പാരീസ്: സമീപകാല ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായ ഫ്രാന്‍സിന്റെ റാഫേല്‍ വരാനെ കരിയര്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. 31കാരനായ താരം 2018 ലോകകിരീടം നേടിയ ഫ്രാന്‍സ് ടീമില്‍ പ്രധാന താരമായിരുന്നു. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ പത്ത് വര്‍ഷം കളിച്ചു, 2011-21 കാലത്തെ ടീമിന്റെ പ്രധാന നേട്ടങ്ങളുടെയെല്ലാം ഭാഗവാക്കായി.
ഇക്കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ഇറ്റാലിയന്‍ ടീം കോമോയില്‍ ഫ്രീ ട്രാന്‍സ്ഫറായി ചേര്‍ന്നിരുന്നു. പക്ഷെ സീരി എ ലീഗില്‍ സാംപ്രോഡിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ മാത്രമേ കളിക്കാന്‍ സാധിച്ചുള്ളൂ. മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ വരാനെ വിശ്രമത്തിലിരിക്കെയാണ് ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
കോമോയ്‌ക്കൊപ്പം സീസണില്‍ കളിക്കാരനല്ലാതെ തുടരുമെന്ന് വരാനെ അറിയിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തെ റയല്‍ ബന്ധം അവസാനിപ്പിച്ച വരാനെ 2021ലാണ് ഓള്‍ഡ് ട്രാഫഡിലെത്തുന്നത്. യുണൈറ്റഡ് പ്രതാപം മങ്ങി നില്‍ക്കുകയാണെങ്കിലും 2022ല്‍ കരബാവോ കപ്പ് നേടിയപ്പോള്‍ വരാനെ ടീമിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം എഫ് എ കപ്പ് ഫൈനലില്‍ ചിരവൈരികളായ സിറ്റിയെ കീഴടക്കി കിരീടം സ്വന്തമാക്കിയപ്പോഴും പ്രതിരോധ ലൈനപ്പില്‍ ഈ ഫ്രഞ്ച് കാരന്‍ നിറഞ്ഞു നിന്നു. ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലെ വിരമിക്കല്‍ കുറിപ്പില്‍ വരാനെ പരാമര്‍ശിക്കുന്നുണ്ട്- എഫ് എ കപ്പ് നേട്ടത്തോടെയാണ് കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്, ഈ മടക്കവേളയില്‍ അത് വലിയ ആഹ്ലാദം പകരുന്നുവെന്ന് കുറിച്ചിട്ടുണ്ട്. നിരന്തരം പരിക്കുകള്‍ അലട്ടിക്കൊണ്ടിരുന്ന തനിക്ക് ഇനി ഏറെ മുന്നോട്ടുപാകാനില്ല. അക്കാര്യം വ്യക്തമായിരിക്കുന്നു. അതിനാലാണ് ഇപ്പോള്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് വരാനെ കുറിച്ചു.
2011ല്‍ റയലിലെത്തും മുമ്പ് ഒരു സീസണില്‍ ലെന്‍സിന് വേണ്ടി കളിച്ചിരുന്നു. തുടര്‍ന്ന് റയലിന്റെ സുവര്‍ണ കാലഘട്ടങ്ങളില്‍ ഒന്നില്‍ ടീമിനൊപ്പം സഞ്ചരിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്നില്‍ നിന്നും നയിക്കുന്ന ടീമിന്റെ പ്രതിരോധ നിരയില്‍ സെര്‍ജിയോ റാമോസിനൊപ്പം ചോര്‍ച്ചയില്ലാത്ത പ്രതിരോധകോട്ടതീര്‍ത്ത് വരാനെയും നിറഞ്ഞു നിന്നു. ഇക്കാലയളവില്‍ മൂന്ന് ലാ ലിഗ ടൈറ്റിലുകളും നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും റയല്‍ നേടി. റയലില്‍ നിന്ന് 34 ദശലക്ഷം പൗണ്ടിനാണ് യുണൈറ്റഡ് വരാനെയെ സ്വന്തമാക്കിയത്.
2013ല്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ ഇടം കണ്ടെത്തിയ വരാനെ 93 അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ചു. 2018ല്‍ റഷ്യന്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ പ്രിതരോധ നിരയുടെ അമരം വരാനെയ്‌ക്കായിരുന്നു. ഫ്രഞ്ച് ഫുട്‌ബോളിന്റെ ഇതിഹാസ പ്രതിരോധ താരം ദിദിയര്‍ ദെഷാംപ്‌സ് പരിശീലകനായ ടീമില്‍, പ്രതിരോധത്തിലൂന്നിയ ദെഷാംപ്‌സിന്റെ ടാക്ടിക്‌സുകളില്‍ വരാനെയുടെ പങ്ക് വളരെ വലുതായിരുന്നു. 2021ല്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടം നേടിയ ഫ്രഞ്ച് ടീമിലുണ്ടായിരുന്ന വരാനെ 2022ല്‍ ഫ്രാന്‍സ് റണ്ണറപ്പുകളായ ഖത്തര്‍ ലോകകപ്പിലും പ്രധാന താരമായി നിലകൊണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: