തിരുവനന്തപുരം: മോശം പെരുമാറ്റത്തിന്റെ പേരില്‍ സംസ്ഥാനത്തെ മൂന്ന് കെഎസ്ഇബി ജീവനക്കാര്‍ക്ക് സസ്പന്ഷന്. തലയാഴം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരായ അഭിലാഷ് പി.വി, സലീം കുമാര്‍ പി.സി, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍ സുരേഷ് കുമാര്‍ പി എന്നിവരെയാണ് കെഎസ്ഇബി ചെയര്‍മാന്റെ നിര്‍ദേശാനുസരണം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
തലയാഴം സെക്ഷനിലെ ജീവനക്കാരായ അഭിലാഷും സലിം കുമാറും ബാറില്‍ നിന്ന് മദ്യപിച്ച ശേഷം പണം നല്‍കാതെ പോകാനൊരുങ്ങിയപ്പോള്‍ ജീവനക്കാര്‍ തടയുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം തലയാഴം 11 കെ.വി ഫീഡര്‍ ഓഫ് ചെയ്തെന്നമാണ് ആരോപണം. ഇത് കാരണം ഒരു പ്രദേശത്തെ വൈദ്യുതി മുടങ്ങി. ജീവനക്കാരുടെ പ്രവൃത്തിയുടെ വാര്‍ത്തകള്‍ വന്നതോടെ ഇക്കാര്യം അന്വേഷിക്കാന്‍ കെഎസ്ഇബി ചെയര്മാന് ഉത്തരവിട്ടു. അന്വേഷണം നടത്തി ചീഫ് വിജിലന്‍സ് ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
ചേപ്പാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കറായ സുരേഷ് കുമാര്‍ ആലപ്പുഴ പാണവള്ളി പഞ്ചായത്തിലെ ഒരു വീട്ടില്‍ മദ്യപിച്ചെത്തി അതിക്രമം നടത്തിയെന്ന് ഒരു സ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസില്‍ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരായ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: