തൃശൂർ: ജില്ലയിൽ വിവിധയിടങ്ങളിൽ എടിഎമ്മികൾ കൊള്ളയടിച്ചു. മാപ്രാണം, കോലാഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് കൊള്ള. പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് സംഭവം. കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്.
65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളിൽനിന്നായി നഷ്ടപ്പെട്ടത്. ബാങ്ക് ജീവനക്കാരെത്തി എടിഎമ്മിൽ നിന്നും പിൻവലിച്ച തുകയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം മാത്രമേ നഷ്ടപ്പെട്ട തുക സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ. ഇതരസംസ്ഥാനക്കാരായ വിദഗ്ധ മോഷ്ടാക്കളിലേക്കാണ് സംശയം നീളുന്നത്.
മൂന്ന് എടിഎമ്മുകളിലും കവർച്ച നടത്തിയത് ഒരേ സംഘമാണെന്നാണ് നിഗമനം. 20 കിലോമീറ്ററിന് ഉള്ളിലുള്ള മൂന്ന് എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. മാപ്രാണത്തുനിന്നും മുപ്പത് ലക്ഷം, ഷോർണൂർ റോഡിലെ എടിഎമ്മിൽ നിന്ന് ഒമ്പതര ലക്ഷം, കോലൊഴി എടിഎമ്മിൽ നിന്ന് 25 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കാറിലാണ് പ്രതികൾ എത്തിയതെന്നാണ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം വ്യാജ നമ്പർ പ്ലേറ്റാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: