കവിത
നവീനം
കല്ലറ അജയന്
സ്വപ്നങ്ങള്‍ക്ക് ഗുഹാമുഖത്തിനും
മലഞ്ചരിവിനുമപ്പുറം
പോകാനറിഞ്ഞു കൂടാതിരുന്ന
വിദൂര ഭൂതകാലം.
മരങ്ങളോടൊപ്പം മനുഷ്യരും
പൂവിട്ടിരുന്ന ഒരു പഴങ്കാലം.
മലകയറാനും വേട്ടയാടാനും
മടിച്ച ചരിത്രം
ശിലാതലങ്ങളില്‍ സ്തംഭിച്ചു കിടന്ന
പ്രാചീന കാലം.
വേനലിനു കുളിരും
ഹേമന്ദത്തിന് ഇളം ചൂടുമുണ്ടായിരുന്ന
ശാദ്വലയുഗം.
ഋതുക്കള്‍ വഴിതെറ്റാതെ
നടന്നുപോയ കാട്ടുവഴികള്‍.
നീയും ഞാനുമില്ലാതെ
നമ്മള് ഒരുമിച്ചു പൂത്ത
വസന്തത്തിന്റെ മരച്ചില്ലകള്‍.
ഒരുമിച്ചു കായ്ച്ച മാങ്കനിക്കാലങ്ങള്
ജലപാതങ്ങള്‍ കവിതയെഴുതുമായിരുന്ന
യുഗസന്ധ്യകള്‍.
യുദ്ധങ്ങളും വെടിയൊച്ചകളുമില്ലാതിരുന്ന
തേന്മഴക്കാലം.
എന്നിട്ടും
കാലത്തിന്റെ ഈ വൈദ്യുത
തീവണ്ടിയില്‍ കയറി
നമ്മളെന്തിനാണിത്ര വേഗം
ഈ നൂറ്റാണ്ടിലെത്തിയത്
അഴുക്കുചാലുകളില്‍
മുങ്ങിച്ചാവാന്‍ മാത്രമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: