കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അതീവ ഗുരുതരാരോപണങ്ങളുന്നയിച്ച ഇടത് എംഎല്‍എ പി.വി. അന്‍വറിനുള്ള പ്രതികരണങ്ങളിലൂടെ സിപിഎമ്മിന്റെ അവസരവാദവും ഇരട്ടത്താപ്പും പുറത്തുവന്നു. ദേശ വിരുദ്ധനും മലബാറിലെ സ്വര്‍ണക്കടത്തുകളുടെ ആസൂത്രകനും ഒറ്റുകാരനും വലതുപക്ഷത്തിന്റെ കോടാലിയുമായ ഒരാളെയാണ് സിപിഎം ഇത്രയും കാലം ആഘോഷിച്ചതും എംഎല്‍എ ആക്കിയതും എന്ന് പാര്‍ട്ടി ഇന്നലെ സമ്മതിച്ചു. പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിനെയും കടന്നാക്രമിച്ചതിന്റെ തൊട്ടുപിറ്റേന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റു മുതിര്‍ന്ന നേതാക്കളും അന്‍വറിനെതിരേ കൂട്ടത്തോടെ രംഗത്തു വന്നു.
പിണറായിയെ ചതിയനെന്നും ഗതികെട്ടവനെന്നും കെട്ട സൂര്യനെന്നും ഇടതുപക്ഷത്തുനിന്ന് ഒരാള്‍ത്തന്നെ വിളിച്ചതിന്റെ ഞെട്ടലിലാണ് സിപിഎം. ഇതൊന്നും ഏശിയിട്ടില്ലെന്നു ബോധിപ്പിക്കാന്‍ വെപ്രാളത്തോടെയുള്ള കൂട്ട പ്രതികരണമാണ് സിപിഎം നേതാക്കളില്‍ നിന്നുണ്ടായത്. ഗൗരവമുള്ള സംഭവങ്ങളില്‍പ്പോലും പ്രതികരിക്കാന്‍ നല്ല നേരം നോക്കുന്ന പിണറായി ഇന്നലെത്തന്നെ ദല്‍ഹിയില്‍ മാധ്യമങ്ങളെക്കണ്ടതും സംസ്ഥാനത്താകെ അന്‍വറിനെതിരേ തെരുവിലിറങ്ങാന്‍ അണികളെ ഗോവിന്ദന്‍ ആഹ്വാനം ചെയ്തതും പാര്‍ട്ടി ശരിക്കും ഉലഞ്ഞിട്ടുണ്ട് എന്നതിന്റെ തെളിവാണ്.
മലബാറിലെ സ്വര്‍ണക്കടത്തു സംഘങ്ങളുടെ കൂട്ടാളിയാണ് അന്‍വറെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് പറയുന്നു. ഈ കള്ളക്കടത്തുകാരെ സഹായിക്കാനാണ് ദേശ വിരുദ്ധനായ അന്‍വര്‍ ഇപ്പോള്‍ കിടന്ന് അലറി വിളിക്കുന്നതെന്നാണ് മോഹന്‍ദാസ് പറയുന്നത്. അന്‍വര്‍ പാര്‍ട്ടിയിലെത്തിയിട്ടും എംഎല്‍എയായിട്ടും മുഖ്യമന്ത്രിയുടെ വലംകൈയായി കൂടെക്കൂടിയിട്ടും കാലങ്ങളായെന്ന് ഓര്‍ക്കുക. രാജ്യവിരുദ്ധനാണ് ഒപ്പമുള്ളതെന്ന് സിപിഎം ജില്ലാ സെക്രട്ടറി അറിഞ്ഞില്ലേ?
അന്‍വറിനെതിരേ മലപ്പുറത്തും സമീപ പ്രദേശങ്ങളിലും സിപിഎം കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി. പൊന്നേ… എന്നു വിളിച്ച് തലയിലേറ്റി പാര്‍ട്ടിയുടെ മുസ്ലിംമുഖമായി കൊണ്ടുനടന്ന അന്‍വറിനെ ഇന്നലെ സിപിഎമ്മുകാര്‍ പോടാ…എന്നു വിളിച്ചു. ഗോവിന്ദന്‍മാഷ് പറഞ്ഞാല്‍ അന്‍വറിന്റെ കാലും കൈയും കൊത്തിയരിയുമെന്നും മുദ്രാവാക്യം മുഴക്കി.
അന്‍വറിനു വിശദമായ മറുപടിയുണ്ടെന്നാണ് മുഖ്യമന്ത്രി ന്യൂദല്‍ഹിയില്‍ പറഞ്ഞത്. അന്‍വറിനെ കുറച്ചു ദിവസമായി തനിക്കു സംശയമുണ്ടായിരുന്നെന്നും അത് യാഥാര്‍ത്ഥ്യമായെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. അന്‍വര്‍ വലതുപക്ഷത്തിന്റെ കോടാലിയായെന്ന് എം.വി. ഗോവിന്ദന്‍ ദല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അന്‍വറുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നും ഗോവിന്ദന്‍ തുടര്‍ന്നു. ഒറ്റുകാരന്‍ എന്നതടക്കമുള്ള വിശേഷണങ്ങളാണ് ഇന്നലെ പ്രധാനപ്പെട്ട സിപിഎം നേതാക്കളെല്ലാം അന്‍വറിനു ചാര്‍ത്തിക്കൊടുത്തത്. എന്നാല്‍ അന്‍വറിനെ ഇതുവരെ ആഘോഷിച്ചവരാണ് പാര്‍ട്ടിക്കു ദോഷമുണ്ടാക്കിയ ഈ സാഹചര്യത്തിന് ഉത്തരവാദികളെന്നാണ് മുന്‍മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചത്. ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് അന്‍വറിന്റെ നിലപാട്. ഈ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ സിപിഎമ്മിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് പങ്കുണ്ടെന്ന നിരീക്ഷണം ശരിവയ്‌ക്കുന്ന തരത്തില്‍ അന്‍വറിന് കെ.ടി. ജലീല്‍ പിന്തുണ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: