ന്യൂദല്‍ഹി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ അറസ്റ്റ് ഒഴിവാക്കന്‍ നടന് സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗിയില്‍ നിന്ന് ലഭിച്ച നിയമോപദേശ പ്രകാരം ഓണ്‍ലൈനായാണ് രഞ്ജിത റോത്തഗി വഴി ഹര്‍ജി നല്‍കിയത്.
സിദ്ദിഖ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുമെന്നത് മുന്നില്‍ കണ്ട് അതിജീവിത കോടതിയില്‍ തടസഹര്‍ജി നല്കി.സംസ്ഥാനസര്‍ക്കാരും തടസഹര്‍ജി സമര്‍പ്പിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതോടെയാണ് പരമോന്നത കോടതിയിലെത്തിയത്. ഹൈക്കോടതി വിധി വന്നതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാന്‍ സിദ്ദിഖ് നീക്കം തുടങ്ങി. മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗിയുമായി സിദ്ദിഖിന്റെ അഭിഭാഷകര്‍ സംസാരിച്ചു. വിധിപകര്‍പ്പും കൈമാറി.
പീഡനം നടന്നെന്ന് ആരോപണമുയര്‍ത്തി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസ് നല്‍കുന്നത്. ഈ കാലതാമസത്തേക്കുറിച്ച് വ്യക്തമായ വിശദീകരണമില്ല. അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് തനിക്ക് അവകാശമുണ്ടെന്നാണ് സിദ്ദിഖിന്റെ വാദം.സമൂഹത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണന്നും മറ്റു ക്രമിനല്‍ കേസുകള്‍ തന്റെ പേരില്‍ ഇല്ലെന്നും നടന് ചൂണ്ടിക്കാട്ടുന്നു.അന്വേഷണവുമായി കോടതി നിര്‍ദ്ദേശിക്കുന്ന തരത്തില്‍ സഹകരിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അതിജീവിത സമൂഹിക മാധ്യമങ്ങളിലടക്കം നടത്തിയ ചില പ്രസ്താവനകളും സിദ്ദിഖ് ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന.
അതിജീവിത സുപ്രീം കോടതിയില്‍ നല്കിയ തടസഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് അതിജീവിതയ്ക്കായി ഹാജരായേക്കും. സംസ്ഥാന സര്‍ക്കാരും തടസഹര്‍ജി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: