തിരുവല്ല: ഈ വര്‍ഷം നവരാത്രിയിലെ അഷ്ടമി സ്പര്‍ശമുള്ള സന്ധ്യ ഒക്ടോബര്‍ 10ന് (1200 കന്നി 24, വ്യാഴം) ആയതിനാല്‍ ഇത്തവണ വിദ്യാരംഭം പൂജവയ്പ് കഴിഞ്ഞ് നാലാം ദിവസം (13 ഞായര്‍) ആണ്.
ദുര്‍ഗാഷ്ടമിയില്‍ പൂജവച്ചാല്‍ മഹാനവമി പൂജയും കഴിഞ്ഞ് മൂന്നാം ദിനമായ ദശമി പുലര്‍ച്ചെ വിദ്യാരംഭം നടത്തി പൂജയെടുക്കുന്നതാണ് പതിവ്. സന്ധ്യക്ക് അഷ്ടമി സ്പര്‍ശമുള്ള ദിവസം പൂജ വയ്ക്കണമെന്നും പുലര്‍ച്ചെ ആറു നാഴികയെങ്കിലും ദശമി തിഥിയുള്ള ദിവസം വിദ്യാരംഭത്തിന് എടുക്കണമെന്നുമാണ് വിധി. ഇത്തവണ ദുര്‍ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 11ന് പകല്‍ 14 നാഴിക 35 വിനാഴിക മാത്രമാണ് അഷ്ടമി തിഥിയുള്ളത്. ഉച്ചയോടെ തിഥി നവമിയാകും. അതിനാലാണ് സന്ധ്യക്ക് അഷ്ടമി സ്പര്‍ശം വരുന്ന ഒക്ടോബര്‍ 10ന് (വ്യാഴാഴ്ച) തന്നെ ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്ക്കേണ്ടി വരുന്നത്.
നവരാത്രിയില്‍ പ്രധാനം ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങളാണ്. ഇതില്‍ പ്രാധാന്യമേറിയ ദിനം മഹാനവമിയാണെങ്കിലും കേരളത്തില്‍ നവരാത്രി, ദുര്ഗാപൂജയെക്കാള് സരസ്വതീപൂജയ്ക്കു പ്രാധാന്യം നല്കി വിജയദശമി കൂടി ചേര്‍ത്ത് 10 ദിവസമാണ് ആചരണവും ആഘോഷവും. പത്താം ദിനമായ വിജയദശമിക്കാണ് പൂജയെടുപ്പും വിദ്യാരംഭവും.
ഇത്തവണ വ്യാഴാഴ്ച പൂജവച്ച് ഞായറാഴ്ച വിദ്യാരംഭം വരുന്നത് ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് വിദ്യാര്‍ത്ഥികളെയാണ്. ഹിന്ദു വിശ്വാസ പ്രകാരം ഗ്രന്ഥപൂജ നടത്തിയാല്‍ വിജയ ദശമിക്കു പൂജയെടുത്തേ അധ്യയനം പാടുള്ളൂ. ഇത്തവണ മഹാനവമി (12 ശനി), വിജയ ദശമി (13 ഞായര്‍) ദിനങ്ങളില്‍ മാത്രമാണ് അവധി. ദുര്‍ഗാഷ്ടമി ദിനമായ 11ന് (വെള്ളി) സര്‍ക്കാര്‍ അവധിയില്ല. അതിനാല്‍ വ്യാഴാഴ്ച പുസ്തകം പൂജവച്ച് പിറ്റേന്ന് കുട്ടികള്‍ സ്കൂളില്‍ പോകേണ്ടി വരും. ഇതൊഴിവാക്കാന്‍ ദുര്‍ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 11ന് സര്‍ക്കാര്‍ കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: