കഥ
ശിശിരനടത്തം
സി.റഹിം
അനന്തനാരായണന്‍ നമ്പ്യാതിരിയുടെ മരണം അപ്രതീക്ഷിതമായിരുന്നു. മരണവാര്‍ത്തകേട്ട് ജഹാംഗീറിന്റെ മനസില്‍ തീക്കൊള്ളിപുകഞ്ഞു. ഉള്ളിലൊരു ചിതയെരിയുമ്പോലത്തെയനുഭവം. തീക്കനല്‍ കുടലീലൂടെ സഞ്ചാരംതുടങ്ങിയപ്പോള് ആവശ്യമില്ലാതിരിന്നിട്ടും ജഹാംഗീര്‍ തന്റെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന കുപ്പിയില്‍നിന്ന് തണുത്തവെള്ളം രണ്ടുകൈവികള് അകത്താക്കി. മദ്രാസ് ഐ.ഐ.ടിയില്‍ മകള്‍ റോഷന് ആരക്ക് അഡ്മിഷനെടുക്കാനായി പോകുംവഴിക്കാണ് നമ്പ്യാതിരിയുടെ മരണവാര്‍ത്തയെത്തിയത്. ചെന്നൈയില്‍നിന്ന് പെട്ടെന്നോരു മടക്കം അപ്പോള്‍ സാധ്യമായിരുന്നില്ല.
മകളുടെ അഡ്മിഷനും ഹോസ്റ്റല്‍ സൗകര്യവുമൊക്കെ പൂര്‍ത്തിയാക്കി മടങ്ങാന്‍ രണ്ടുദിവസമെടുത്തു. ആയൂര്‍വേദ ഡോക്ടറായ ഭാര്യ ഖദീജാബീവിയെ വിളിച്ചുവിവരം പറഞ്ഞിട്ട് തനിച്ചുള്ള മടക്കയാത്ര എറണാകുളം വഴിയാക്കി. നെടുമ്പാശ്ശേരിയില്‍നിന്ന് കാറുപിടിച്ച് നേരെ വൈക്കത്തേക്ക്. അനന്തന്റെ മരണം അപ്പോഴും ജഹാംഗീറിന് വിശ്വസിക്കാനായിരുന്നില്ല.
യാതൊരുവിധരോഗവുമുണ്ടായിരുന്നയാളല്ല. ഇക്കാലത്ത് ജീവിത ശൈലിരോഗങ്ങളായ പ്രഷറും ഷുഗറും കൊളസ്ട്രോളുമൊന്നും പിടിപെടാത്തവരായി ആരാണുള്ളത്. എന്നാല്‍ ഈ വകരോഗങ്ങളൊന്നും അലട്ടാത്ത സുമുഖനും ആരോഗ്യദൃഡഗാത്രനുമായിരുന്നൊരാള്… ഒരൊത്തപുരുഷന്. കുടിയില്ല. വലിയില്ല. തനിസസ്യഭുക്ക്. ആകെയൊരുദുശീലമെന്ന് വേണമെങ്കില്‍ പറയാവുന്നത് വെറ്റേമാന് ചവയ്ക്കലാണ്. നാടന്‍ മുറുക്ക് മതി. നഗരത്തിന്റെ പലഭാഗത്തും ഒളിഞ്ഞും തെളിഞ്ഞും ഉത്തരേന്ത്യക്കാര്‍ സുഗന്ധമുറുക്കാനെന്ന പേരില്‍ ലഹരിമുറുക്കാന്‍ വില്‍ക്കുന്നുണ്ട്. ശീലക്കുടചൂടിവന്ന ഈമുറുക്കാനില് അനന്തന് ലവലേശം താല്പര്യമില്ല. അഥിതിത്തൊഴിലാളികള് നാടുമുഴുക്കെ ചവച്ചുതുപ്പിവൃത്തികേടാക്കുമ്പോലെ മുറുക്കിതുപ്പുന്നയാളുമല്ല.
കിളിവാലന്വെറ്റിലും ചുണ്ണാമ്പും പാക്ക് നുറുക്കും ഇത്തിരി പോകേയിലയും ചേര്‍ത്ത് നാടന്‍മട്ടിലുള്ള മുറുക്കിലാണ് അനന്തന് താല്പര്യം. ഇതെപ്പോഴും നഗരത്തില്‍ ഒത്തുകിട്ടണമെന്നില്ല. അതുകൊണ്ട് ഒരു വെറ്റിലചെല്ലം തന്നെ വഴുതക്കാട്ടെഫോറസ്റ്റ് ലൈനിലുള്ള വാടകവീട്ടിലുണ്ട്. നാലുംകൂട്ടിയുള്ള ഈ മുറുക്ക് ശീലം അനന്തന് പാരമ്പര്യമായികിട്ടിയതാണ്. വൈക്കത്തെ ക്ഷേത്രപരിസരത്തുനിന്ന് തിരുവനന്തപുരത്തെ പട്ടണത്തിലെത്തി പച്ചപരിഷ്കാരികളുടെകൂട്ടത്തില്പെട്ടിട്ടും മാറാത്തതായുള്ള ശീലമിതേയുള്ളു. ബാക്കിയൊക്കെ ഏതുനഗരവാസിയേയും വെല്ലുന്ന വേഷഭൂഷാദികളാണ്.
നല്ലൊന്നാന്തരം ഷര്‍ട്ടും പാന്റുമേ ധരിക്കൂ. അതും മുന്തിയബ്രാന്ഡിലുള്ളത്. നല്ല വിലകൂടിയ ബ്രന്റഡ് ഷൂതന്നെ കാലില്വേണം. പച്ചവെള്ളംപോലെ ഇംഗ്ലീഷ് സംസാരിക്കും. ചുകപ്പ് കലര്‍ന്ന വെളുപ്പ് നിറംകൂടിചേരുമ്പോള് ഒരുമുക്കാല്‍ സായിപ്പാണെന്നേതോന്നു.പട്ടത്തെ എല്‍.ഐ.സി. ആപ്പീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്നനിലയില്‍ ആറക്കശമ്പളം വാങ്ങുന്നയാളാണ്.സര്‍വ്വീസില്‍നിന്ന് വിരമിക്കാന്‍ ഇനിയും ഏഴെട്ട് കൊല്ലം ബാക്കികിടപ്പുണ്ട്.. ഇതിനിടയിലാണ് അപ്രതീക്ഷിതമായി അനന്തന് എല്ലാവരെയും വിട്ട്പിരിഞ്ഞത്.
ഒരുശിശിരകാലത്തെ തണുത്തവെളുപ്പാന് കാലത്താണ് ജഹാംഗീര്‍ അനന്തനെ പരിചയപ്പെടുന്നത്. എന്‍.ഐ.സിയില്‍ ജോലിചെയ്യുന്ന കെ.വി.ജയകുമാറുമൊപ്പം മ്യൂസിയംവളപ്പില്‍ പതിവ് നടത്തത്തിനിടയിലാണ് അനന്തന്മുന്നില്വന്ന് പെട്ടത്. ജയകുമാറാണ് അനന്തന് തന്റെബന്ധുവാണെന്ന് പരിചയപ്പെടുത്തിയത്. തിന്നും കുടിച്ചും അടുക്കും ചിട്ടയുമില്ലാതെ ജീവിച്ചുംപാപികളുടെ നടത്തക്കൂട്ടത്തില്വന്നുപെട്ടയാളായിരിക്കും അനന്തനുമെന്നാണ് വിചാരിച്ചത്. എന്നാല്‍ കൂടുതല്‍ ഇടപഴകിയപ്പോഴാണ് ആലൊരുവിത്യസ്തനാണെന്ന് മനസിലായത്. നടത്തത്തിന്റെ സൗനന്ദര്യം അനന്തനില്നിന്നാണ് ജഹാംഗീര്‍ പഠിച്ചത്.
അനന്തന് നടത്തമെന്നത് ഒരു ധ്യാനമോ കലയോ ഒക്കെയാണ്. ഡോക്ടറുടെകുറുപ്പടിപ്രകാരം മ്യൂസിയം കെട്ടിടത്തിന് ആറുവട്ടം, നാലുവട്ടം എന്നിങ്ങനെ ദിനവും വലം വയ്ക്കണമെന്ന ഉത്തരവ്ശിരസാവഹിച്ച് വട്ടംകറങ്ങുന്നവരെയാണ് നമുക്കവിടെ കാണാനാവുന്നത്. മ്യൂസിയത്തെ പാപികളുടെ നടത്തസംഘത്തില്പെട്ട ജഹാംഗീറിനെപ്പോലെയുള്ളവര്ക്കൊരല്ഭുതമായി അനന്തന്മാറിയത് വേഗമായിരുന്നു.
അനന്തന്റെ നടത്തം വേറിട്ടതായിരുന്നു. മ്യൂസിയത്തെ നടത്തക്കൂട്ടത്തില്‍ ഇത്തരത്തില്‍ നടക്കുന്ന മറ്റൊരാളുണ്ടാകാനിടയില്ലെന്നത് തീര്‍ച്ചയാണ്. സമയം നോക്കി ദിനവും ഗുളികവിഴുങ്ങും പോലെഅരമണിക്കൂറിനുള്ളില് നടന്നുവിയര്ക്കാന്വേണ്ടിയുള്ള നടത്തമേയല്ല അനന്തന്റേത്.ചുറ്റുപാടുകളെ കണ്ടും കേട്ടുംആസ്വദിച്ചുമുള്ള നടത്തമാണ്.
മരങ്ങളുടെയും ചെടികളുടെയും ഇടയിലൂടെ ഓടിക്കളിക്കുന്ന അണ്ണാനെനിരീക്ഷിച്ചും പക്ഷിപ്പാട്ട് കേട്ടും മഞ്ഞിന്റെ കുളിരും ഇളം വെയിലും ആസ്വദിച്ചും ഏതോകൊടുകാട്ടിലൂടെ നടക്കുന്ന സൂഫിസന്യാസിയെപ്പോലെയോ സെന്ഗുരുവിനെപ്പോലെയോയാണ് അനന്തന്റെ നടത്ത. സംഗീതവും നടത്തവും അനന്തന് ലഹരിയാണ്.ധനുമാസത്തിലെ ഒരു തണുന്ന വെളുപ്പാന്‍കാലത്ത് മൃഗശാല വളപ്പില്‍നിന്ന് കരിങ്കുരങ്ങന്റെ മുഴക്കമുള്ള ഒച്ചകേച്ച് മ്യൂസിയം വളപ്പിലൂടെ നടക്കുമ്പോള്‍ അനന്തന് ചോദിച്ചു.
ഹെന്റി ഡേവിഡ് തോറോയുടെ എസ്കര്‍ഷന്‍സ് എന്ന പുസ്തകം വായിച്ചിട്ടുണ്ടോ?
‘ഇല്ല. തോറോയുടെ വാല്‍ഡനെക്കുറിച്ച് കേട്ടിട്ടുണ്ട്.’ ജഹാംഗീര്‍ പറഞ്ഞു.
വാള്ഡന് എഴുതുന്നതിനുമുമ്പ് കണ്‍കോഡ് ലൈസിയത്തില്‍ തോറോ നടത്തിയഒരു പ്രഭാഷണം അദ്ദേഹത്തിന്റെ മരണശേഷം അറ്റ്ലാന്റിയ മാസികയില്‍ അച്ചടിച്ചുവന്നതാണത്. പിന്നീടാണത്പുസ്തകരൂപത്തിലൊക്കെ വന്നത്. നടത്തമെന്നത് ഒരു മതമാണെന്ന് തോറോയെ വായിച്ചാല്‍മനസിലാകും.
ഗാന്ധിജിക്കും അങ്ങനെയായിരുന്നുവല്ലോ? ജഹാംഗീര്‍ പറഞ്ഞു.
ശരിയാണ് ഗാന്ധിതോറോയെ നന്നായി വായിച്ചയാളാണ്. നടത്തത്തിന്റെ രാഷ്ട്രിയം ലോകത്തെ ബോധ്യപ്പെടുത്തിയനേതാവായിരുന്നുഗാന്ധി. ഗാന്ധിയുടെ നടത്തത്തെയാണ് ബ്രിട്ടീഷുകാര്‍ ഏറ്റവും ഭയപ്പെട്ടിരുന്നത്.
‘ശരിയാണ്’ ജഗാംഗീര്‍ തലകുലുക്കി.’നടത്തത്തിനും രാഷ്ട്രിയമുണ്ട്. പലമുനകളുള്ള രാഷ്ട്രിയം. അനന്തന് നടത്തത്തെ എത്രമഹത്തായകാര്യമായാണ് കാണുന്നത്.
‘ ജഹാംഗീര്‍ മനസ്സില്‍ ചിന്തിച്ചു.
സംഗീതസദസ്സുകള്‍ തേടി ഇരുവരും സാംസ്കാരിക ഇടങ്ങള്‍തേടി നടക്കുകപതിവായി. ഭാരത് ഭവന്, ടാഗാര്തീയറ്റര്, വൈലോപ്പിള്ളി സംസ്കൃതി ഭവന്, വി.ജെ.ടി( ഇപ്പോള്‍ അയ്യങ്കാളി ഹാള്‍), നവരാത്രികച്ചേരികേള്ക്കാന് കിഴക്കേക്കോട്ടയിലേക്കുള്ള രാത്രിനടത്തം. രാത്രിലൈഫ് ആസ്വാദിക്കാനായി വെള്ളയമ്പലത്ത് മാനവീയം വീഥിയിലേക്കുള്ള നടത്തം. ഇത്തരം നടത്തപലപ്പോഴും ചര്ച്ചാവേദിയായിമാറുമായിരുന്നു.
രാത്രിയുടെ സൗന്ദര്യം ആസ്വദിക്കുന്നവര്‍ തിരുവനന്തപുരത്ത് വളരെകുറവാണെന്ന് അനന്തന് പറയുമായിരുന്നു. സന്ധ്യയാകുമ്പോള്‍ വീട്ടിനുള്ളില്‍കയറി കതകടയ്ക്കുന്നവരാണ് നഗരത്തിലേറെയും. സര്ക്കരുദ്യോഗത്തിന്റെ സുരക്ഷയില്കഴിയുന്ന ജനത. വൈദ്യുതിയുടെ വരവോടെ നാട്ടില്‍ ഇരുട്ടുമില്ലാതെയായി. രാത്രി വെളിച്ചം പുതിയമാലിന്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇരുട്ടില്കഴിയേണ്ട ജീവികള്‍ക്ക് ഇരുട്ടില്ലാതെ എങ്ങനെകഴിയാനാവും?മനുഷ്യനും വേണം വെളിച്ചും പോലെ ഇരുട്ടും. വൈക്കത്തെ ഇടവഴികളെക്കുറിച്ചും മനോഹരമായരാത്രികളെക്കുറിച്ചും അനന്തന് പറയുമായിരുന്നു. നിലാവ് പൂത്തനെല്പ്പാടത്ത് വീണുകിടക്കുന്ന അനുഭവത്തെക്കുറിച്ച് പറയുന്നതുകേട്ടാല്‍ അനന്തന്റെ ഉള്ളിലൊരുകവിയുണ്ടെന്ന് ആരും സമ്മതിക്കും.
ഇങ്ങനെ ഒന്നിനുപുറകെ ഒന്നായിതിരയിച്ചുവരുന്ന ചിന്തകളെ ആട്ടിപ്പായിച്ച് ജഹാംഗീര്‍ പുറത്തേക്ക് കണ്ണും നട്ടിരുന്നു. മനോഹരമായ നാട്. പാടങ്ങളും പച്ചപ്പും നിറഞ്ഞ വഴികളിലൂടെ കാറോടിക്കൊണ്ടിരുന്നു. ഗൂഗിള്‍ തെറ്റിച്ചില്ല താമരശ്ശേരി ഇല്ലത്തിന്റെ മുമ്പില്കാറുചെന്നുനിന്നു. പടിപ്പുര പൊളിച്ചുകളഞ്ഞിട്ടില്ല. എന്നാലതിനോട് ചേര്‍ന്ന് ഗേറ്റ് പിടിപ്പിച്ച വീതിയുള്ളവഴിയുണ്ട്. ഗേറ്റ് തുറന്നുകിടക്കുകയാണ്. ജഹാംഗീര്‍ ഡ്രൈവര്‍ മാത്യുവിനോട് പറഞ്ഞു.
‘വണ്ടി ഉള്ളിലേക്ക്കയറ്റണ്ട. പുറത്തുനിര്ത്തിയാല്മതി.അരമണിക്കൂറിനുള്ളിലിങ്ങ് വരാം’
പൊതുവെ മൗനിയായ മാത്യു അതിന് മറുപടിയൊന്നും പറഞ്ഞില്ല. പത്ത് മിനിറ്റെന്നും പറഞ്ഞ് പോയാല്‍ മണിക്കൂറുകള്‍ കഴിഞ്ഞെ ആളുകള്‍ മടങ്ങാറുള്ളുവെന്ന് ടാക്സിഡ്രൈവറായ അയാള്‍ക്ക് അനുഭവങ്ങളില്നിന്നറിയാം.
രണ്ടേക്കറെങ്കിലും വരുന്ന പുരയിടമാണ്. ഒത്തനടുക്ക് പഴയഇല്ലമുണ്ട്. ഇരുവശത്തുമായിരണ്ടുഇരുനില കോണ്‍ക്രീട്ട് വീടുകളും കാണാം. കോണ്‍ക്രീറ്റ് വീടുകളിലൊന്നിലായിരുന്നു അനന്തന്റെ താമസമെന്ന് പറഞ്ഞറിയാം. ജഹാംഗീറിവിടെ ആദ്യമാണ്. കുടുംബത്ത് ഇളയസോഹദരന്‍ ജയചന്ദ്രനാണ്. ഒരുവീട്ടില്‍ സഹോദരി അനിത. എന്നാല്‍ ഏതാവും അനന്തന്റെ വീട്? ജഹാംഗീര്‍ സൂഷ്മമായി ചുറ്റും നോക്കി. തൊടിയിലെ വാഴത്തോട്ടത്തിനരുകില് ചിതകത്തിയമര്ന്നചാരകൂമ്പാരത്തിന് ചുറ്റും ഓലമെടഞ്ഞ് മറച്ചിരിക്കുന്നു. കര്‍മ്മങ്ങള്‍ നടന്നതിന്റെ ശേഷിപ്പുകളാവാം ചുവന്ന തുണിയും മറ്റും കാണാം.
ജഹാംഗീറിനവിടേക്കൊന്നുപാളിനോക്കാനെ കരുത്തുണ്ടായിരുന്നുള്ളു. അനന്തന് കണ്മുമ്പില് വന്നുനില്ക്കുകയാണ്. മുറുക്കിചെമപ്പിച്ചചുണ്ടുകള്. പുഞ്ചിരിക്കുന്നമുഖഭാവം. ജഹാംഗീറിന്റെ ഹൃദയം വിതുമ്പി. ജഹാംഗീര്‍ കണ്ണുകളടച്ച് അനന്തനെ വേദനയോടെ മായ്ച്ചുകളയാന്‍ ശ്രമിച്ചു. എന്നാല്‍ വര്‍ദ്ധിതവീര്യത്തോടെ ആരൂപം ജഹാഗീറിലേക്കാവേശിക്കാന് തുടങ്ങി.
മാവിന് ചുവട്ടിലൂടെ ഒരാള്‍ മുന്നോട്ട് വന്നുചോദ്യഭാവേന നോക്കുന്നതുകണ്ട് ജഹാംഗീര്‍ ഓര്‍മ്മകളില്‍നിന്ന് ഞെട്ടി ഉണര്‍ന്നു.
‘ഞാന്‍ അനന്തന്റെ സ്നേഹിതനാണ്. ജഹാംഗീര്‍ ‘ ശബ്ദം താഴ്ത്തി ജഹാംഗീര്‍ പറഞ്ഞു.
‘ങാ. വരിക
‘അനുജനാണ്. പേര് ജയചന്ദ്രന്’
‘പറഞ്ഞറിയാം.’ ജഹാംഗീര്‍ സൗഹൃദഭാവേന പറഞ്ഞു.
ജയചന്ദ്രന് തെളിച്ചവഴിയിലൂടെ ജഹാംഗീര്‍ നടന്നു.
അനന്തന്റെ ഭാര്യ സാവിത്രി വീട്ടിനുള്ളിലിരുന്നു ജനല്‍പാളികള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കി.
‘മക്കളേ’ അതൊലര്‍ച്ചയായിരുന്നു. അടുത്തമുറിയില്‍നിന്ന് വെപ്രാളപ്പെട്ട് വിഷ്ണുവും പാര്‍വ്വതിയും അമ്മയുടെ അരികിലേക്കോടിയെത്തി.
‘ദേ നോക്കുമക്കളേ. നിങ്ങടെ അച്ഛന്വരുന്നു’
എന്നിട്ട് പിള്ളേരേ ചേര്‍ത്ത് നിര്ത്തിചുംമ്പിച്ചുകൊണ്ടുകണ്ണീരില് ചിരിച്ചുകൊണ്ടുപറഞ്ഞു. ‘ദേണ്ടെ കുഞ്ഞോളെ അച്ഛന് വരുന്നു.’
വിഷ്ണുവും പാര്‍വ്വതിയും അമ്മയുടെ കരവലയില്നിന്ന് കുതറി പുറത്തേക്ക് വന്നുനോക്കി. അച്ഛനെപ്പോലൊരാള്‍. അച്ഛന്റെ അതേ ഉടുപ്പും പാന്റുമിട്ടിരിക്കുന്നു. രണ്ടാളും അമ്മയുടെ അരിലേക്ക് വന്നുകണ്ണീരോടെപറഞ്ഞു.
‘അതു അച്ഛനല്ലമ്മേ’
പെട്ടെന്ന് സാവിത്രിയുടെ ഭാവം മാറി.
‘കുരുത്തക്കേട്പറയുന്നോ. നിങ്ങടച്ഛനെ എനിക്ക് കണ്ടാലറിഞ്ഞുകൂടെ. ്യൂഞാനെന്താ ഭ്രാന്തിയായിപ്പോയോ’ പിള്ളേര്രണ്ടാളും നിശബ്ദരായിനിന്നു. സാവിത്രി മുറ്റത്തേക്കിറങ്ങി ഓടി. ചേട്ടാന്ന് വിളിച്ചുകൊണ്ട് ജഹാംഗീറിന്റെ മാറത്തേക്ക് വീണുവലിയവായില്ക്കരഞ്ഞു.
എന്താവരാന്വൈകിയേ…
സാവിത്രിപരിഭവപ്പെട്ട് തലഇരുവശത്തേക്കുമായിതല്ലി എന്തൊക്കെയോപുലമ്പിക്കൊണ്ടിരുന്നു. സാവിത്രിയെ മാറില്നിന്നടര്ത്തിമാറ്റാനാവാതെ ജഹാംഗീര്‍ നിന്നുവിളറിവെളുത്തു. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ജയചന്ദ്രന് സാവിത്രിയെ ബലമായി പിടിച്ച് വലിച്ചു.
‘ഏട്ടത്തീ … ഇത് ഏട്ടന്റെ കൂട്ടുകാരനാ.. ജയചന്ദ്രനെന്തൊക്കെയോ പറഞ്ഞുകൊണ്ട് സാവിത്രിയെ അടര്‍ത്തിമാറ്റി. അപ്പോഴേക്കും അവിടെയുണ്ടായിരുന്ന അടുത്തബന്ധുക്കളെല്ലാവരും ഓടിക്കൂടി സാവിത്രിയെ ബലമായിപിടിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. സാവിത്രിയപ്പോഴും എന്റെ ഏട്ടനെ പറഞ്ഞയക്കല്ലേയെന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നു.
സാവിത്രി അപേക്ഷാസ്വരത്തില്‍ ഇടര്‍ച്ചയോടെ കേഴുകയും മൂക്കും മുഞ്ഞിയുംതുടക്കുകയുംചെയ്തുകൊണ്ടിരുന്നു. ജയചന്ദ്രന് ഏങ്ങിക്കരയുടെ അവരുടെ മുഖത്തേക്ക് നോക്കി പൊട്ടിത്തെറിച്ചു.മുമ്പൊരിക്കലും അങ്ങനെ ഉണ്ടായിട്ടേയില്ല.
എന്താജയചന്ദ്രാ ..നിനക്ക് പറ്റിയത്. നിനക്ക് നിന്റെ ചേട്ടനെ കണ്ടലറിയാതായോ? അവര്‍ നിസാഹതയോടെ ചോദിച്ചു.
എന്റെ മക്കളേ അവര്‍ വലിയവായില്കരഞ്ഞു. നിങ്ങള്ക്കൊക്കെയെന്താപറ്റിയത്. ആര്‍ക്കുമെന്റെ ചേട്ടനെ കണ്ടാല്തിരിച്ചറിയാന് പറ്റുന്നില്ലേ.
ഞാനേതുലോകത്താണ് ജീവിക്കുന്നത്?
നിങ്ങളൊക്കെ എന്റെടുത്ത് നാടകം കളിക്കുകയാണോ?
സാവിത്രിക്ക് ശരീരം കുഴഞ്ഞുവന്നു. ആര്യാമ്പവന്നു സാവിത്രിയെ പിടിച്ച് കട്ടിലില്‍ കിടത്തി. ഇതൊക്കെ കണ്ടുംകേട്ടുംഅന്തിച്ചുനില്ക്കുയാണ് ജഹാംഗീര്‍. എന്തുപറയണം ആരെയാണ് ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ അയാള്കുഴങ്ങി. ഇവിടേക്കിപ്പോ വന്നതബദ്ധമായോ? എല്ലാം കണ്ടും കേട്ടും ജഹാംഗീറിന്റെ നാവിറങ്ങിപ്പോയി.
കട്ടിലില്‍നിന്ന് ബലമായിചാടിഇണീറ്റ് ഉച്ചത്തില്‍ ആര്യാംമ്പയോട് സാവിത്രി പറഞ്ഞു.
‘നീ പോയെന്റെ ചേട്ടനെ ഇങ്ങോട്ട് വിളിച്ചോണ്ടുവാ. എത്രദിവസമായികണ്ടിട്ട്. ദുസ്വപ്നം കണ്ട് ഞാന്‍ വല്ലാതെ പേടിച്ചുപോയി. ചേട്ടനെ കണ്ണുനിറച്ചൊന്നുകാണട്ടെ.’
അതുകേട്ട് ആര്യാംമ്പ ഏങ്ങികരഞ്ഞുകൊണ്ടുപറഞ്ഞു.
ഏടത്തീ..അനന്തേട്ടന് മരിച്ചു.
ചിഛി..എന്താ നീ പറയുന്നേ.അനന്തേട്ടന്മരിച്ചെന്നോ. ഇറങ്ങടീ ഇവിടുന്ന്..
സാവിത്രിക്ക് തന്റെ സമനിലയാകെ തെറ്റി. അവര്‍ ആര്യാംമ്പയെ ബലമായിപിടിച്ച് പുറത്തേക്ക് തള്ളി.ഇളയഫന് വാസുസേദന്എമ്പ്രതിരിയും ജയചന്ദ്രനും ഒക്കെകൂടിവന്ന് സാവിത്രിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
കണ്ണീര്തുള്ളികളിറ്റിച്ച് വാസുദേവന്‍ എമ്പ്രാതിരി പറഞ്ഞു.
‘ വിശ്രമിക്ക് മോളെ’.
എന്നിട്ട് ആര്യാംമ്പയോടായിപറഞ്ഞു.
‘മോളുവിഷമിക്കരുത്. സാവിത്രിമനോേെവദനകാണ്ട് ഓരോ പിച്ചും പേയും പറയുന്നുവെന്ന് കണ്ടാല്‍മതി.’
എനിക്കൊരുവിഷമവും ഇല്ലച്ഛാ..
ആര്യാംബ കണ്ണുനീര് തുടച്ചുകൊണ്ടുപറഞ്ഞു.
‘സരിതയെക്കൂടി വിളിച്ച് സാവിത്രിക്കൊപ്പമിരുത്ത്. ഒറ്റക്കിരുത്തരുത്.’
‘അനന്തേട്ടന് വന്നിച്ച് എവിടെപ്പോയി’
സാവിത്രി ഉറക്കമുണര്‍ന്നതുപോലെ ചോദിച്ചു.
‘അനന്തനില്ലത്തേക്ക് പോയി. ‘
വാസുദേവന്‍ എമ്പ്രാതിരിയാണതിന് ഉത്തരം പറഞ്ഞത്.അതുകേട്ട്ജയചന്ദ്രന് ആശ്ചര്യത്തോടെ ഇളയഫനെ നോക്കി. എന്നാല്‍ ജയയചന്ദ്രന് മുഖംകൊടുക്കാതെ അദ്ദേഹം മുകളിലേക്ക് നോക്കിനിന്നു. ജയചന്ദ്രന് പുറത്തേക്കിറങ്ങി ഇല്ലത്തിന് നേരെ നടന്നുകൊണ്ട് ജഹാംഗീറിനോടായി പറഞ്ഞു.
‘ഇല്ലത്തിരിക്കാം സാറെ. ‘
ജഹാംഗീറിനപ്പോള് എന്തുചെയ്യണമെന്നറിയില്ലായിരുന്നു. ഒരു പാവയെപ്പോലെ അയാള്‍ ജയചന്ദ്രന് പിന്നാലെ നടന്നു,
‘ഏടത്തി ഏട്ടന്റെ മരണത്തിന്റെ ഷോക്കില്‍നിന്ന് മാറിയിട്ടില്ല. അതുകൊണ്ടാ ഇങ്ങനെ ഓരോന്നുകാട്ടികൂട്ടണത്.സാറിന് ഒന്നും തോന്നരുത്.’ജയചന്ദ്രന് ശബ്ദം മയപ്പെടുത്തിപറഞ്ഞു.
‘എനിക്കറിയാം.’ ജഹാംഗീര്‍ പതിയെ മൂളിപറഞ്ഞു.
ഏട്ടന് മിക്കപ്പോഴും കാലത്തെ വണ്ടിയിലാണ് വരുക. ഇല്ലത്ത് വന്നുകേറുമ്പോ ഈ സമയമാകും. ഏട്ടന് മരിച്ചതറിഞ്ഞ് മൗനിയായ ഏട്ടത്തി സാറിനെകണ്ടപ്പോഴാണ് ഉണര്‍ന്ന് ഇങ്ങനെയൊക്കെ പെരുമാറിയത്. ജയചന്ദ്രന് തൊണ്ടയിടറി. ജഹാംഗീര്‍ പതിവായിപോക്കറ്റില് കരുതറുള്ള തൂവാലയെടുത്ത് കണ്ണ് തുടച്ചു.പൂമുഖത്തിട്ടിരുന്ന ചൂരല്‍കസേരയില്‍ ഇരുവരും ഇരുന്നു. ‘ഏട്ടനും ഇതേ പാന്റും.ഷര്‍ട്ടുമുണ്ട്.’ ജയചന്ദ്രന് ആശ്ചര്യത്തോടെ പറഞ്ഞു.
‘ഉം.ഞങ്ങള്‍രണ്ടാളും കൂടി കഴിഞ്ഞഓണത്തിന് പുളിമൂട്ടില്‍ വസ്ത്രങ്ങളുടെ പുതിയഷോറൂംവന്നപ്പോ ഒന്നുനോക്കികളയാമെന്ന്പോയികയറിയതാണ്. അനന്തനാണ് രണ്ടാള്‍ക്കും ഒരേ ഉടുപ്പും പാന്റും സെലക്ട് ചെയ്തത്. അവനെന്നേകൊണ്ട് കാഷ് കൊടുക്കാനും സമ്മതിച്ചില്ല. ‘ജഹാംഗറിന്റെ കണ്ണുകള്‍ ചുവന്നു.
അകത്തുനിന്ന് ‘ദേ’ എന്നൊരു വിളികേട്ടു. ജയചന്ദ്രന് എണീറ്റകത്തേക്ക് പോയി. സാറെ കഴിക്കാം. വെജിറ്റേറിയനാണെന്നേയുള്ളു. ദോശയും ചമ്മന്തിയും ഏത്തപ്പഴവുമുണ്ട്.
ഞാന്‍ വൈക്കത്തുനിന്ന് കാപ്പികഴിച്ചിരുന്നു.
എന്നാ ചായയെടുക്കാം.
മധുരം.
‘കുറച്ചാവാം.’ജഹാംഗീര്‍പറഞ്ഞു.
ഇതിനിടയില്‍ വാസുദേവന്‍ എമ്പ്രാന്തീരി നടന്നതൊക്കെ മകന് ഡോ: വിജയകൃഷ്ണനെ മൊബൈയിലില്‍ വിളിച്ചു പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ് മകന് അച്ഛനോട് പറഞ്ഞു.
എന്തായാലും മൗനം മാറിയല്ലോ. അതൊരുനല്ല ലക്ഷണമാണ്.
ഞാനുടനെ അങ്ങോട്ട് വരാം. ഡോക്ടര്ജോര്ജ്ജ് മാത്യുസാറിനേയും ~~ഒപ്പംകൂട്ടാം. ജോര്‍ജ്ജ് മാത്യു സാറ് ഏട്ടത്തിയുടെ സ്ഥിതിയിപ്പോ ചോദിച്ചുവച്ചതേയുള്ളു.
‘ങാ.’ എന്നാ നീ വേഗം വാ.
‘അച്ഛാ. ജഹാംഗീറിനോട് പോകല്ലേയെന്ന് ഒന്നു പറഞ്ഞേക്കണേ. ‘
ങാ.
വാസുദേവന്‍ എമ്പ്രാതിരി ഇല്ലത്തേക്ക് കേറിവന്നു. ജയചന്ദ്രനെണീറ്റുകൊണ്ടുപറഞ്ഞു. ഇളയഫനാണ്. ചായകുടിച്ചഗ്ലാസ്സ് ടീപ്പോയിലേക്ക് വച്ചുകൊണ്ട് ജഹാംഗീറും എണീറ്റു. ഇരിക്ക് ഇരിക്ക്…
വാസുദേവന്‍ എമ്പ്രാതിരി ഒരുപ്രത്യേകതാളത്തില്കൈവീശിപറഞ്ഞുകൊണ്ട് കസേരയിലിരുന്നു. എഴുപതുവയസ്സുതോന്നിക്കുന്ന വെളുത്തനിറമുള്ള കുറിയമനുഷ്യന്‍. നല്ലചുറുചുറുക്കുണ്ട്.പൂണൂലിന് പുറമെ വെള്ളികെട്ടിയരുദ്രാക്ഷമിട്ടിട്ടുണ്ട്.
കണ്ണിനൊരുതിളക്കമുണ്ട്.
‘സാറിന് ഉടനെ മടങ്ങണമെന്നുണ്ടോ. ‘
വാസുദേവന്‍ എമ്പ്രാതിരി ജഹാംഗീറിനോടായി ചോദിച്ചു.
എന്താണങ്ങനെചോദിച്ചതെന്ന ആലോചനയോട് ജഹാംഗീര്‍ പറഞ്ഞു.
‘ വന്ന ടാക്സി പുറത്തുകിടപ്പുണ്ട്. ‘
എന്റെ മകന് ഡോക്ടറാണ്. വിജയകൃഷ്ന് കോട്ടയംമെഡിക്കല്‍ കോളേജിലെ ഫിസിഷ്യനാണ്. മകനിങ്ങോട്ട് വരുന്നു.കൂടെ ഡോ.ഡോക്ടര്‍ ജോര്‍ജ്ജ് മാത്യുവും വരുന്നുണ്ട്.
‘മനോരോഗവിദഗ്ധന് ജോര്‍ജ്ജ് മാത്യു.’ ജഹാഗീര്‍ ചോദിച്ചു.
‘അതെ.’ ജയചന്ദ്രനാണതിനുത്തരംപറഞ്ഞത്.
‘ഞാന്‍ ഡ്രൈവറോട് പറയാം. അയാള്വെയ്റ്റ് ചെയ്തോളും.’ ജഹാംഗീര്‍പറഞ്ഞു.
‘ടാക്സി പറഞ്ഞയക്കുന്നതല്ലേ നല്ലത്. വണ്ടി ഇവിടുന്ന് വേറെ തരപ്പെടുത്താം. ജയചന്ദ്രന് മുറിച്ചുമുറിച്ചുപറഞ്ഞു.
‘ങാ.’ എന്നാലതാണ് നല്ലത്.’
ജഹാംഗീര്‍ പുറത്തേക്കിറങ്ങി ടാക്സിക്കാരനെ പറഞ്ഞുവിട്ടു.എന്നിട്ട് തിരികെ ഇല്ലത്തേക്ക് വന്നപ്പോള്‍ ചയചന്ദ്രന്‍ ഒരു മുറിതുറന്നുകൊടുത്തു. ഏട്ടന്റെകൂട്ടുകാരാരെങ്കിലും വന്നാലിവിടെയായിരുന്നു താമസിച്ചിരുന്നത്. ജഹാംഗീര്‍ മറിച്ചൊന്നും പറയാതെ മുറിക്കുള്ളിലേക്ക്കയറി. പഴയൊരുമുറിയാണ്. എന്നാല്‍ കോണ്ക്രീറ്റില്പണിതൊരുബാത്ത്റൂം അറ്റാച്ചിടായിട്ടുണ്ട്. ഇത് പിന്നീടെപ്പോഴോ പണിയിച്ചതാണ്. ഏച്ചുകെട്ടിയതുപോലെയുണ്ട്. നിഗൂഡമായതെന്തോക്കെയോ തനിക്ക് ചുറ്റുംനടക്കുന്നതായിജഹാംഗീറിന് തോന്നി. ഒരെത്തും പിടിയും കിട്ടുന്നില്ല.
സാവിത്രി ഉന്മേഷത്തോടെ അടുക്കളയില്‍കയറി എന്തൊക്കെയോ വിഭവങ്ങള്‍ ഒരുക്കാന്‍ തുടങ്ങി. എന്നിട്ട്മക്കളെ വിളിച്ചു. രണ്ടാളുംഅമ്മയുടെ അരികില്വന്നുനിന്നു.
വാത്സല്യത്തോടെ സാവിത്രി അവരോടുപറഞ്ഞു. നിങ്ങളുപോയി നിങ്ങടച്ഛനെവിളിച്ചോണ്ടുവാ. എന്തിനാ അവിടെക്കേറി അടയിരിക്കുന്നേ.ഇവിടല്ലേ ഇരിക്കേണ്ടത്. വന്നാലുടനെ ഇങ്ങനെപതിവുള്ളതല്ലല്ലോ.
മക്കള്‍ രണ്ടാളും കണ്ണീരില്ലാതെ മുഖം ചുളിച്ചുനിന്നു. അവരുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. ഇതുകേട്ടുകൊണ്ടുനിന്ന പാര്‍വ്വതി അന്തര്‍ജ്ജനം പറഞ്ഞു.
‘വിളിക്കാം സാവിത്രി.നീ ഒന്നടങ്ങ്. അനന്തന്റെ വീട്ടിലല്ലേ അവനിരിക്കുന്നത്.’
സമയം ഉരുണ്ടുവീണുകൊണ്ടിരുന്നു. ഡോക്ടര്‍ വിജയകൃഷ്ണനും ഡോക്ടര്‍ ജോര്‍ജ്ജ് മാത്യുവും ഇതിനിടയിലെപ്പോഴോ ഇല്ലത്തേക്ക് വന്നുകേറി. ഡോക്ടര്‍ ജോര്‍ജ്ജ് മാത്യു ജഹാംഗീറുമായിസംസാരിച്ചു.
‘ഭര്‍ത്താവിന്റെ അപ്രതീക്ഷിതമരണം ഇനിയും സാവിത്രിക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ഇതൊരുതരം ഇല്യൂഷനാണ്. മാറാന്‍ സമയം എടുക്കും. സാവിത്രിയെ സുഖപ്പെടുത്താന്‍ ജഹാംഗീറിന്റെ കൂടി സഹകരണം ഞങ്ങള്‍ക്ക് വേണം. എന്റെ മുമ്പിലിങ്ങനൊരുകേസ് ഇതാദ്യമാണ്. ഞാന്‍ ഡോക്ടര്‍ കോത്താരിയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉപദേശവും ഞാന്‍ തേടിയിട്ടുണ്ട്.സാവിത്രിയുടെ മുമ്പില്‍ ജഹാംഗീര്‍ അനന്തനാരായണനായിതന്നെ അഭിനയിക്കണം. ബുദ്ധുമുട്ടാണെന്നറിയാം. മറ്റുവഴിയൊന്നും കാണുന്നില്ല. ‘
ജഹാംഗീര്‍ ആകെ അങ്കലാപ്പിലായി, എന്താണ് പറയുക. എന്നാല്‍ ഡോക്ടര്‍ ജോര്‍ജ്ജ് മാത്യുജഹാംഗീറിന് ആത്മവിശ്വാസം നല്കി. അവര്‍ പരസ്പരം കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചു. വിജകൃഷ്ണനും ഡോര്‍ജ്ജ് മാത്യുവും യാതൊന്നുംസംഭവിക്കാത്തതുപോലെ അനന്തനാരായണന്റെ വീട്ടിലേക്ക് കയറിചെന്നു. സാവിത്രി അടുക്കളയില്‍നിന്ന് പുറത്തേക്ക് വന്നപ്പോള്‍ വിജയകൃഷ്ന്ചോദിച്ചു. ഏട്ടത്തിയമ്മേ.. ഏട്ടന്വന്നുവെന്നറിഞ്ഞു.
അടുത്തുനില്‍ക്കുന്നയാളെ സാവിത്രി ശ്രദ്ധിക്കുന്നതുകണ്ട് പറഞ്ഞു. ഇത് ഏട്ടന്റെ പഴയൊരുസുഹൃത്താണ്. ഡോ:ജോര്‍ജ്ജ്. അമേരിക്കയിലാണ്. ഏറ്റുമാനൂരാണ് വീട്. വന്നിട്ട് രണ്ടുദിവസമായിട്ടേയുള്ളു.
ഏട്ടന് ഇല്ലത്തേക്ക് പോയിരിക്കുകയാ. കയറി ഇരിക്ക് സിവിത്രി ഉന്മേഷത്തോടെ വിളിച്ചു. എന്നാ ഞങ്ങളില്ലേത്ത് പോയ്ക്കോളാം. വിജയകൃഷ്ണന് പറഞ്ഞു.
വേണ്ട. കുറെനേരമായി അങ്ങോട്ട്പോയിട്ട്.
ഭാര്യയുംമക്കളെയും കാണണമെന്ന വീണ്ടുവിചാരമൊന്നും ഇല്ലാതായല്ലോ ഭഗവാനേ അവര്‍ മനസ്സില്പുറുപുറുത്തു.
ഏട്ടനിതെന്താ പറ്റിയേ..സാവിത്രിപതുക്കെപറഞ്ഞു പുറത്തേക്കിറങ്ങി, പെട്ടെന്ന് തിരികെ കയറികൊണ്ടുപറഞ്ഞു.
‘ദേ ഏട്ടനെത്തി’.
ചിരകാലസുഹൃത്തെന്നഭാവേന ജോര്‍ജ്ജിന്റെ വരവിനെ ജഹാംഗീര്‍ ആഘോഷമായിഅവതരിപ്പിച്ചു. സാവിത്രിയെ സവിയെന്നാണ് അനന്തനാരായണന്‍ വിളിച്ചിരുന്നത്. ജഹാംഗീര്‍ സങ്കോചം ലേശവുമില്ലാതെ വിളിച്ചു.
സവീ..വീ,,,,
ജോര്‍ജ്ജിന് ഊണുകൊടുത്തേവിടാവൂ.
ചോറുകാണുമോടി സാവിത്രി അടുക്കളക്കാരി ജയന്തിയോട് രഹസ്യമായി ചോദിച്ചു.
ഉം… വേദനകടിച്ചമര്‍ത്തി ജയന്തി വിക്കിമൂളി.
ഞാന്‍ പപ്പടം കാച്ചാം. കൊണ്ടാട്ടം, മുരിങ്ങയിലക്കറി. അച്ചാറ്. സംഭാരം മതി.സാവിത്രി തന്നോട് തന്നെ പറഞ്ഞുകൊണ്ട് സാരികുത്തിമടക്കി അടുക്കളയിലേക്ക് കയറി.
തീ എരിഞ്ഞ്കത്താന് തുടങ്ങി.
സാവിത്രിപരിഭവത്തോടെ അനന്തനാരായണനെ കൈകാട്ടിവിളിച്ചു. എന്നിട്ട് ചുട്ടിത്തോര്ത്തെടുത്തുകൊടുത്തുകൊണ്ട് പറഞ്ഞു. കുശുകശുത്തു. ശീലമൊക്കെ മാറന്നു.കുളിക്കാനായാണ് നിര്‍ദ്ദേശമെന്ന് മനസിലാക്കി ജഹാംഗീര്‍ മുറിയിലെ ബാത്ത് റൂമിലേക്ക് കയറി കുളിച്ചുവന്നു. എല്ലാവരും ഉണ്ണാനിരുന്നു. സാവിത്രി സന്തോഷത്തോടെ ചോറും കറിയുംവിളമ്പി. ആര്യാമ്പ ദീര്‍ഘനിശ്വാസത്തോടെ പുറത്തേക്ക് നോക്കിയിരുന്നു.
രുചികരമായ നാടന്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചിട്ട് കൊല്ലങ്ങളായെന്ന്പറഞ്ഞ് സാവിത്രിയെ ഒന്നുപ്രസംശിക്കാന്ഡോ. ജോര്‍ജ്ജ് മറന്നില്ല. ഊണുകഴിഞ്ഞ് ജഹാംഗീര്‍ സാവിത്രിയെ മാറ്റിനിര്ത്തിപറഞ്ഞു. ജോര്‍ജ്ജിനൊപ്പം ബാംഗ്ലൂര്‍ വരെയൊന്നും പോകണം.ജോര്ജ്ജിനവിടെ കുറെപോര്പ്പര്ട്ടിയുണ്ട്. ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട്ചില്ലറ പ്രശ്നങ്ങള്‍പരിഹരിക്കാന്‍ ഞാന്കൂടെവേണമെന്ന പറയുന്നേ.
അതുകേട്ട് സാവിത്രിയുടെ മട്ടും ഭാവവും മാറി.
‘വീട്ടുകാരെവേണമെന്നില്ല. കൂട്ടുകാരുമതി.വന്നിട്ട് മക്കളോടെന്തെങ്കിലും ചോദിച്ചോ.’ തലവെട്ടിമാറ്റി സാവിത്രി ദേഷ്യത്തോടെ അടുക്കളയിലേക്ക് നടന്നു.
ജോര്‍ജ്ജ് അനന്തനോടായി പറഞ്ഞു.
നെടുമ്പാശ്ശേരിയില്‍നിന്ന് ഫ്ളൈറ്റ് അഞ്ചുമണിക്കാണ്. ഇപ്പോ ഇറങ്ങിയാലേ പറ്റൂ. അതുകേട്ട് അടുക്കളയിലിരുന്നു സാവിത്രി അരിശപ്പെട്ടു, വിജയകൃഷ്ണനത് കേട്ട് കണ്ണീരൊപ്പി. പിന്നെ അടുക്കളേലേക്ക്കയറി പറഞ്ഞു.
ഏട്ടത്തിയമ്മേ.. ഏട്ടന് വല്ലഡ്രസ്സോ മറ്റോ എടുക്കാനുണ്ടാകുമല്ലോ.
ഇതികേട്ടവര് നിസംഗതയോടെമൂളി.. ഉം.
പിന്നെമുറിയില്കയറി എന്തൊക്കെയോ പുറുപറുത്തു. കുറെക്കഴിഞ്ഞ് ചെറിയൊരുബാഗുമായി യെത്തി ജഹാംഗീറിന് നേരെ ശുണ്ഠിയോടെയതു നീട്ടി. ജഹാംഗീര്‍ അനന്തന്റെ മക്കളെ അടുത്തുവിളിച്ച് സ്നേഹാദ്രതയോടെതഴുകി. വിജയകൃഷ്ണന് തന്മയത്തോടെ പെരുമാറി. കൂടുതല്‍ സീനുകളുണ്ടാക്കാതെ ജഹാംഗീറിനേയും കൂട്ടി കാറിനടുത്തേക്ക് നീങ്ങി. കാറുപുറപ്പെട്ടു, എല്ലാവരും കൈവീശി. സാവിത്രിയത് കാണാനായിനിക്കാതെ വീട്ടിനുള്ളിലേക്ക് കയറി ഏങ്ങലടിച്ചുകരഞ്ഞു.ആര്യാംമ്പ വന്ന് ഓരോന്നുപറഞ്ഞ്സാന്ത്വനപ്പെടുത്തി.
കാറ് കോട്ടയത്തേക്ക് നീങ്ങി. ഡോ: ജോര്‍ജ്ജ് ജഹാംഗീറിനോടായി പറഞ്ഞു.സാറെന്തായാലും ഇടക്ക് ഇവിടേക്ക് വരണം. സാവിത്രിയുടെ മനസ്സ് അനന്തന്റെ മരണം അംഗീകരിക്കുന്നസമയം വരെ അതുവേണ്ടിവരും.
‘അനന്തന്റെ കുടുംബം എന്റേത്കൂടിയാണ്.’. ജഹാംഗീര്‍പറഞ്ഞു.
ഒരു ദുസ്വപ്നം കണ്ടുണര്‍ന്നതുപോലെ സാവിത്രി പഴയ സാവിത്രിയായി മടങ്ങിവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അല്ലേ വിജയകൃഷ്ണാ..
അതുകേട്ട് വിജയകൃഷ്ണന് പറഞ്ഞു.
‘വൈക്കത്തപ്പന് സഹായിക്കട്ടെ..’
കാറ് നേരെ റെയില്വേസ്റ്റഷനുമുമ്പിലേക്ക് പോയപ്പോള്‍ ജഹാംഗീര്‍ ആകാംക്ഷയോടെ ചുറ്റുപാടും പരതാന്‍ തുടങ്ങി. നിര്‍ത്ത് നിര്‍ത്ത് ജഹാംഗീര്‍ പറഞ്ഞു. കാറൊരുമാടക്കടയുടെ അടുത്തുനിന്നു.
ജഹാംഗീര്‍ ചോദിച്ചു.
‘ഒന്നുമുറുക്കുന്നോ.’
‘സാറിന് മുറുക്കുന്നശിലമുണ്ടോ’ വിജകൃഷ്ണന് ആകാംക്ഷയോടെ ചോദിച്ചു.
അതുകേള്ക്കാത്തമട്ടില് ജഹാംഗീര്‍ കാറില്‍നിന്നിറങ്ങി. ഒരു മുറുക്കാന്‍ ഓഡര്‍ കോടുത്തു, അരിഞ്ഞുകൂട്ടുന്ന പുകേലയില്നിന്ന് ഒന്നെടുത്ത് വായിലേക്കിട്ട് നുണഞ്ഞുഗുണനിലവാരം ഉറപ്പാക്കി തലകുലുക്കി, എന്നിട്ട് വെറ്റിലതുമ്പ് നുള്ളിവലംകണ്ണിനരുകിലായി ഒട്ടിച്ചു. അതുശ്രദ്ധിച്ചുകൊണ്ട് വിജയകൃഷ്ണന് പറഞ്ഞു. അനന്തേട്ടനും ഇങ്ങനെതന്നെയായിരുന്നു. ഡോ.ജോര്‍ജ്ജിന്റെ നെറ്റിയതുകേട്ട് വില്ലുപോലെ വളഞ്ഞു ചിന്തകള്‍ എയ്തുവിടാന്തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: