ന്യൂദല്‍ഹി: ചെസ്സില്‍ ഗ്രാന്‍റ് മാസ്റ്റര്‍മാരായ രണ്ട് മക്കള്‍ കളിക്കാന്‍ പോകുന്നത് ലോകത്തിന്റെ പല കോണുകളിലേക്ക്. മകന്‍ പ്രജ്ഞാനന്ദ യുഎസിലാണെങ്കില്‍ മകള്‍ വൈശില ചിലപ്പോള്‍ ആസ്ത്രേല്യയിലായിരിക്കും. ഈ രണ്ട് മക്കള്‍ക്കാണെങ്കിലോ അമ്മ നാഗലക്ഷ്മിയുടെ രസവും സാമ്പാറും ചോറുമൊക്കെയാണ് വയറ്റിന് പിടിക്കുക. യൂറോപ്പിലെയും അമേരിക്കയിലെയും ബര്‍ഗറും പിസ്സയുമെല്ലാം രണ്ട് ദിവസം കൊണ്ട് മക്കളുടെ വയറിന്റെ താളം തെറ്റിയ്‌ക്കും. അതുകൊണ്ട് രണ്ടുപേരും കളിക്കുന്നിടത്തെല്ലാം കഴിയുന്നതും പ്രഷര്‍ കുക്കറുമെടുത്ത് പോകുന്നതാണ് നാഗലക്ഷ്മിയുടെ പതിവ്. ഭര്‍ത്താവ് രമേഷ് ബാബുവാണ് രണ്ടു മക്കളേയും ചെസ്സിലേക്ക് നയിച്ചതെങ്കിലും അദ്ദേഹം ചെന്നൈയില്‍ തമിഴ്നാട് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിലാണ് ജോലി.
സൂസന്‍ പോള്‍ഗാറിന്റെ നാഗലക്ഷ്മിയെക്കുറിച്ചുള്ള പോസ്റ്റ്:
I had to come by to meet this amazing Chess Mom who devoted her life to raise 2 super Chess Stars! 🇮🇳🥇🏆🥇🏆🇮🇳#BudapestOlympiad #FIDE100 @FIDE_chess @WOMChess @aicfchess @rpraggnachess @chessvaishali pic.twitter.com/o2iYTt6H3h
— Susan Polgar (@SusanPolgar) September 23, 2024
കഴിഞ്ഞ ദിവസം ഇന്ത്യ 180 രാജ്യങ്ങള്‍ മാറ്റുരച്ച ചെസ് ഒളിമ്പ്യാഡില്‍ വനിതകളുടെയും പുരുഷന്‍മാരുടെയും വിഭാഗങ്ങളില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ രണ്ട് ഇന്ത്യന്‍ ടീമുകളിലും നാഗലക്ഷ്മിയുടെ രണ്ട് മക്കള്‍ ഉണ്ടായിരുന്നു. പ്രജ്ഞാനന്ദ ഇന്ത്യന്‍ പുരുഷവിഭാഗം ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ വൈശാലി ഇന്ത്യന്‍ വനിതാവിഭാഗം ടീമില്‍ അംഗമായിരുന്നു. ഇതിലപ്പുറം യാതൊന്നും നാഗലക്ഷ്മി മോഹിക്കുന്നില്ല. കാരണം അവര്‍ സാധാരണ നാട്ടിന്‍പുറത്തുകാരിയാണ്. പക്ഷെ ശൈവഭക്തയാണ്. അതുകൊണ്ടാണ് പ്രജ്ഞാനന്ദയ്‌ക്ക് അവര്‍ കുഞ്ഞായിരിക്കുമ്പോഴേ നെറ്റിയില്‍ ഭസ്മക്കുറി തൊട്ടുകൊടുത്തത്. ഈ 18ാം വയസ്സിലും അമേരിക്കയിലായാലും സ്പെയിനിലായാലും ദുബായിലായാലും പ്രജ്ഞാനന്ദ മുടങ്ങാതെ നെറ്റിയില്‍ ഭസ്മക്കുറി അണിയുന്നു.
ഹംഗറിയിലെ ബുഡാപെസ്റ്റിലായിരുന്നു ഇക്കുറി ചെസ് ഒളിമ്പ്യാഡ് മത്സരം. മകനും മകളും ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നതിനാല്‍ നാഗലക്ഷ്മിക്ക് സുഖമായി. രണ്ടുമക്കള്‍ക്കും വേണ്ടി ഒരു കുക്കറില്‍ സാമ്പാറും ചോറും വേവിച്ചാല്‍ മതി. പിന്നെ അല്‍പം രസവും. രണ്ടു മക്കളും അത് ടീമുകള്‍ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയപ്പോള്‍ നാഗലക്ഷ്മിയും ഫോട്ടോയ്‌ക്ക് പോസ് ചെയ്തിരുന്നു.
മുന്‍ ലോകവനിതാ ചാമ്പ്യനും ഹംഗറിയിലെ താരവുമായ സൂസന്‍ പോള്‍ഗാര്‍ നാഗലക്ഷമിയെ പ്രത്യേകം അഭിനന്ദിച്ചു. ഇവര്‍ ഒരു അത്ഭുതപ്പെടുത്തുന്ന ചെസ് അമ്മയാണ് എന്നായിരുന്നു സൂസന്‍ പോള്‍ഗാറിന്റെ കമന്‍റ്. തന്റെ രണ്ട് മക്കളുടെ ചെസ് ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ ഇളകാത്ത പിന്തുണ നല്‍കിയ അമ്മയാണ് നാഗലക്ഷ്മിയെന്നും സൂസന്‍ പോള്‍ഗാര്‍ പറയുന്നു. ഒരു കാലത്ത് വനിതാ ചെസ്സില്‍ ലോകം ഭരിച്ചിരുന്നത് ഹംഗറിയില്‍ നിന്നുള്ള പോള്‍ഗാര്‍ സഹോദരിമാരായിരുന്നു. മൂന്ന് പേരാണ് പോള്‍ഗാര്‍ സഹോദരിമാരുടെ കൂട്ടത്തില്‍ ഉള്ളത്. സൂസന്‍ പോള്‍ഗാര്‍, ജൂഡിത് പോള്‍ഗാര്‍, സോഫിയാ പോള്‍ഗാര്‍. 15 വയസ്സും നാല് മാസവും ഉള്ളപ്പോള്‍ ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയ ജൂഡിത് പോള്‍ഗാര്‍ ലോകത്തെ വിസ്മയിപ്പിച്ച ഗ്രാന്‍റ് മാസ്റ്ററായിരുന്നു. സൂസന്‍ പോള്‍ഗാറിന്റെ സഹോദരി ജൂഡിത് പോള്‍ഗാറും ലോകവനിതാ ചെസ് ചാമ്പ്യനായിരുന്നു. മാഗ്നസ് കാള്‍സനെ ഉള്‍പ്പെടെ ജൂഡിത് പോള്‍ഗാര്‍ തോല‍്പിച്ചിട്ടുണ്ട്. ക്ലാസിക്കല്‍ ചെസില്‍ 1996 മുതല്‍ 1999 വരെ ലോകചാമ്പ്യനായിരുന്നു സൂസന്‍ പോള്‍ഗാര്‍. 23 വര്‍ഷക്കാലം ചെസിലെ ലോകത്തിലെ മൂന്ന് റാങ്കുകാരില്‍ ഒരാളായി തുടര്‍ന്നു. 1990ല്‍ ചെസില്‍ ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ നേടിയ താരമാണ് സോഫിയ പോള്‍ഗാര്‍. ഹംഗറിയിലെ ചെസ് അധ്യാപകനായ ലാസിയോ പോള്‍ഗാറിന്റെ മക്കളായിരുന്നു ഇവര്‍ മൂന്ന് പേരും.
“ഞാനിന്നൊരു അത്ഭുതപ്പെടുത്തുന്ന ചെസ്സമ്മയെ കണ്ടുമുട്ടി. തന്റെ രണ്ട് സൂപ്പര്‍ ചെസ് താരങ്ങളെ വാര്‍ത്തെടുക്കാന്‍ തന്റെ ജീവന്‍ സമര്‍പ്പിച്ച അമ്മയെ. “- സൂസന്‍ പോള്‍ഗാര്‍ എക്സില്‍ കുറിച്ചു.
വീട്ടിലെ ഭക്ഷണം നല്‍കി അവരുടെ ആരോഗ്യം ഉറപ്പുവരുത്തകയാണ് നാഗലക്ഷ്മിയുടെ ഇപ്പോഴത്തെ ഡ്യൂട്ടി. ജീവിതത്തിലെ വെല്ലുവിളികളില്‍ അമ്മ എത്രത്തോളം തുണയായിട്ടുണ്ടെന്ന് പ്രജ്ഞാനന്ദയും വൈശാലിയും പറയുന്നു. അവര്‍ക്ക് അമ്മയെക്കുറിച്ച് എത്രയോ പറയാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: