കോഴിക്കോട്: കര്‍ണാടകത്തിലെ ഷിരൂരില്‍ ചിലര്‍ക്കെങ്കിലും ചെറിയ ആശ്വാസവാര്‍ത്തയായിരുന്നു അര്ജുന് ഓടിച്ചിരുന്ന ലോറി കണ്ടെത്തിയതും അതില്‍ നിന്ന് അര്‍ജുന്റെ ഭൗതികാവശിഷ്ടങ്ങള്‍ കിട്ടിയതും. കാരണം, 71 നാള് നീണ്ട തിരച്ചില്‍ – രക്ഷാദൗത്യത്തില്‍ ഫലവത്തായ അന്ത്യമുണ്ടായതില്‍. എന്നാല്‍, ഇങ്ങ് കേരളത്തില്‍, കോഴിക്കോട്ട് കണ്ണാടിക്കലില്‍ അര്‍ജുന്റെ വീട്ടില്‍ മരവിച്ച മനസുകളുടെ ഇടര്‍ച്ചയുള്ള ശ്വാസനിശ്വാസങ്ങള്‍ മാത്രമായിരുന്നു.
അവര്‍ക്ക് ഉറക്കെയൊന്ന് തേങ്ങാനും കഴിയാത്ത അവസ്ഥ. മരണം സ്ഥിരീകരിക്കാനായിരുന്നില്ലല്ലോ, മരിച്ചിട്ടില്ലെന്ന് ഉറപ്പുകിട്ടാനായിരുന്നല്ലോ അവിടെ ആറേഴ് ജീവനുകള്‍ ഇത്രനാള്‍ കാത്തിരുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ്, ലോറിയും അതിനുള്ളില്‍ അര്‍ജുന്റേത് എന്ന് ഉറപ്പാക്കാവുന്ന മൃതദേഹവും കിട്ടിയെന്നറിഞ്ഞപ്പോള്‍ അലമുറയല്ല, അലോസരപ്പെടുത്തുന്ന ദു:ഖ നിശ്ശബ്ദതയായിരുന്നു.
വിവരമറിഞ്ഞ് ആശ്വസിപ്പിക്കാനും വിവരങ്ങള്‍ ആരായാനുമായി അയല്പക്കക്കാരും മാധ്യമപ്രവര്‍ത്തകരുമെത്തി. പക്ഷേ, ഒന്നും മിണ്ടാതിരിക്കുകയായിരുന്നു അച്ഛനും സഹോദരങ്ങളും ഭാര്യയും. ഇനിയും കാര്യങ്ങള്‍ പൂര്‍ണമായി പിടികിട്ടാതെ അര്‍ജുന്റെ കുഞ്ഞുമാത്രമാണ് എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരുന്നത്. ഒരു ഗ്രാമം മുഴുവനും മാത്രമല്ല ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരും കണ്ണാടിക്കലേക്ക് കാത്തിരിക്കുകയാണ്. അര്‍ജുന്റെ ഭൗതികദേഹം വൈകാതെ നാട്ടിലെത്തിച്ച് അന്തിമകര്‍മങ്ങള്‍ നടത്താനുള്ള നടപടികളുമായി നാട്ടുകാരും ബന്ധുക്കളുമുണ്ട്.
അര്ജുന് ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്, മകനെ ജീവനോടെ ഈ വീട്ടിലെത്തിക്കുമെന്ന് അര്‍ജുന്റെ അച്ഛന് വാക്കുകൊടുത്തിരുന്നു. ലോറി കാണാതായതുമുതല്‍ അര്‍ജുനെ തിരയാന്‍ മറ്റെല്ലാം ഉപേക്ഷിച്ച് ദൗത്യ നിര്‍വഹണ സംഘങ്ങള്ക്കൊപ്പമുണ്ടായിരുന്നു മനാഫ്. മനാഫ് കണ്ണീരോടെ പറയുന്നു, അര്‍ജുനെ തിരികെക്കൊണ്ടുവന്ന് നല്‍കുമെന്ന് ഞാന്‍ അവന്റെ അച്ഛന് വാക്കുകൊടുത്തിരുന്നു. ജീവനോടെ കൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞില്ല. അന്ത്യകര്‍മങ്ങള്‍ക്ക് ഭൗതികദേഹമെങ്കിലും ലഭ്യമാക്കാന്‍ കഴിഞ്ഞല്ലോ എന്ന് സമാധാനമുണ്ട്, പക്ഷേ, അവന്റെ നഷ്ടം സഹിക്കാനാവുന്നില്ല…
നാളെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടുമെന്നാണ് ഏറ്റവും പുതിയ വിവരം. സംസ്കാര കര്‍മ്മങ്ങള്‍ കണ്ണാടിക്കലെ വീട്ടില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: