വിജയവാഡ : തിരുപ്പതി ക്ഷേത്രം സന്ദർശിക്കാനിരുന്ന മുൻമുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ വൈഎസ്. ജഗൻ മോഹൻ റെഡ്ഡിയെ വിമർശിച്ച് ടിഡിപി വക്താവ് കൊമ്മറെഡ്ഡി പട്ടാഭി റാം. തിരുപ്പതി പ്രസാദം തയ്യാറാക്കുന്നതിൽ മൃഗക്കൊഴുപ്പ് അടക്കം ഉപയോഗിച്ച് ജഗൻ പൊറുക്കാനാവാത്ത പാപം ചെയ്തുവെന്നും ഏഴു കുന്നുകൾ മുട്ടുകുത്തി കയറിയാലും ഭഗവാൻ ബാലാജി അദ്ദേഹത്തോട് ക്ഷമിക്കില്ലെന്നും പട്ടാഭി റാം പറഞ്ഞു.
ജഗൻ മോഹൻ റെഡ്ഡി പൊറുക്കാനാവാത്ത പാപമാണ് ചെയ്തിരിക്കുന്നത്. അതിനാൽ അദ്ദേഹത്തിന് ഒരു ആശ്വാസവും ലഭിക്കില്ലെന്നും പട്ടാഭി റാം പറഞ്ഞു. ജഗൻ ഭരണകൂടം മനപ്പൂർവ്വം ചെയ്തതാണെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകൾ തങ്ങൾ പുറത്തുവിട്ടിട്ടുണ്ട് അതിനാൽ ഇക്കാര്യത്തിൽ ജഗനോട് ക്ഷമിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
കൂടാതെ ബാലാജിയെ ദർശിക്കാൻ ആഗ്രഹിക്കുന്ന മറ്റ് മതങ്ങളിൽ നിന്നുള്ളവർ ഒരു പ്രഖ്യാപനത്തിൽ ഒപ്പിടുന്നത് ഒരു ആചാരമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ജഗൻ ഇക്കാര്യത്തിലും തെറ്റാണ് ചെയ്തത്. ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ബാലാജി ഭഗവാനിൽ വിശ്വാസമുണ്ടെന്ന് പ്രസ്താവിക്കുന്ന ഒരു പ്രഖ്യാപനത്തിൽ ഒപ്പിടണം. എന്നാൽ ഇത്രയും വർഷം മുഖ്യമന്ത്രിയായിരുന്ന ജഗൻ റെഡ്ഡി ഒപ്പിട്ടിട്ടില്ല. ഇത്രയും വർഷമായി ജഗൻ പ്രഖ്യാപനത്തിൽ ഒപ്പിടാതെയാണ് ക്ഷേത്രത്തിൽ കയറിയത്. അദ്ദേഹം ക്രിസ്തുമതത്തിൽ വിശ്വസിക്കുന്ന ആളാണെന്ന് തങ്ങൾക്കെല്ലാം അറിയാം. ഇനിയും ജഗൻ പ്രഖ്യാപനത്തിൽ ഒപ്പിട്ടില്ലെങ്കിൽ ക്ഷേത്രത്തിൽ കയറാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ വൈഎസ്ആർസിപിയുടെ കാലത്ത് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ നൽകിയിരുന്ന പ്രസാദമായ തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പ് ഉൾപ്പെടെ നിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. പിന്നീട് ഇത് വിവാദമാകുകയും ബിജെപി അടക്കമുള്ള പാർട്ടികൾ മുൻ സർക്കാരിനെതിരെ രംഗത്തുവരികയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: