കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ പൊതുദര്‍ശനത്തിനിടെ തന്നെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയുമായി മകള്‍ ആശ ലോറന്‍സ്. കൊച്ചി കമ്മീഷണര്‍ക്കാണ് ആശ പരാതി നല്‍കിയത്. പരാതി കമ്മീഷണര്‍ നോര്‍ത്ത് പൊലീസിന് കൈമാറി. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, സഹോദരനും ഗവ. പ്ലീഡറുമായ അഡ്വ. എം.എൽ.സജീവൻ, സഹോദരീ ഭർത്താവായ ബോബൻ വർഗീസ് എന്നിവർ തന്നെയും മകനെയും കയ്യേറ്റം ചെയ്തെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ഇ മെയിലായി നൽകിയ പരാതിയിൽ പറയുന്നു.
വനിതകള്‍ അടങ്ങിയ സിപിഎം റെഡ് വളണ്ടിയര്‍മാര്‍ മര്‍ദ്ദിച്ചെന്നും സഹോദരന്‍ എം.എല്‍ സജീവനും സഹോദരിയുടെ ഭര്‍ത്താവ് ബോബനും മര്‍ദ്ദനത്തിന് കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു. ശനിയാഴ്ച ഉച്ചയ്‌ക്കാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എം.എം.ലോറൻസ് അന്തരിച്ചത്. തിങ്കളാഴ്ച എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മൃതദേഹം ഗവ. മെഡിക്കൽ കോളജിന് വിട്ടുനൽകാനുള്ള സഹോദരങ്ങളുടെ തീരുമാനത്തിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, മക്കളുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാൻ മെഡിക്കല്‍ കോളജിന് ഹൈക്കോടതി നിർദേശം നൽകി. പിന്നാലെ ആശയും മകനും ടൗൺഹാളിലെത്തി. വൈകിട്ട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്തായിരുന്നു കയ്യാങ്കളിയും ഉന്തും തള്ളും അരങ്ങേറിയത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റെന്നും ആശ ആരോപിക്കുന്നു. അതേസമയം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് ഏറ്റെടുക്കുന്നതില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. ലോറന്‍സിന്റെ മൂന്നു മക്കളോടും ഇന്ന് ഹാജരാകാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജ് അഡ്വസൈറി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായാവും കുടുംബം നിലപാട് അറിയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: