം ശമ്പളം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. വേരിയബിള്‍ ഡിഎയിലാണ് വര്‍ധന. ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ഡിഎ വര്‍ധന ആശ്വാസമാണ്. പുതിയ വേതനം ഒക്ടോബര്‍ ഒന്നിനു നിലവില്‍ വരും.
അവിദഗ്ധരായ നിര്‍മാണ, ശുചീകരണ, ചുമട്, വാച്ച് ആന്‍ഡ് വാര്‍ഡ്, തൂപ്പ്, ഖനന, കാര്‍ഷിക, വീടു പരിപാലന മേഖലകളിലെ തൊഴിലാളികള്‍ക്ക് മാസം കുറഞ്ഞത് 20,358 രൂപയും (ദിവസം 783 രൂപ), അര്‍ധ വിദഗ്ധ തൊഴിലാളികള്‍ക്ക് 22,568 രൂപയും (ദിവസം 868 രൂപ), വിദഗ്ധരായ തൊഴിലാളികള്‍ക്കും ക്ലാര്‍ക്കുമാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കും 24,804 രൂപയും (ദിവസം 954 രൂപ), അതിവിദഗ്ധ തൊഴിലാളികള്‍ക്കും സായുധരായ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കും 26,910 രൂപയും (ദിവസം 1035 രൂപ) ലഭിക്കും. ഉപഭോക്തൃ വില സൂചിക പ്രകാരം വര്‍ഷം രണ്ടു തവണയാണ് കേന്ദ്രം ഇത്തരം തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുക.
ഉയരുന്ന ജീവിതച്ചെലവ് കണക്കാക്കിയാണ് ഡിഎ വര്‍ധനയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിത്യോപയോഗ സാധന വില സൂചികയനുസരിച്ച് ഇവരുടെ ശമ്പളം ഏപ്രിലിലും കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. ആറു മാസത്തെ ഉപഭോക്തൃ വില നിലവാര സൂചികയനുസരിച്ചാണ് ഡിഎ വര്‍ധന കണക്കാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: