Literature

താരയുടെ കത്തുകള്‍ (കഥ)- വിനീത വേണാട്‌

Published by

കഥ

താരയുടെ കത്തുകള്‍

വിനീത വേണാട്‌

ആ വീടിന്റെ ചുമരുകള്‍ നിറയെ ഓര്‍മ്മകള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ ആയിരുന്നു. ചുമരുകളെ ഓര്‍മ്മകള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് അയാള്‍ ആ വീട്ടില്‍ ഏകാകിയായി. അഞ്ചു മുറികളുള്ള ആ വീട്ടില്‍ ചിന്തിക്കാനും ഓര്‍മ്മകളെയെല്ലാം തേച്ചുമിനു
ക്കി വെടിപ്പായി വയ്‌ക്കാനും കഴിയുന്ന ഏക ജീവി അയാളായിരുന്നു, ഡാനിയേല്‍. ഏകാന്തതയുടെ മടുപ്പ് ഏശാതെ ആരെയോ പ്രതീക്ഷിച്ചുകൊണ്ട് ഡാനിയേല്‍ അനേകം പടികള്‍ കടന്ന് എത്തേണ്ട തന്റെ ഛായ ബാംസുരി എന്ന വീട്ടില്‍ കഴിഞ്ഞു. നിഴലും പുല്ലാംകുഴലും മേളം തീര്‍ക്കുന്നയിടത്ത് ഡാനിയേലിന്റെ നീണ്ട മൗനവും ഇടയ്‌ക്കിടെയുള്ള നെടുവീര്‍പ്പുകളും അപരിചിതരെപ്പോലെ മുഖം തിരിഞ്ഞു നിന്നു.
വീടിനു മുന്നില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന മുള മരങ്ങളില്‍ നിന്നടര്‍ന്ന് വീണ ഇളം മഞ്ഞ നിറമുള്ള നീണ്ട ഇലകള്‍ മുറ്റത്തും പടികളിലുമായി നിറഞ്ഞു കിടന്നു. കരിയില അനക്കമാണ് ഡാനിയേലിന്റെ കോളിംഗ് ബെല്‍. ആ അനക്കത്തിന് കാതോര്‍ത്താലും ഫലം നിരാശ തന്നെ.
വീടിനു പുറത്തേക്ക് ഡാനിയേല്‍ ഇറങ്ങുന്നത് അപൂര്‍വ്വമായിട്ടാണ്. അയാള്‍ നാട്ടുകാര്‍ക്ക് എന്നും വിസ്മയമാണ്. ഒത്ത ശരീരവും നരച്ച താടിയും മുടിയും എല്ലാം ചേര്‍ന്ന രൂപം. മൗനി ബാബ എന്നാണ് നാട്ടുകാര്‍ അയാള്‍ക്കിട്ടിരിക്കുന്ന പേര്. അധികമാരോടും ഡാനിയേല്‍ സംസാരിക്കാറില്ല. വീട്ടിലേക്കാവശ്യമായ സാധനസാമഗ്രികള്‍ വാങ്ങാന്‍ പുറത്തിറങ്ങുമ്പോഴല്ലാതെ അയാളെ അധികമാരും വെളിയില്‍ കണ്ടിട്ടുമില്ല.
അന്നാട്ടിലെ പോസ്റ്റുമാനാണ് വല്ലപ്പോഴുമെങ്കിലും അയാളെ തേടി എത്താറുള്ളത്. നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന നിധിപേടകത്തിന്റെ സൂക്ഷിപ്പുകാരനെ പോലെ അയാള്‍ ആ പടികള്‍ കയറി പോകും. വരും. പോസ്റ്റുമാന്റെ വരവും പോക്കും കാണ്‍കേ ചിലര്‍ ഡാനിയേലിന്റെ ഭൂതകാലം ഓര്‍ത്തു മൂക്കത്ത് വിരല്‍ വയ്‌ക്കും.
ഒരു ദിവസം കറുത്ത നിറത്തിലുള്ള നീളന്‍ പാവാടയും ചുവന്ന ടോപ്പും അണിഞ്ഞൊരു പെണ്‍കുട്ടി ഛായ ബാംസുരിയിലേക്ക് പടികള്‍ കടന്നെത്തി. വാതിലില്‍ മുട്ടി വിളിച്ചു. നീെണ്ടാരു ധ്യാനത്തില്‍ നിന്നുണര്‍ന്നവനെപോലെ ഡാനിയേല്‍ വാതില്‍ തുറന്നു. മുന്നില്‍ നിന്ന പെണ്‍കുട്ടി സ്വയം പരിചയപ്പെടുത്തി, ‘ഞാന്‍ നടാഷ. ദാ ആ റോഡിന് അപ്പുറത്തുള്ള പുതിയ വീട്ടിലെ താമസക്കാരിയാണ്. അച്ഛന്‍ അരവിന്ദ് മേനോന്‍. അമ്മ നിഷ. അവിടെ നിന്ന് നോക്കിയപ്പോള്‍ ഈ വീടിന് എന്തോ ഒരു പ്രത്യേകത ഉള്ളതുപോലെ. അതുകൊണ്ടാണ് ഞാന്‍ വന്നത്’.
ഡാനിയേലിന്റെ കണ്ണുകളപ്പോള്‍ നടാഷയുടെ കറുത്ത ചുരുള്‍മുടിയിലായിരുന്നു. മുളം കാറ്റേറ്റ് അവ ഇളകിക്കൊണ്ടിരുന്നു. അയാള്‍ അവളെ അകത്തേക്ക് ക്ഷണിച്ചു.
നിര്‍വചിക്കാനാവാത്ത എന്തോ ഒന്ന് തന്നെ വരിഞ്ഞുമുറുക്കുന്നതായി നടാഷക്ക് തോന്നി. ഡാനിയേലിന്റെ സ്വീകരണമുറിയില്‍ ഗൃഹനാഥനെയല്ലാതെ അന്യരെ വീര്‍പ്പുമുട്ടിക്കാന്‍ തക്കംപാര്‍ത്ത് മൗനത്തിന്റെ വേരുകള്‍ അദൃശ്യമായി തൂങ്ങിയാടുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു.
ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും പ്രസക്തിയില്ലാതെ നിമിഷങ്ങള്‍ അവര്‍ക്കിടയിലൂടെ കടന്നുപോയി. സ്വീകരണമുറിയില്‍ നിന്ന് അകത്തെ മുറിയിലേക്ക് തുറക്കുന്ന വാതില്‍ മുക്കാല്‍ഭാഗവും ചിതലരിച്ചിരിക്കുന്നു. രാത്രികാലങ്ങളില്‍ ചിതലുകള്‍ ഈയാംപാറ്റകളായി ഉയിര്‍ത്തെഴുന്നേറ്റ് ഡാനിയേലിന്റെ മൗനത്തിന് മുന്നില്‍ വേദവാക്യങ്ങള്‍ ഓതിയിട്ടുണ്ടാകാം.
‘അങ്കിളിന് ഇവിടെ ഇങ്ങനെ ഒറ്റയ്‌ക്ക് താമസിക്കാന്‍ പേടിയാവില്ലേ’? നടാഷ ചോദിച്ചു. ഡാനിയേലിന്റെ മൗനത്തെ ഈര്‍ച്ച വാളുകൊണ്ട് അറക്കുന്നത് പോലെയായിരുന്നു ആ ചോദ്യം. അയാള്‍ മെല്ലെയെഴുന്നേറ്റു. ചുമരില്‍ തൂങ്ങിക്കിടക്കുന്ന ഓരോ ഫ്രെയിമിലേക്കും നോക്കിക്കൊണ്ട് പറഞ്ഞു. ‘ഞാന്‍ ഒറ്റയ്‌ക്കല്ല’. ദാ ഈ ഫ്രെയിമുകള്‍ക്കുള്ളിലെ രൂപങ്ങള്‍ക്കൊക്കെ ജീവിതമുണ്ടായിരുന്നു. കുട്ടിയുടെ ചുരുള്‍മുടികള്‍ പോലെ കെട്ടുപിണഞ്ഞ ജീവിതം. പിന്നെ എത്രയെത്ര ഉറുമ്പുകളും എലികളും എട്ടുകാലികളും ഞാന്‍ ഉണ്ണുന്നുേണ്ടാ ഉറങ്ങുന്നുേണ്ടാ എന്ന് നോക്കി എന്റെ കണ്‍വെട്ടത്ത് ഇങ്ങനെ വിഹരിക്കുന്നു. അപ്പോള്‍ ഞാന്‍ ഒറ്റയ്‌ക്കാണെന്ന് പറയാന്‍ പറ്റുമോ?
നടാഷ അത്ഭുതത്തോടെ ഡാനിയേലിനെ നോക്കി.
ഫ്രെയിമുകള്‍ക്കുള്ളിലെ ജീവിതങ്ങള്‍ തന്റെ മുന്നിലേക്കിറങ്ങിവന്നു അത്യന്തം നിഗൂഢമായ അവരുടെ സഞ്ചാര രഹസ്യങ്ങളെ പറ്റി പറയുമോയെന്ന് നടാഷ ശങ്കിച്ചു. അങ്ങനെയായിരുന്നെങ്കില്‍ എന്നും ചിന്തിക്കാതിരുന്നില്ല. കറുപ്പും വെളുപ്പും മാത്രമായ ജീവിതങ്ങള്‍.
കൂടുതല്‍ നേരം അവിടെ നില്‍ക്കാന്‍ അവള്‍ക്കായില്ല. നടാഷ പടികളിറങ്ങി.

വിചാരണ

ഞാന്‍ പോകുന്നു. എവിടേക്കെന്ന് ചോദിക്കരുത്. അന്വേഷിച്ച് പിന്നാലെ വരരുത്. കത്തുന്ന കണ്ണുകളോടെ ഇത്രമാത്രം പറഞ്ഞു ഇറങ്ങിപ്പോയവളെ, താരയെ ഡാനിയേല്‍ ഓര്‍ത്തു. നിറയെ വളവുതിരിവുകളുള്ള ഒരു ചുരം പോലെയായി അപ്പോള്‍ ആ മനസ്സ്. അപകടങ്ങള്‍ പതിയിരിക്കുന്ന വളവുകള്‍ ഒരര്‍ത്ഥത്തില്‍ മനസ്സ് തന്നെയാണ്. മനുഷ്യന്റെ മനസ്സ് പോലെ അപകടം പി
ടിച്ച ഒന്ന് വേറെയുണ്ടാവില്ല. അയാളുടെ മനസ്സ് വീണ്ടും താരയിലേക്ക് കുടിയേറി. താരയുടെ ഇറങ്ങിപ്പോക്ക് അത്ര അസ്വാഭാവികമായി ഡാനിയേല്‍ കരുതുന്നില്ല. എന്നെങ്കിലുമൊരിക്കല്‍ അവള്‍ അതു തന്നെ ചെയ്യുമെന്ന് അയാള്‍ക്ക് അറിവുള്ളതായിരുന്നു. അങ്ങനെ തോന്നാന്‍ പ്രത്യേകിച്ച് കാരണവുമില്ല. ഒരുള്‍വിളി പോലെ എന്തോ ഒന്ന്.
നാലുവര്‍ഷം മുമ്പ് അവളുടെ മുപ്പത്തിയാറാം വയസ്സില്‍ ഛായാ ബാംസുരിയില്‍ നിന്നിറങ്ങുമ്പോള്‍ ഒരു തോള്‍സഞ്ചിയില്‍ കൊള്ളുന്നതേ താരയുടെ സമ്പാദ്യമായി ഉണ്ടായിരുന്നുള്ളൂ. അതില്‍ എന്തൊക്കെ ഉണ്ടായിരുന്നുവെന്ന് ഇന്നും ഡാനിയേലിന് അറിവില്ല. പുറത്ത് മഴ ചിണുങ്ങുന്ന ശബ്ദം. എന്നോ തുറന്നിട്ട ജനാലകള്‍ വലിച്ചടച്ചശേഷം ഡാനിയേല്‍ ഒരു വലിയ ട്രങ്ക് പെട്ടിയെടുത്ത് പൊടിപിടിച്ച ടീപ്പോയ്‌ക്ക് മേല്‍ കൊണ്ടുവന്നുവച്ചു. പെട്ടി തുറന്നപ്പോള്‍ അതില്‍നിന്ന് പുറത്തേക്കു വന്ന ഗന്ധം അയാള്‍ ആഞ്ഞു വലിച്ചു. താരയുടെ മണം. വലിയൊരു തടിപ്പെട്ടിയില്‍ അടുക്കിവച്ച വസ്ത്രങ്ങള്‍ വാസനിക്കുന്നതിനായി അതിനടിയില്‍ കൈതപ്പൂ സൂക്ഷിച്ച വല്യമ്മച്ചിയുടെ സ്മരണയില്‍ ഒരുനിമിഷം അയാള്‍ കണ്ണുകളടച്ചു.
തോട്ടിറമ്പില്‍ പൂത്തുനിന്ന കൈതച്ചെടികളില്‍നിന്ന് കൈതപ്പൂ പൊട്ടിക്കാന്‍ സാഹസപ്പെടുന്ന ഒരു ബാലന്‍. വല്യമ്മച്ചിയുടെ പലഹാര പാത്രങ്ങള്‍ ആയിരുന്നു അതിന് അവനെ പ്രലോഭിപ്പിച്ചിരുന്നത്. എല്ലാക്കാലത്തും ലഭിക്കാത്ത കൈതപ്പൂ വല്യമ്മച്ചിയെ സംബന്ധിച്ച് ഒരപൂര്‍വ്വ വസ്തുവായിരുന്നു. എത്ര കൈതപ്പൂ കിട്ടുന്നോ അതിനനുസരിച്ചായിരുന്നു വല്യമ്മച്ചിയില്‍നിന്ന് കിട്ടിയിരുന്ന പലഹാരത്തിന്റെ കണക്ക്. കൈതമുള്ള് കൊണ്ട് ഉരഞ്ഞ് കൈത്തണ്ട പൊട്ടുന്നതൊന്നും അതുകൊണ്ട് അവന് വിഷയമായിരുന്നില്ല. ആ പത്ത് വയസ്സുകാരന് അന്ന് അവന്റെ നാവിന് അനുഭവപ്പെടുന്ന രുചിയേക്കാള്‍ മറ്റൊന്നും വലുതായിരുന്നില്ലല്ലോ! കണ്ട തീറ്റസാധനങ്ങളെല്ലാം കൊടുത്ത് ചെക്കനെ ഒരു തീറ്റപ്പണ്ടാരം ആക്കി എന്ന അമ്മയുടെ ശകാരം വല്യമ്മച്ചി കേട്ടില്ല എന്ന് നടിച്ചു. അവര്‍ പിന്നെയും പിന്നെയും പലഹാരങ്ങള്‍ ഉണ്ടാക്കി പലഹാര പാത്രങ്ങളില്‍ നിറയ്‌ക്കുകയും അതില്‍നിന്നൊരു ഓഹരി തന്റെ പേരക്കുട്ടിക്ക് കൊടുക്കുകയും ചെയ്തുപോന്നു. ആ കുട്ടി ഏതേതെല്ലാമോ പരിതസ്ഥിതികളിലൂടെയും അവസ്ഥാന്തരങ്ങളിലൂടെയും സഞ്ചരിച്ച് ഇന്നിപ്പോള്‍ അവനൊരു ഉടയവള്‍ ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു.
ഡാനിയേല്‍ ട്രങ്ക് പെട്ടിയില്‍നിന്ന് പട്ടുനൂലുകള്‍ കൊണ്ട് ബന്ധിച്ച ഒരു കെട്ട് എടുത്തു. തന്റെ കയ്യില്‍ കിട്ടിയ മുറപ്രകാരം അടുക്കി സൂക്ഷിച്ച എഴുത്തുകളായിരുന്നു ആ കെട്ടില്‍. അതില്‍നിന്ന് ആദ്യത്തെ കത്തെടുത്ത് ഡാനിയല്‍ മൂക്കിനോട് അടുപ്പിച്ചു. താരയുടെ വിരലുകളുടെ മണം അയാള്‍ക്കപ്പോള്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു.
കത്തു തുറന്നു. ആദ്യവരിയിലൂടെ കണ്ണുകള്‍ പായിച്ചു. ‘ഡാനിയേല്‍ ഒരിക്കലും ആ വീട് വിട്ടുപോകില്ല എന്ന ഉറപ്പിന്മേലാണ് ഈ കത്ത് ആ മേല്‍വിലാസത്തിലേക്ക് അയക്കുന്നത്.’ ഉപചാരവാക്കുകള്‍ ഇല്ലാതെയുള്ള തുടക്കം. എവിടെ, ഏതവസ്ഥയില്‍ എന്നൊന്നും പറയുന്നതിനു വേണ്ടിയല്ല ഇതെഴുതുന്നത്. പലയാവര്‍ത്തി വായിച്ചു കഴിഞ്ഞതിനാല്‍ കത്തിലെ ഓരോ വരിയും ഡാനിയേലിന് മനപ്പാഠമായിരുന്നു. കൂടെയുണ്ടായിരുന്നപ്പോള്‍ തന്നെ ധിക്കരിക്കാന്‍ ഒരിക്കല്‍പോലും അയാള്‍ താരയെ അനുവദിച്ചിട്ടില്ല. വീടും ഉടയോനേയും വിട്ടുപോയതിനു ശേഷമാണ് താരയെ മനസ്സിലാക്കാനുള്ള ശ്രമംപോലും തന്റെ ഭാഗത്തുനിന്നുണ്ടായുള്ളൂ എന്ന ചിന്ത ഡാനിയേലിനെ കീഴ്‌പ്പെടുത്തി. ആ കത്തുകളില്‍ അവളുടെ ജീവിതം തെളിഞ്ഞു.
എന്നെ നിങ്ങള്‍ കെട്ടുമ്പോള്‍ എന്റെയും നിങ്ങളുടെയും പ്രായം എത്രയായിരുന്നു എന്ന് വല്ല നിശ്ചയവുമുേണ്ടാ? അക്ഷരങ്ങളിലൂടെ താര ചോദിച്ചു. എനിക്ക് ഇരുപത്തിയൊന്നും നിങ്ങള്‍ക്ക് മുപ്പത്തിയഞ്ചും. മതവും ജാതിയും ജാതകവും ഒന്നും വിഷയമല്ല എന്ന വിവാഹ പരസ്യം കണ്ടാണ് താരയെ ഡാനിയേല്‍ പെണ്ണ് കാണാന്‍ ചെന്നത്. തൃശൂരിനടുത്തുള്ള കോലഴി എന്ന ഗ്രാമത്തിലെ സമ്പന്ന നായര്‍ കുടുംബമായിരുന്നു താരയുടേത്. അച്ഛന്‍ അറിയപ്പെടുന്ന കോണ്‍ട്രാക്ടര്‍ രാഘവന്‍ നായര്‍. കാരണവന്മാര്‍ നശിപ്പിച്ച സ്വത്തുവകകള്‍ക്കെല്ലാം പകരമായി തന്റെ അധ്വാനത്തിലൂടെ പൂര്‍വ്വസ്ഥിതി അയാള്‍ വീെണ്ടടുത്തു. അതുകൊണ്ടുതന്നെ രാഘവന്‍ നായരുടെ വാക്കിനു മറുവാക്ക് ആ വീട്ടില്‍ പതിവില്ല. ഭാര്യ ആശ. അവര്‍ അനാഥയായിരുന്നു. അനാഥാലയത്തില്‍നിന്ന് ഒരുവളെ രാഘവന്‍ നായര്‍ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത് പലര്‍ക്കും ദഹിച്ചില്ല. മുറുമുറുപ്പുകളെ രൗദ്രമായ നോട്ടത്തിലൂടെ അയാള്‍ നിശബ്ദമാക്കി. ഒരാണും പെണ്ണും ആയിരുന്നു മക്കള്‍. ഇളയവളാണ് താര. മകളെ പെണ്ണുകാണാന്‍ വന്നത് ഒരു നസ്രാണി ആണെന്നറിഞ്ഞിട്ടും സ്വീകരിച്ചിരുത്തി. ഒറ്റക്കാഴ്ചയില്‍ തന്നെ പ്രായം പറയുമായിരുന്നിട്ടും കൂടുതല്‍ ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ തന്നെ അയാള്‍ മകളെ വിളിച്ചു. മുന്നില്‍ വന്നു നിന്ന പെണ്‍കുട്ടിയുടെ ചുമലിലൂടെ മുന്നിലേക്ക് വിടര്‍ത്തിയിട്ട കറുത്ത ഇടതൂര്‍ന്ന ചുരുള്‍ മുടികളിലേക്ക് അല്ലാതെ മറ്റെവിടെയും ദൃഷ്ടിയൂന്നാന്‍ ഡാനിയേലിന് ആയില്ല. തന്നെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണോ എന്ന് മാത്രം ചോദിച്ചു. ‘എല്ലാം അച്ഛന്‍ തീരുമാനിക്കുന്ന പോലെ’ എന്ന മറുപടി നല്‍കി അവള്‍ അകത്തേയ്‌ക്ക് വലിഞ്ഞു.
ബന്ധുബലം വേണ്ടുവോളം ഉണ്ടായിരുന്നിട്ടും ഒതുക്കത്തില്‍ ആയിരുന്നു കെട്ട്. ഇതെന്താ ധര്‍മ്മ കല്യാണം ആണോ എന്ന് സ്വന്തക്കാരും ബന്ധുക്കളും നാട്ടുകാരും പരിഹസിക്കുന്നുമുണ്ടായിരുന്നു.
വിവാഹത്തെക്കുറിച്ചുള്ള താരയുടെ ചോദ്യമാണ് പഴയ ഓര്‍മകളിലേക്ക് തിരികെ നടക്കാന്‍ ആ മധ്യവയസ്‌കനെ പ്രേരിപ്പിച്ചത്.
നിങ്ങളുടെ ജീവിതത്തിലേക്ക് എന്റെ വീട്ടുകാര്‍ എന്നെ തള്ളിയിടുകയായിരുന്നു.
താര വീണ്ടും സംസാരിച്ചു തുടങ്ങി. അക്ഷരങ്ങളിലൂടെ അവള്‍ കൗമാരത്തിലേക്ക് അരിച്ചിറങ്ങി. അന്ന് എനിക്ക് പ്രായം പതിനഞ്ച്. എസ്എസ്എല്‍സി പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന സമയം. പഠിക്കാന്‍ മോശമായിരുന്നില്ല. അവള്‍ക്ക് സ്വന്തമായി നിലപാടുകള്‍ ഉണ്ടായിരുന്നു. പ്രതികരണ ശേഷിയുണ്ടായിരുന്നു. അതെല്ലാം എന്റെ അച്ഛന്റേയും അമ്മയുടെയും കണ്ണില്‍ അപരാധങ്ങളായിരുന്നു. എന്നില്‍ അവര്‍ ആരോപിച്ച കുറവുകളായിരുന്നു.
ജീവിതത്തില്‍ എനിക്ക് സംഭവിക്കുന്ന പരാജയങ്ങള്‍ അവര്‍ ആഘോഷിച്ചു. എന്നെ നേര്‍വഴിക്ക് നയിക്കാനുള്ള ഉപാധികളാണെന്ന് അവര്‍ വിശ്വസിച്ചു. വിജയങ്ങള്‍ എന്നെ കൂടുതല്‍ അഹങ്കാരിയാക്കി എന്നായിരുന്നു അവരുടെ കെണ്ടത്തല്‍.
ഡാനിയേല്‍ കത്തു മടക്കി. ചിതലെടുത്ത് നശിക്കാറായ വാതിലിനു നേരെ മിഴിയൂന്നി. അയാളുടെ മനസ്സിലപ്പോള്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. അവ ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി. മഴയില്‍ താര നനഞ്ഞു. പട്ടു പാവാടക്കുള്ളില്‍ ആ കൗമാരക്കാരിയുടെ ദേഹം വിറകൊണ്ടു. നെറ്റിയിലെ ചന്ദനം നാസികയിലൂടെ, കഴുത്തിലൂടെ ഒരു ചുഴി തേടി ഒലിച്ചിറങ്ങി.
കുടുംബത്തിന്റെ അന്തസ്സോര്‍ത്ത് മകള്‍ക്കേറ്റ മുറിവ് കണ്ടില്ലെന്ന് നടിച്ചു അവളുടെ മാതാപിതാക്കള്‍.
താരയുടെ കാതുകളില്‍ വീണു പൊട്ടിച്ചിതറുന്ന അമ്മയുടെ വാക്കുകള്‍…’ വീട്ടില്‍ ആരുമില്ലാത്ത നേരം നോക്കി പു
റത്തിറങ്ങിയിരിക്കുന്നു. അശ്രീകരം, അതും അസമയത്ത്. ഇതൊക്കെ സ്വയം വരുത്തിവെച്ചതാ. തന്നെത്താന്‍ അനുഭവിച്ചാല്‍ മതി. ഈ പ്രായമായിട്ടും ഇവള്‍ വയസ്സറിയിക്കാത്തത് കുടുംബത്തിന്റെ ഭാഗ്യം’.
അമ്മ അവള്‍ക്കുമുന്നില്‍ ഒരു വൃത്തമായി. അതിന് ഈ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ അണുവിന്റെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ.
നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല, നീ ധൈര്യവതി ആയിരിക്കണം എന്നാണ് ഒരമ്മ അവരുടെ ഏത് ആവലാതികള്‍ക്കിടയിലും തകര്‍ന്നു നില്‍ക്കുന്ന മകളോട് പറയേണ്ടത്. താര ഓര്‍ത്തു.
പുറത്ത് രാത്രി കൂടുതല്‍ കറുത്തു. താരയുടെ കാലുകള്‍ക്കിടയില്‍ ചോര കട്ടപിടിച്ചു. ശരീരത്തിന്റെ മൃദുവായ ഇടങ്ങളിലെല്ലാം ചുട്ടുനീറി. മനസ്സ് മഞ്ഞുപോലെ കട്ടിയായി. ആരുടെയെങ്കിലും സ്‌നേഹത്തിന്റെ ചൂടേറ്റാല്‍ മാത്രമേ അത് ഉരുകുകയുള്ളൂ.
താര തോര്‍ത്തെടുത്ത് കുളിമുറിയില്‍ കയറി. ഷവര്‍ തുറന്നു. ഷവറില്‍ നിന്നും ചീറ്റിത്തെറിച്ച ജലധാരയ്‌ക്ക് കീഴെ നിന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി. പുറത്ത് മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു.
സംഭവം നടന്ന് അധിക ദിവസം കഴിയും മുമ്പേ താരയുടെ പരീക്ഷാഫലം വന്നു. എഴുപത് ശതമാനം മാര്‍ക്കോടെ വിജയം. റിസള്‍ട്ട് വന്നു രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് താര ആദ്യമായി രജസ്വലയായതും. ആ സമയത്ത് ഒരമ്മയില്‍നിന്ന് കിട്ടേണ്ട പരിചരണമോ അറിവോ ഒന്നും തന്നെ അവള്‍ക്ക് കിട്ടിയില്ല. കൂട്ടുകാരികളില്‍ ചിലര്‍ പുറത്തുമാറ്റ കാലത്ത് ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും ശുചിത്വത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ വച്ച് ആ ചോരയൊലിപ്പ് കാലത്തെ അവള്‍ അതിജീവിച്ചു.
തീണ്ടാരിയായി നാല് ദിവസം കഴിഞ്ഞ അന്ന് കട്ടിലില്‍ കാല്‍മുട്ട് മടക്കി അതിലേക്ക് മുഖം കുനിച്ചിരിക്കുകയായിരുന്നു താര. അപ്പാഴാണ് അമ്മ ആശ മുറിയില്‍ വന്ന് ഒരു കവര്‍ കിടക്കയില്‍ വച്ചത്.
താര മുഖമുയര്‍ത്തി.
‘എന്തായിത്’? താര ചോദിച്ചു.
‘നിനക്ക് ഒരു ജോഡി ഉടുപ്പാണ്’ ആശ പറഞ്ഞു.
‘എനിക്കിതൊന്നും വേണ്ട’
‘പിന്നെ’
‘എനിക്ക് പ്രീഡിഗ്രിക്ക് കോളേജില്‍ ചേരണം. അപേക്ഷ അയക്കണം.’
‘നിന്നെ കൂടുതല്‍ പഠിപ്പിക്കാനൊന്നും ഇവിടെ ആര്‍ക്കും ഒരു ഉദ്ദേശ്യവുമില്ല.’
‘ ഞാനെന്തു തെറ്റ് ചെയ്തിട്ടാ നിങ്ങളെല്ലാവരും കൂടി എന്നോടിങ്ങനെ പെരുമാറുന്നത്. എനിക്ക് പഠിച്ചേ തീരൂ’. താരയുടെ ശബ്ദമുയര്‍ന്നു.
‘നീ എത്ര ബഹളം വച്ചാലും ഈ വീട്ടില്‍ നിന്റെ അച്ഛന്‍ പറയുന്നതെ നടക്കു.’ അത്രയും തീര്‍ത്തുപറഞ്ഞു ആശ മുറിയ്‌ക്ക് പുറത്തിറങ്ങി വാതില്‍ വലിച്ചടച്ചു. താര കട്ടിലിലിരുന്ന കവറെടുത്ത് ദേഷ്യത്തോടെ വലിച്ചെറിഞ്ഞു.

മഞ്ഞ നിറമുള്ള പൂക്കള്‍

തലേന്ന് രാത്രി ഏറെ വൈകിയാണ് താര കിടന്നത്. നിദ്രയുടെ ഏതോ യാമത്തില്‍, ബലിഷ്ഠമായ രണ്ട് കൈകളില്‍ കിടന്നു പിടയുന്ന ഒരു പെണ്‍കുട്ടിയെ അവള്‍ കണ്ടു. കൊലുസുകള്‍ ഇരുട്ടില്‍ കിലുങ്ങുന്ന ശബ്ദം. അയാള്‍ കാലുകളില്‍ നിന്ന് കൊലുസുകള്‍ വലിച്ചൂരി എങ്ങോട്ടോ എറിഞ്ഞു. പെണ്‍കുട്ടിയുടെ വായും മൂക്കും കൈപ്പത്തി കൊണ്ട് അമര്‍ത്തി. അവളുടെ ശരീരം നീലിയ്‌ക്കാന്‍ തുടങ്ങി. ആ നീലിച്ച ദേഹം കഠാരയുടെ കുത്തേറ്റാലെന്ന പോലെ പിടഞ്ഞു. പൊടുന്നനെ അവള്‍ക്ക് മുഖം നഷ്ടമായി. പിന്നെ ഉടലും.
താര ഞെട്ടിയുണര്‍ന്നു. ശരീരമാകെ വിയര്‍ത്തിരുന്നു. കിടക്കയില്‍ വീണ്ടും തളര്‍ന്നുകിടന്നു. ഉറക്കം അപ്പോഴേക്കും അകന്നുപോയി. നേരം പുലരാറായപ്പോള്‍ ഒന്നു മയങ്ങി.
സൂര്യപ്രകാശം ജനാല ചില്ലുകളില്‍ പതിച്ച് വിദൂരതയിലേക്ക് അകന്നുപോയി. താര ഉറക്കമുണര്‍ന്നു. ജനലിന്റെ ഒരു പാളി തുറന്ന് നോക്കി. പേര മരത്തിലേക്ക് ചാഞ്ഞു പടര്‍ന്ന വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കലപില കൂട്ടുന്ന മഞ്ഞക്കിളികള്‍. എന്ത് ഒച്ചയാണ് ഇവറ്റകള്‍ക്ക്. താര അസ്വസ്ഥതയോടെ ജനല്‍ പാളി ചേര്‍ത്തടച്ചു. അവള്‍ കട്ടിലില്‍നിന്ന് എഴുന്നേറ്റു. മുടി ഒതുക്കിക്കൊണ്ട് വാതിലിനു നേരെ നടന്നു. തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അത് പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായി. താര വാതിലില്‍ മുട്ടി വിളിച്ചു. ആരോ വാതിലിനു നേരെ നടന്നുവന്ന് ഓടാമ്പല്‍ നീക്കി വാതില്‍ പാതി തുറന്നു. രാഘവന്‍ നായരുടെ അകന്ന ബന്ധത്തിലുള്ള ഇന്ദിരയായിരുന്നു അത്. അമ്പതിനടുത്തു പ്രായം. മുച്ചുണ്ട് ഉള്ളതിനാല്‍ ആരും അവര്‍ക്ക് വിവാഹം ആലോചിച്ചില്ല. ആ വലിയ വീട്ടിലെ ഏക സഹായിയാണ് ഇന്ദിര.
പാതിതുറന്ന വാതിലിനിടയിലൂടെ അവര്‍ കാര്യം തിരക്കി.
‘എല്ലാവരും എവിടെ. എന്തിനാണ് ഈ വാതില്‍ പുറത്തുനിന്ന് പൂട്ടിയത്’. താര ചോദിച്ചു.
ആശക്കുഞ്ഞ് പൂട്ടീതാ. അവരെല്ലാവരും ശരത് മോന്റെ പിറന്നാളാഘോഷത്തിന് ഡ്രസ്സെടുക്കാന്‍ പോയതാ. ഈ മെയ് ഇരുപത്തിയഞ്ചിനല്ലേ കുട്ടീടെ ആങ്ങളക്ക് പതിനെട്ട് വയസ്സാകുന്നത്. ഇന്ദിര പറഞ്ഞു.
‘ഉം’. താര മൂളി.
‘ കുട്ടിക്ക് കഴിക്കാറായെങ്കില്‍ വിളിച്ചാല്‍ മതി. ഞാന്‍ റൂമില്‍ കൊണ്ടുത്തരാം.’ ഇന്ദിര പറഞ്ഞു.
‘അതെന്താ ഞാന്‍ പുറത്തേക്കു വന്നാല്‍. എന്തിനാ എന്നെ മുറിക്കുള്ളില്‍ പൂട്ടിയിടുന്നത്?’ താര അമര്‍ഷം കൊണ്ടു.
അതൊന്നും എനിക്കറിയില്ല. കുട്ടി എന്നെ പെരുവഴിയില്‍ ആക്കരുത്. ഇന്ദിര നിസ്സഹായയായി.
കൂട്ടം തെറ്റിയ ഉറുമ്പിനെ പോലെ താര തിരിഞ്ഞുനടന്നു. അവള്‍ക്ക് വീട്ടുകാരുടെ ഗന്ധം തിരിച്ചറിയാതായി. താരയേക്കാള്‍ മൂന്നു വയസ്സ് മൂത്തതാണ് ശരത്. അമ്മയ്‌ക്കും അച്ഛനും അവനെയാണ് കാര്യം. ആണുങ്ങള്‍ക്ക് പതിച്ചുകൊടുത്തിട്ടുള്ള എല്ലാ സ്വാതന്ത്ര്യവും അവനും അനുവദിച്ചുകൊടുത്തിട്ടുണ്ട്. അതിന്റെ എല്ലാ ധാര്‍ഷ്ട്യവും അവനുണ്ട്. പെങ്ങളെ പരിഹസിക്കാന്‍ കിട്ടിയിട്ടുള്ള ഒരവസരവും അവന്‍ ഇന്നോളം പാഴാക്കിയിട്ടില്ല. താര ഓരോന്നോര്‍ത്ത് വെറുതെയിരുന്നു.
പുറത്ത് മഞ്ഞക്കിളികളുടെ കലപില ഉേണ്ടാ എന്നറിയാന്‍ അവള്‍ ജനാല തുറന്നു. പേര മരത്തിന്റെ തുഞ്ചത്ത് ചുള്ളിക്കമ്പും ചകിരി നാരും കൊണ്ട് കൂടൊരുക്കുന്ന മഞ്ഞക്കിളികളെ കണ്ടു. ലക്ഷങ്ങളും കോടികളും ചെലവഴിച്ച് മനുഷ്യന്‍ ഏതെല്ലാം ആകൃതിയില്‍ എന്തൊക്കെ കെട്ടിപ്പൊക്കുന്നു. പക്ഷേ അവന് കേവലം ചുള്ളിക്കമ്പും ചകിരിനാരും കൊണ്ട് ഇത്ര മനോഹരമായി ഒരു കിളിക്കൂട് പണിയാന്‍ സാധിക്കുമോ? താര തന്നോട് തന്നെ ചോദിച്ചു.
പുറത്ത് കാര്‍ വന്ന് നില്‍ക്കുന്ന ശബ്ദം കേട്ടപ്പോഴാണ് പലവിധ ചിന്തകളില്‍നിന്ന് അവള്‍ ഉണര്‍ന്നത്.
ആ പെണ്ണ് എന്തെങ്കിലും കഴിച്ചോ? അമ്മയുടെ ശബ്ദം. ഇല്ല എന്ന് ഇന്ദിരയുടെ മറുപടി.
വാതില്‍ തുറന്ന് അമ്മ മുറിയിലെത്തി.
‘ നീ നിരാഹാരം കിടന്നാലൊന്നും ഇവിടെ ആരുടേയും തീരുമാനം മാറില്ല. അങ്ങനെ പട്ടിണികിടന്ന് ഇവിടെ ആരെയും തോല്‍പ്പിക്കാം
എന്നും കരുതേണ്ട.’ ദേഷ്യം കൊണ്ട് അമ്മയുടെ മുഖം ചുവക്കുന്നത് താര കണ്ടു.
‘ ആരെയും തോല്‍പ്പിക്കാനല്ല, എനിക്ക് ജീവിതത്തില്‍ ജയിക്കാന്‍ വേണ്ടിയാണ് പഠിക്കണമെന്ന് പറഞ്ഞത്. അത് മാത്രമല്ലേ ഞാന്‍ ആവശ്യപ്പെടുന്നത്. പ്രൈവറ്റ് ആയിട്ടാണെങ്കിലും എന്നെ പഠിക്കാന്‍ അനുവദിക്കൂ.’ താര കെഞ്ചി.
‘തീരുമാനമെടുത്തത് ഞാനല്ല. അച്ഛനാണ്. അതിന് ഇളക്കം ഉണ്ടാവില്ലെന്ന് നിനക്കും ബോധ്യം ഉള്ളതല്ലേ.’ ആശ ചോദിച്ചു.
താര ഒന്നും മിണ്ടിയില്ല.
കുറച്ചുനേരം അവിടെ നിന്നിട്ട് ആശ മുറിവിട്ടിറങ്ങി.
കൂട്ടുകാരൊക്കെ ഇപ്പോള്‍ കോളേജില്‍ ചേരാന്‍ തയ്യാറെടുക്കുകയായിരിക്കും. അച്ഛന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് ആരും തന്നെ അന്വേഷിച്ചു വരില്ലെന്ന് താരയ്‌ക്ക് തോന്നി.
സൈക്കോളജിയില്‍ ബിരുദം എടുക്കണം എന്നായിരുന്നു താരയുടെ ആഗ്രഹം. ഇനി അത് ഒരിക്കലും നടക്കില്ല. അച്ഛനെ എതിര്‍ക്കാന്‍ ആരും മുതിരില്ല. എല്ലാകാര്യത്തിലും സ്വന്തമായി നിലപാട് ഉെണ്ടന്ന് അഹങ്കരിച്ചിട്ട് തനിക്കെതിരെയുള്ള ഈ അനീതിയുടെ കാര്യത്തില്‍ അച്ഛനോട് എതിരിടാന്‍ സാധിക്കാത്തതിന്റെ നിരാശ അവളെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കി.
അതില്‍നിന്ന് രക്ഷനേടാന്‍ ജാലക വാതിലുകള്‍ രാവെന്നോ പകലെന്നോ ഭേദമില്ലാതെ തുറന്നിടാന്‍ തുടങ്ങി.
ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനോ നേടാനോ ഉള്ളവര്‍ക്കാണ് വിശപ്പും ദാഹവും അനുഭവപ്പെടുക എന്ന തോന്നല്‍ ആഹാരത്തോട് വിരക്തിയുണ്ടാക്കി.
ദിവസങ്ങള്‍ കുറച്ചു കടന്നു പോയി. ശരത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയുടെ അന്ന് രാവിലെ അമ്മ മുറിയില്‍ വന്നു. വൈകിട്ട് നടക്കുന്ന ആഘോഷത്തില്‍ തന്റെ സാന്നിധ്യം ഉണ്ടാകരുത് എന്ന് പറയാനായിരുന്നു വരവ്. നിനക്ക് കഴിക്കാനുള്ളതൊക്കെ ഇന്ദിര മുറിയിലെത്തിക്കും.
‘വരുന്നവരോട് ഇളയ മകള്‍ എവിടെ എന്ന് ചോദിച്ചാല്‍ അമ്മ എന്ത് പറയും.’ താര ചോദിച്ചു.
അവരാരും നിന്നെ കാണാനല്ലല്ലോ വരുന്നത്. അഥവാ ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറഞ്ഞോളാം മറുപടി. ഇതു പറഞ്ഞു ആശ മുറിവിട്ടിറങ്ങി.
തന്റെ ലോകം ആ മുറി മാത്രമായി ചുരുങ്ങുന്നത് താരയറിഞ്ഞു. ആ നാല് ചുവരുകള്‍ക്കുള്ളില്‍ ലോകത്തിലെ മുഴുവന്‍ ശൂന്യതയും വന്നുനിറഞ്ഞു. എപ്പോഴും തുറന്നിട്ട ജാലകത്തിനപ്പുറത്തെ ഇത്തിരി വെളിച്ചം അവളുടെ ആത്മാവിനെ ആനന്ദിപ്പിച്ചു.
മഞ്ഞക്കിളികളുടെ ശബ്ദം അവളുടെ കാതുകള്‍ക്ക് ഇമ്പമുള്ളതായി.
മറ്റു മുറികളില്‍ ആരുടെയൊക്കെയോ ശബ്ദം. വൈകുന്നേരത്തെ പാര്‍ട്ടിക്ക് പങ്കെടുക്കാന്‍ വന്ന ബന്ധുക്കളാവും. അതിനിടയില്‍ ആരോ തന്നെപ്പറ്റി തിരക്കുന്നത് താര കേട്ടു.
‘അവള്‍ തിരണ്ടിരിക്കുകയാണ്. ആ മുറിയിലേക്ക് ഇപ്പോള്‍ ആരും ചെല്ലുന്നത് അവള്‍ക്ക് ഇഷ്ടമല്ല.’ അമ്മ പറയുന്നു.
‘ഉവ്വോ, താര വയസ്സറിയിച്ചോ ? അപ്പോള്‍ അതും ആഘോഷിക്കണമല്ലോ?’ എന്ന മറുചോദ്യം.
‘അതൊക്കെ പണ്ടത്തെ ആചാരങ്ങളല്ലേ. മാത്രമല്ല ഈ കാര്യങ്ങളൊക്കെ നാലാളെ വിളിച്ചു അറിയിക്കുന്നത് താരയ്‌ക്ക് ഇഷ്ടമല്ല’. അമ്മയുടെ മറുപടി. ഇതോടെ ആ സംസാരം അവിടെ അവസാനിച്ചു.
മകളുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുന്ന ഒരമ്മ. താര പരിഹസിച്ചു ചിരിച്ചു. ശരത്തിന്റെ പിറന്നാള്‍ ആഘോഷം താരയുടെ സാന്നിധ്യമില്ലാതെ കഴിഞ്ഞു.
ജനാലയ്‌ക്കപ്പുറത്തെ ലോകം തന്റേത് കൂടിയാക്കാന്‍ അവള്‍ ശ്രമിച്ചു. തനിക്ക് പരിചയമുള്ള കൂട്ടുകാര്‍ മഞ്ഞക്കിളികള്‍ മാത്രമാണെന്ന് ധരിച്ചു. ഭയം കൂടാതെ ജനലഴികളില്‍ വന്നിരിക്കുന്ന ആ കിളികളോട് സംസാരിച്ചു, അവര്‍ക്ക് മാത്രം മനസ്സിലാകുന്ന ഭാഷയില്‍.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി ഒരാള്‍ താരയുടെ മുറിയിലെത്തിയത്. സിസ്റ്റര്‍ മാര്‍ഗരറ്റ്.
അവള്‍ സിസ്റ്ററെ കണ്ടതും ഓടിച്ചെന്ന് അവരുടെ കരംഗ്രഹിച്ച് നെഞ്ചോടു ചേര്‍ത്തു. അവരെ കട്ടിലില്‍ ഇരുത്തി. എന്നിട്ട് തുറന്നുകിടന്ന വാതില്‍ അടച്ചു കുറ്റിയിട്ടു.
സിസ്റ്റര്‍ എഴുന്നേറ്റ് താരയുടെ സമീപം ചെന്നു. ആ കണ്ണുകളില്‍ നീര് അണിയുന്നത് അവര്‍ കണ്ടു.
‘ എനിക്കറിയാം എല്ലാം’, സിസ്റ്റര്‍ പറഞ്ഞു.
ചോദ്യഭാവത്തില്‍ താര നോക്കി.
‘കഴിഞ്ഞദിവസം ഇന്ദിര മഠത്തില്‍ വന്നിരുന്നു. ശരത്തിന്റെ ബര്‍ത്ത് ഡേ പ്രമാണിച്ച് മഠത്തിന് കീഴിലുള്ള അനാഥാലയത്തിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ കുറച്ചു കാശ് ആശ അവരുടെ കൈവശം കൊടുത്തുവിട്ടിരുന്നു. ഇന്ദിരയാണ് നിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് എന്നോട് പറഞ്ഞത്. നടന്ന സംഭവങ്ങളും നിന്റെ പഠനം നിര്‍ത്തിയ കാര്യങ്ങളെല്ലാം ഞാനറിഞ്ഞു. അതേക്കുറിച്ച് ആശയോട് സംസാരിക്കാനും നിന്നെ പഠിക്കാന്‍ അയക്കണമെന്നും പറയാനും കൂടിയാണ് വന്നത്.’ സിസ്റ്റര്‍ മാര്‍ഗരറ്റ് പറഞ്ഞു. പ്രതീക്ഷയുടെ ഒരു കിരണം എവിടെയോ തെളിഞ്ഞത് പോലെ താര അവരെ നോക്കി.
‘പക്ഷേ നിന്റെ അച്ഛനെ ധിക്കരിക്കാന്‍ ആശക്കാവില്ല.’
താരയുടെ മുഖം മങ്ങി. അവള്‍ ദയനീയമായി മാര്‍ഗരറ്റിനെ നോക്കി. പിന്നെ നോട്ടം പുറത്തേക്കു പായിച്ചു. മാര്‍ഗരറ്റ് ആ മുഖം തനിക്ക് അഭിമുഖമായി തിരിച്ചു.
‘നോക്കൂ, നീ ഇങ്ങനെ നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. പഠിക്കാനുള്ള നിന്റെ മോഹം എനിക്ക് മനസ്സിലാകും. സ്‌കൂളില്‍ നിന്ന് കിട്ടുന്ന അറിവ് മാത്രമല്ല പ്രധാനം. ജീവിതമെന്തെന്ന് പഠിക്കുകയാണ് വേണ്ടത്. നിന്റെ അമ്മയെ ഞങ്ങളുടെ അനാഥാലയത്തില്‍ നിന്നാണ് രാഘവന്‍ നായര്‍ അയാളുടെ ജീവിതത്തിലേക്ക് കൂട്ടിയത്. ആശ അന്ന് ഡിഗ്രി അവസാന വര്‍ഷ പരീക്ഷ എഴുതിയിരിക്കുകയായിരുന്നു. അവള്‍ക്ക് പഠിപ്പില്ലേ. പക്ഷേ സ്വന്തം മകളെ പോലും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അപ്പോള്‍ പിന്നെ ആ പഠിപ്പു കൊണ്ട് എന്ത് പ്രയോജനം. നീ പഠിക്കേണ്ടത് നല്ലൊരു വ്യക്തിയാവാനാണ്.’ സിസ്റ്റര്‍ പറഞ്ഞു.
എന്നിട്ട് അവളുടെ കൈയില്‍ ഒരു കവര്‍ നല്‍കി. ഇത് കുറച്ചു പുസ്തകങ്ങളാണ്. വായിക്കണം. വായിച്ചുകഴിയുമ്പോള്‍ ഇന്ദിരയുടെ കൈവശം കൊടുത്ത് വിട്ടാല്‍ മതി. വേറെയും പുസ്തകങ്ങള്‍ തരാം. സിസ്റ്റര്‍ യാത്ര പറഞ്ഞു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ താര പറഞ്ഞു.
‘എനിക്ക് കുറച്ചു ചെടികള്‍ വേണം. മഞ്ഞ നിറത്തിലുള്ളവ. അതിന്റെ വിത്തോ, തൈകളോ എന്തായാലും സിസ്റ്റര്‍ സംഘടിപ്പിച്ച് തരണം. ഗാര്‍ഡനിങ്ങിനെ കുറിച്ച് അറിവ് തരുന്ന ഒരു പുസ്തകവും വേണം’
‘ തരാം.’ അവര്‍ പറഞ്ഞു. എന്നിട്ട് യാത്ര പറഞ്ഞിറങ്ങി.
സിസ്റ്റര്‍ വന്നുപോയപ്പോള്‍ നവോന്മേഷം കിട്ടിയതുപോലെയായി താരയ്‌ക്ക്. അവര്‍ കൊടുത്ത പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലൂടെ മാര്‍ക്കേസും രണ്ടാമൂഴത്തിലെ ഭീമനിലൂടെ എംടിയും എന്റെ കഥയിലൂടെ മാധവിക്കുട്ടിയും തന്നോട് സംവദിക്കുന്നതായി താരയ്‌ക്ക് തോന്നി. വായനക്ക് ശേഷം പുസ്തകങ്ങള്‍ ഇന്ദിരയുടെ കൈവശം കൊടുത്തുവിട്ടു. അമ്മയ്‌ക്ക് ഏറെ അടുപ്പം ഉള്ള ആളായിരുന്നു മാര്‍ഗരറ്റ് സിസ്റ്റര്‍. അതിനാല്‍ അവരുടെ അടുത്ത് പോകാന്‍ ഇന്ദിരക്ക് തടസ്സം ഉണ്ടാവുകയില്ല എന്ന് താരയ്‌ക്ക് ഉറപ്പുണ്ടായിരുന്നു.
താരയ്‌ക്ക് വേണ്ടി രണ്ടു കിറ്റ് നിറയെ സാധനങ്ങളാണ് സിസ്റ്റര്‍ മാര്‍ഗരറ്റ് കൊടുത്തയച്ചത്.
താരക്കുഞ്ഞിന് തരാന്‍ വേണ്ടി ആ സിസ്റ്റര്‍ ഏല്‍പ്പിച്ചതാ. ഏതൊക്കെയോ ചെടികളുടെ കൊമ്പും തൈകളും ഒക്കെയാ. കിറ്റ് ആശയ്‌ക്ക് നല്‍കിക്കൊണ്ട് ഇന്ദിര പറഞ്ഞു.
ആശ തലയാട്ടി.
താരയുടെ മുറിയിലെത്തി ആശ ആ കിറ്റുകള്‍ അവള്‍ക്ക് നല്‍കി. ‘ദാ, ഇത് നിനക്ക് തരാന്‍ വേണ്ടി സിസ്റ്റര്‍ കൊടുത്തുവിട്ടതാ. ഇതെല്ലാം നട്ടുപിടിപ്പിച്ച് ഇവിടം ഒരു പൂങ്കാവനം ആക്കാമെന്ന് മോഹമൊന്നും വേണ്ട.’ ആശ പറഞ്ഞു.
ഇല്ല എന്റെ കണ്ണെത്തുന്നിടത്ത് മാത്രം. ജനലഴികളിലൂടെ നോക്കിയാല്‍ എനിക്ക് കാണാവുന്നിടത്ത് മാത്രമേ ഇതെല്ലാം വളര്‍ത്തു. ആ ചെടികള്‍ വളരുന്നതും പൂവിടുന്നതും എനിക്കു വേണ്ടിയായിരിക്കും. ആരുടെയും ദൃഷ്ടി അതില്‍ പതിയുന്നത് പോലും എനിക്കിഷ്ടമല്ല. താര നിന്ന് കിതച്ചു.
പേരമരം നില്‍ക്കുന്നതിന് ചുറ്റുമുള്ള സ്ഥലത്താണ് പൂന്തോട്ടം ഒരുക്കാന്‍ തീരുമാനിച്ചത്. അവിടെ വളര്‍ന്നുനിന്ന പുല്ലും പാഴ്‌ച്ചെടികളും എല്ലാം നീക്കി അവള്‍ തന്നെ സ്ഥലം വൃത്തിയാക്കി. ചെടികള്‍ നടുന്നതിനായി നിലമൊരുക്കി. മഞ്ഞക്കിളികള്‍ അവള്‍ക്കു ചുറ്റും വട്ടമിട്ടു പറന്നു. കൂട്ടത്തില്‍ ഒരു കിളി അവളുടെ ചുമലില്‍ വന്നിരുന്നു. കവിളില്‍ കൊക്കുരുമ്മി. താര അതിനെ കൈവെള്ളയിലെടുത്ത് വെച്ചു മുഖത്തോടു ചേര്‍ത്തു. കിളിയിലൂടെ അവള്‍ പൂര്‍വജന്മം തേടി പറന്നു. ഏത് പാപത്തിന്റെ ഫലമാണ് തന്നെ ഇപ്പോള്‍ വേട്ടയാടുന്നതെന്ന് അവള്‍ തിരഞ്ഞു. ഒടുവില്‍ ഉത്തരം കിട്ടാതെ ചിറകു തളര്‍ന്ന് തിരിച്ചെത്തി. അവളുടെ കൈവെള്ളയില്‍ നിന്ന് മഞ്ഞക്കിളി പറന്നുപോയി.
വെള്ളം നനച്ച് കുതിര്‍ത്ത മണ്ണില്‍ റോസിന്റെയും ചെത്തിയുടെയും ചെമ്പരത്തിയുടെയും മൊസാണ്ടയുടെയും കൊമ്പുകള്‍ നട്ടു. ബന്തിയുടെയും ഡാലിയയുടെയും വിത്തുകള്‍ പാകി. വളമായി ഇടാന്‍ ചാണകത്തിന് ഇന്ദിരയെ ഏര്‍പ്പാടാക്കി. നിശ്ചിത സമയത്ത് വെള്ളവും വളവും നല്‍കി അവള്‍ നല്ലൊരു പൂന്തോട്ടം ഒരുക്കി. വിത്തിന് മുളപൊട്ടിയതും കൊമ്പുകളില്‍ നാമ്പു വിടര്‍ന്നതും തന്റെ ഗര്‍ഭപാത്രത്തില്‍ ആണെന്ന് അവള്‍ കരുതി. പിന്നെ ദിവസങ്ങളോളം പൂക്കള്‍ വിടരുന്നതിനായുള്ള കാത്തിരിപ്പ്. ഒടുവില്‍ അവളുടെ പൂന്തോട്ടം ആകെ മഞ്ഞപ്പട്ടുടയാട ഞൊറിയിട്ട പോലെ മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു. പ്രതീക്ഷയുടെ മടുക്കാത്ത മഞ്ഞ നിറം. ആ പൂന്തോട്ടം അവളുടെ പര്‍ണാശ്രമമായിരുന്നു. അതിനുള്ളില്‍ അവള്‍ പഞ്ചവത്സരം തപസ്സുചെയ്തു. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ കന്യകയല്ലാത്ത മകളെ, രാഘവന്‍ നായര്‍ ഡാനിയേലിന് ദാനം ചെയ്തു. ദാനം കിട്ടിയ മുതലുമായി പിന്നീടൊരിക്കലും അയാള്‍ ആ വീടിന്റെ പടി കടന്നതും ഇല്ല.
ഡാനിയേല്‍ വീണ്ടും ചിന്താമഗ്‌നനായി. അകം പൊളിക്കുകയാണ് ഭാര്യയുടെ ഓരോ കത്തും. കത്തുകളിലൂടെ താര ഡാനിയേലിനെ വിചാരണ ചെയ്യുകയായിരുന്നു. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ഉത്തരം തേടുകയായിരുന്നു. തന്റെ കൂടെ കഴിഞ്ഞവള്‍ അല്ല യഥാര്‍ത്ഥ താര. പെണ്ണ് സ്വതന്ത്ര ആകുമ്പോഴാണ് കൂടുതല്‍ ശക്തയാവുക എന്ന് അയാള്‍ തിരിച്ചറിഞ്ഞു. ഓരോ കത്തും അവളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്. ഒരുപോലെ മോഹിപ്പിക്കുകയും ഭ്രാന്ത് പിടിപ്പിക്കുകയും ചെയ്ത പെണ്ണ് കണ്മുന്നിലൂടെ ഇറങ്ങിപ്പോയപ്പോള്‍ തടയുക പോലും ചെയ്യാത്ത വിഡ്ഢിയായിരുന്നു താന്‍ എന്നോര്‍ത്തപ്പോള്‍ പുച്ഛം കൊണ്ട് അയാളുടെ ചുïുകള്‍ കോടി. വല്യമ്മച്ചിയും അപ്പച്ചനും അമ്മച്ചിയും ഒരു കാര്‍ അപകടത്തിലൂടെ പു
നര്‍ജ്ജനി തേടി ഒരുമിച്ച് പോയപ്പോള്‍ അയാള്‍ ഏകനായി. അപ്പച്ചന്റെ കണക്കില്ലാത്ത സ്വത്തുക്കളുടെ ഏക അവകാശിയും. ഏകാകിയുടെ ജീവിതം ചിതല്‍പുറ്റുകളുടെ സമാധിപോലെയാണെന്നു തോന്നി. വിരല്‍ത്തുമ്പുകൊïു ചെറുതായൊന്ന് തട്ടിയാല്‍ പോലും പൊടിഞ്ഞു വീഴുന്ന, പ്രാണന്‍ കിട്ടാതെ പിടയുന്ന ചിതല്‍ കുഞ്ഞുങ്ങളുടേത് പോലുള്ള ജീവിതം. അതുകൊണ്ടാണ് അയാള്‍ ഏകാന്ത ജീവിതത്തില്‍ നിന്ന് വിടുതല്‍ തേടി വിവാഹിതനായത്.
ഡാനിയേലിന്റെ കണ്ണുകളിലപ്പോള്‍ മറ്റൊരു കത്ത് തെളിഞ്ഞു. മുനിഞ്ഞു കത്തുന്ന റാന്തല്‍ വെളിച്ചത്തില്‍ തീക്ഷ്ണമാകുന്ന അക്ഷരങ്ങള്‍. ജീവിതം പോലെ തന്നെ അക്ഷരങ്ങളും ഏങ്കോണിച്ചും വക്രിച്ചും ഇരുന്നു. ഒരു തടവറയില്‍ നിന്ന് മറ്റൊരു തടവറയിലേക്കുള്ള ദൈര്‍ഘ്യം ആയിരുന്നത്രേ താരയുടെ വിവാഹം. ആ തടവറയുടെ കാവല്‍ക്കാരനായിരുന്നു ഡാനിയേല്‍. അവളുടെ ഉടലിന്റെ ഏക അവകാശി താന്‍ എന്നതായിരുന്നു ഭാവം. സ്വന്തം വീട്ടില്‍ മടുപ്പിക്കുന്ന ഏകാന്തതയുടെ ഇരയായവള്‍. അവള്‍ക്ക് എന്നേ സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. വിവാഹമാവട്ടെ ഏകാന്തതയില്‍ നിന്നുള്ള രക്ഷതേടലും.
‘ജീവിതസഖിയായി താര ഛായാ ബാംസുരിയില്‍ എത്തുമ്പോള്‍ ഒരു വേനല്‍ മഴ പോലും പ്രതീക്ഷിക്കാതെ തരിശായി കിടക്കുകയായിരുന്നോ അവളുടെ മനസ്സ്’. ഡാനിയേല്‍ എഴുത്തുകളെല്ലാം വിലയിരുത്തിക്കൊണ്ട് സ്വയം ചോദിച്ചു. ഉത്തരം കïെത്താന്‍ പ്രാപ്തിയില്ലാത്ത മനസ്സുകളാണ് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച് വശംകെട്ടു പോകുന്നത്. ഡാനിയേലിന്റെ ജീവിതം ഒരു അരസികന്റെതായിരുന്നു. ആ ജീവിതത്തിന് നേരെയാണ് താരയിപ്പോള്‍ വിരല്‍ചൂïുന്നത്. അവളുടെ ചൂണ്ടുവിരല്‍ മുനയില്‍നിന്ന് ഒരു വഴുതിപ്പോക്ക് ഇപ്പോള്‍ അസാധ്യം.
അപ്പച്ചന്‍ കരുതിവച്ച സ്വത്തുക്കളില്‍ പകുതിയും ഡാനിയേല്‍ വിറ്റു. കിട്ടിയ പണം ബാങ്കില്‍ നിക്ഷേപിച്ചു. ആ നിക്ഷേപത്തില്‍ നിന്ന് കിട്ടുന്ന പലിശ കൊണ്ടായിരുന്നു ആര്‍ഭാട ജീവിതം. താരയെ കെട്ടുമ്പോഴും അങ്ങനെതന്നെ.
തന്റെ കൂടെ കഴിഞ്ഞ ദിവസങ്ങളെപ്പറ്റി എല്ലാം താരയ്‌ക്ക് കൃത്യമായ ഓര്‍മയുണ്ട്. കത്തില്‍ എണ്ണിയെണ്ണി പറയുന്ന കാര്യങ്ങളെല്ലാം അതിന്റെ സൂചനയാണ്.
കെട്ടുകഴിഞ്ഞ് നാലഞ്ചു വര്‍ഷം കഴിഞ്ഞപ്പോഴാണ് അവള്‍ ആദ്യമായി ഒരാഗ്രഹം പറഞ്ഞത്. തിയേറ്ററില്‍ പോയി സിനിമ കാണണം. ജനിച്ച് ഇന്നോളം അവള്‍ സിനിമാക്കൊട്ടകയില്‍ ഇരുന്നുള്ള സിനിമ കാണലിന്റെ ആസ്വാദനം അറിഞ്ഞിരുന്നില്ല. ഡാനിയേല്‍ ആ ദിവസം ഓര്‍ക്കാന്‍ ശ്രമിച്ചു.
അന്നൊരു ശനിയാഴ്ചയായിരുന്നു. പുതിയ സിനിമ പ്രദര്‍ശനത്തിനെത്തുന്നതിന്റെ പിറ്റേ ദിവസം. രാവിലെ കാപ്പി കുടിച്ചു കൊണ്ടണ്ടിരിക്കുമ്പോളാണ് താര ചോദിച്ചത്.
‘നമുക്കിന്ന് ഒരു സിനിമയ്‌ക്ക് പോയാലോ.’
‘എവിടെ?’
‘തിയേറ്ററില്‍’
‘അവിടെ പോയിത്തന്നെ സിനിമ കാണണമെന്ന് എന്താ ഇത്ര നിര്‍ബന്ധം’
‘ഞാന്‍ ഇന്നേവരെ തിയറ്ററില്‍ പോയിട്ടില്ല’
‘നീ പോകാത്തിടത്തൊക്കെ കൊണ്ടുപോകുന്നതിനാണോ ഞാന്‍ നിന്നെ കെട്ടിയത്’
‘തിയറ്ററില്‍ പോയി സിനിമ കണ്ടു എന്ന് കരുതി എന്താ ഇപ്പോള്‍ സംഭവിക്കുന്നത്’ സഹികെട്ട് താര ചോദിച്ചു.
‘പലരും അങ്ങനെ പലയിടങ്ങളിലും അഴിഞ്ഞാടാന്‍ പോകുന്നുണ്ടാകും. നിന്നെ കെട്ടി കൊണ്ടുവന്നത് അങ്ങനെ നടക്കാനല്ല’. ഡാനിയേല്‍ പറഞ്ഞു
‘ഭര്‍ത്താവിനൊപ്പം സിനിമയ്‌ക്ക് പോകുന്നത് എങ്ങനെ അഴിഞ്ഞാട്ടമാകും.’ താര ചോദിച്ചു
‘സിനിമ തീയറ്ററിലെ തിരക്കിനെ കുറിച്ച് നിനക്ക് എന്തറിയാം. ആണുങ്ങളും പെണ്ണുങ്ങളും. ച്ഛെ, തരം കിട്ടിയാല്‍ പെണ്ണുങ്ങളെ തൊടാനും പിടിക്കാനും നടക്കുന്നവരാണ് അധികവും. നിന്നെ നാലാളുടെ മുന്നില്‍ കെട്ടിയൊരുക്കി നടത്തണമെന്ന് എനിക്ക് യാതൊരു ആഗ്രഹവുമില്ല.’
‘ഒരാണിന്റെ കൈ ദേഹത്തു തൊട്ടാല്‍ ഉടനെ അഴിഞ്ഞുലഞ്ഞു പോകുന്നതാണോ പെണ്ണിന്റെ മാനം?’ ചോദിച്ച് തീരും മുന്‍പേ ഡാനിയേലിന്റെ എച്ചില്‍ കൈ താരയുടെ വലത്തേ കവിളില്‍ പതിഞ്ഞു.
അപ്രതീക്ഷിതമായിരുന്നു അടിയെങ്കിലും അവള്‍ പതറിയില്ല. ഇത്രമാത്രം ചോദിച്ചു, ‘തിരിച്ചുതല്ലാത്തവള്‍ക്കുനേരെയേ പുരുഷന്റെ കൈ ഉയരുകയുള്ളൂ അല്ലേ?’ എന്ന്.
ഇപ്പോള്‍ ആ സംഭവം ഓര്‍ക്കുമ്പോള്‍ നിങ്ങളുടെ പൗരുഷം എന്നില്‍ സഹതാപം ഉണര്‍ത്തുന്നു എന്നായിരുന്നു താരയുടെ കത്തിലെ ഭാഷ്യം.
പുറത്ത് മഴയുടെ ഇടവേള. നേരം സന്ധ്യയോടടുക്കുന്നു. ചീവീടുകളുടെ കാതു തുളച്ചു കയറുന്ന കരകര ശബ്ദം. ഡാനിയേല്‍ അസ്വസ്ഥനായി. ചീവീടുകളെ അയാള്‍ക്ക് ഭയമാണ്. തലച്ചോറിനുള്ളില്‍ മറന്ന് കിടക്കുന്ന ഓര്‍മ്മകളെ ചീവീടുകളുടെ ശബ്ദം ഉദ്ദീപിപ്പിച്ച് ഉണര്‍ത്തുമെന്ന ചിന്തയായിരുന്നു അയാളില്‍. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഓര്‍മ്മകളില്‍ നിന്നെല്ലാം എന്നേ പലായനം ചെയ്തതാണ്. ഡാനിയേലിന് താരയുടെ ഓര്‍മ്മകള്‍ മാത്രം മതിയായിരുന്നു. തന്റെ മടിയില്‍ വിശ്രമിക്കുന്ന കത്തുകള്‍ മാറോട് ചേര്‍ത്തു. കത്തുകള്‍ അവര്‍ക്കിടയില്‍ കഴിഞ്ഞു പോയ കാലങ്ങളായി പരിണമിച്ചു.

പാല്‍പ്പായസത്തിന്റെ മധുരം

ഡാനിയേലിന് മധുരം തീരെ ഇഷ്ടമല്ല. പക്ഷേ, അന്ന് കൃത്യമായി പറഞ്ഞാല്‍ താര ഒട്ടും ഓര്‍ക്കാനിഷ്ടപ്പെടാത്ത സംഭവം നടന്ന് പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷമുള്ള അവളുടെ പിറന്നാള്‍ ദിനത്തില്‍ ഒരു പാല്‍പ്പായസം വയ്‌ക്കാതിരിക്കാന്‍ അവള്‍ക്കായില്ല. ഡാനിയേല്‍ ബാങ്കില്‍ പോയിരിക്കുകയായിരുന്നു. ആ സമയം നോക്കി താര പായസമുണ്ടാക്കി.
ഒരു ഗ്ലാസ് നിറയെ പായസമെടുത്ത് അവള്‍ ഊണുമുറിയിലെത്തി. അപ്പോഴാണ് മച്ചിന്മേലിരുന്ന് വല നെയ്യുന്ന ചിലന്തിയെ കണ്ടത്. വല വിരിക്കുന്നത് ഇരയെ വീഴ്‌ത്താനാണ്. എണ്ണിയാല്‍ ഒടുങ്ങാത്തത്ര ചിലന്തികള്‍ തനിക്ക് ചുറ്റും വല നെയ്യുന്നുെണ്ടന്ന് താരയ്‌ക്ക് തോന്നി.
ഒരു മഴക്കാലത്തിലേക്ക് അവള്‍ എടുത്തെറിയപ്പെട്ടു. സന്ധ്യാ സമയം. കാവില്‍ പോയി മടങ്ങി വരും വഴി നിനച്ചിരിക്കാതെ പെയ്ത മഴയില്‍ അവള്‍ നനഞ്ഞൊട്ടി. പിന്നാലെയെത്തിയ ഒരുവന്റെ ബലിഷ്ഠമായ കരങ്ങള്‍ അവളുടെ അരക്കെട്ടിനെ വരിഞ്ഞുമുറുക്കി. അവളെ എടുത്തുയര്‍ത്തിക്കൊെണ്ടാരു നിഴല്‍ രൂപം സമീപത്തുള്ള സ്‌കൂള്‍ വരാന്തയിലേക്ക് നടന്നു. ആ പരുക്കന്‍ തറയില്‍ അവളെ കിടത്തി. ഇടിമിന്നലില്‍ വെളിച്ചത്തില്‍ ആയാളുടെ മുഖം കണ്ടു. ഒരു രൂപം ഷര്‍ട്ട് അഴിക്കുന്നു. അവള്‍ ഒച്ചവയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ ഷര്‍ട്ട് വായില്‍ തിരുകി ഒടുവിലത്തെ പ്രതിരോധത്തേയും അയാള്‍ ചെറുത്തു. കൈത്തണ്ടയിലെ ചുവന്ന കുപ്പിവളകള്‍ പൊട്ടിച്ചിതറി. കാണാത്ത ഇടങ്ങളില്‍ ചോര പൊട്ടി. അങ്ങ് ദൂരെയെവിടെയോ ദൈവപ്പുരകളില്‍ ഭഗവതിമാര്‍ ഉറഞ്ഞാടി. വാളുകൊണ്ട് നെറ്റിയില്‍ ആഞ്ഞാഞ്ഞു വെട്ടി. ചന്ദന മണമുള്ള ആ ഉടലുകളില്‍ ചോര മണത്തു. വാടിയ താമരത്തണ്ട് പോലെ ചോരയിറ്റുന്ന ദേഹവുമായി മഴയിലൂടെ നടന്നു.
താര പിടഞ്ഞെഴുന്നേറ്റു പൂമുഖത്തേക്ക് ഓടി. തേക്കില്‍ പണിത ടീപ്പോയില്‍ നിന്ന് അവള്‍ അന്നത്തെ പത്രമെടുത്തു. ഒന്നാം പേജിന്റെ മുകളില്‍ കൊടുത്ത വാര്‍ത്തയിലേക്ക് മതിവരാതെ നോക്കി. അവളുടെയുള്ളില്‍ ഇടിമിന്നലുണ്ടായി. അതിലൊരു രൂപം തെളിഞ്ഞു. അതേ രൂപം ആ വാര്‍ത്തയ്‌ക്കുള്ളില്‍ ഇരുന്ന് അവളുടെ നേരെ പല്ലിളിച്ചു. താര തലക്കെട്ട് ഉറക്കെ വായിച്ചു. അവള്‍ പൊട്ടിച്ചിരിച്ചു. മകളെ പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു എന്ന വാര്‍ത്ത. തോറ്റുപോകുന്ന നിയമത്തിനുമുന്നില്‍ ഒരു അച്ഛന്റെ വിജയച്ചിരി അവള്‍ കണ്ടു. ആ അച്ഛനെ മനസ്സുകൊണ്ട് നമിച്ചു. പ്രമാണിയായ രാഘവന്‍ നായരെ ജീവിതത്തില്‍ ആദ്യമായി അന്നാണ് താര വെറുത്തത്. അവളുടെ നാവില്‍ അപ്പോള്‍ പാല്‍പ്പായസത്തിന്റെ മധുരം.

ഉടലധികാരം

ഡാനിയേല്‍ താരയ്‌ക്കൊരു അത്ഭുതമാണ്. പറയത്തക്ക ഗുണഗണങ്ങള്‍ അയാള്‍ക്കില്ലെങ്കിലും. സൗഹൃദങ്ങളുടെ കാര്യത്തില്‍ ദരിദ്രന്‍. അയാളുടെ ഒരു സുഹൃത്ത് പോലും ഇന്നേവരെ ആ വീട്ടില്‍ വന്നിട്ടില്ല. വിശേഷ ദിവസങ്ങളില്‍ ഒരു മദ്യസത്കാരവും നടത്തിയിട്ടില്ല. പള്ളിയില്‍ പോകാറില്ല. പലിശകൊണ്ട് ജീവിക്കുന്ന ധൂര്‍ത്തനായിട്ടാണ് നാട്ടുകാരും കണ്ടത്.
പക്ഷേ ഡാനിയേല്‍ അങ്ങനെയൊന്നും ആയിരുന്നില്ലെന്ന് ഒരു വഴി നടത്തത്തിനിടയില്‍ അയാളുടെ കുടുംബത്തെ അറിയാവുന്ന ഒരു പരിചയക്കാരി താരയോട് പറഞ്ഞിട്ടുണ്ട്. അയാള്‍ നന്നായി ഫോട്ടോ എടുക്കുമായിരുന്നത്രേ. അന്നൊക്കെ കഴുത്തിലൊരു കൊഡാക് ക്യാമറയും തൂക്കിയിട്ടായിരുന്നു നടപ്പ്. ആ പ്രദേശമൊന്നാകെ ആ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടാകും. ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളോടായിരുന്നു പ്രിയം. അപ്പച്ചനും അമ്മച്ചിയും വല്യമ്മച്ചിയും എന്നുവേണ്ട ആ വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ പോലും ഡാനിയേലിന്റെ ക്യാമറയ്‌ക്ക് മുന്നില്‍ അയാളുടെ ഇഷ്ടത്തിനനുസരിച്ച് നിന്നു.
ചിത്രങ്ങളോട് അല്ലാതെ അധികമാരോടും സംസാരിക്കാറില്ല. അതായിരുന്നു പ്രകൃതം. ഉറ്റവരുടെ മരണശേഷം വീടിനു വെളിയില്‍ ഇറങ്ങുന്നതും അപൂര്‍വ്വമായിരുന്നു.
വല്യമ്മച്ചിയുടെ തുണികള്‍ക്കിടയില്‍ സൂക്ഷിച്ച ക്യാമറ പിന്നെ പുറത്തെടുത്തത് വിവാഹശേഷമാണ്, താരയുടെ ചിത്രങ്ങളെടുക്കാന്‍. അവളുടെ വിഷാദങ്ങളെ ക്യാമറയിലാക്കി. ചിരിക്കിടയിലും വിഷാദം എഴുന്നുനിന്നു. ഡാനിയേലിനൊപ്പം സ്വാതന്ത്ര്യം അറിയാതെയുള്ള ജീവിതം. എന്നാല്‍ അയാള്‍ അവളെയൊരിക്കലും സംശയിച്ചിരുന്നില്ല. ഒറ്റയ്‌ക്ക് വീടിന് പുറത്തിറങ്ങുമ്പോഴും അസ്വാതന്ത്ര്യത്തിന്റെ അദൃശ്യമായ ഒരു ചങ്ങല കാലുകളെ ബന്ധിച്ചിരുന്നുവെന്ന് മാത്രം. അയാള്‍ അവളുടെ ചുരുള്‍ മുടികളെ പ്രണയിച്ചു. അവയെ ലാളിച്ചു. തലനാരിഴകളിലൂടെ മുഖത്തും ശരീരത്തിലും വേദന പടരുമ്പോഴും താര അതെല്ലാം സഹിച്ചു. തന്റെ ഉടലിന് ഡാനിയേല്‍ അധികാരിയാണെന്ന് അവള്‍ മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി. ഏകാന്തതയ്‌ക്ക് കൂട്ടായി വന്നവളെ കീഴ്‌പ്പെടുത്തുന്നതായിരുന്നു ഏക രസം. അവളുടെ ശരീരത്തിലെ ഓരോ പരമാണുവും തന്റേതാണെന്ന് ഡാനിയേല്‍ കരുതി. ജീവിതത്തോട് പൊരുത്തപ്പെടുക എന്നത് പെണ്ണിന്റെ മാത്രം വിധിയാണല്ലോ. അവര്‍ക്കിടയില്‍ വര്‍ഷങ്ങള്‍ ഒച്ചിനെ പോലെ ഇഴഞ്ഞുനീങ്ങി. താരയുടെ ജീവിതം സംഭവങ്ങളുടെ ആവര്‍ത്തനമായിരുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവര്‍ത്തനമില്ലാത്ത ഒരു ഘട്ടത്തില്‍ തന്റെ ജീവിതം എത്തിച്ചേരുമെന്ന് അവള്‍ പ്രത്യാശിച്ചു.
തുലാവര്‍ഷത്തിന്റെ തുടക്കം. ഈശ്വരന്മാരുടെയടുത്തെത്തി പരാതിയും പരിഭവവും പറയുന്നത് നി
ര്‍ത്തിയിട്ട് കാലം കുറേയായി. എന്നാല്‍ അന്നൊരു തോന്നലില്‍ താര ഡാനിയേലിന്റെ വീട്ടുവളപ്പിലുള്ള സര്‍പ്പക്കാവിന് മുന്നിലെത്തി. ക്രിസ്ത്യാനികളായിരുന്നെങ്കിലും ഡാനിയേലിന്റെ പൂര്‍വികര്‍ അവിടെ വര്‍ഷത്തിലൊരിക്കല്‍ പൂജ നടത്തിയിരുന്നു. ഡാനി
യേല്‍ തന്നെ ഒരിക്കല്‍ താരയോട് പറഞ്ഞിരുന്നു, വര്‍ഷങ്ങളായി അതെല്ലാം മുടങ്ങിയിട്ടെന്ന്. അവിശ്വാസിക്കെന്ത് പൂജ! അവളോര്‍ത്തു.
നിറയെ വള്ളിപ്പടര്‍പ്പുകള്‍ തൂങ്ങിയാടുന്ന സര്‍പ്പക്കാവിനുള്ളില്‍, പാലമരച്ചുവട്ടില്‍ നാഗത്താന്മാര്‍ വിശ്രമിച്ചു. പേരറിയാത്ത മരങ്ങള്‍ അവിടെ തലയെടുപ്പോടെ ഉയര്‍ന്നുനിന്നിരുന്നു. അതിന്റെ ഇലകള്‍ക്കിടയിലൂടെ മഴ പൊട്ടിവീണു. അവള്‍ മുഖം മേല്‍പ്പോട്ടുയര്‍ത്തി. ആ മഴ മുഴുവന്‍ അവള്‍ ഏറ്റുവാങ്ങി. നനഞ്ഞു കുതിര്‍ന്ന മുണ്ടും നേര്യതിനും
ഉള്ളിലെ ശരീരവടിവ് നാഗത്താന്മാര്‍ക്ക് മുന്നില്‍ അനാവൃതമായി. താര തിരികെ വീട്ടിലേക്ക് നടന്നു.
പൂമുഖത്തെ തിണ്ണയില്‍ ഡാനിയേല്‍ മഴ നോക്കിയിരുന്നു. മഴ ഒരു പെണ്ണുടല്‍ പൂണ്ട് ഭൂമിയിലെത്തിയതുപോലെ താര ഡാനിയേലിന്റെ മുന്നിലൂടെ കടന്നുപോയി. അവളുടെ കറുത്ത മുടിയിഴകള്‍ കാര്‍മേഘങ്ങളാണെന്ന് അയാള്‍ക്കുതോന്നി.
ആ കാഴ്ച മുമ്പെങ്ങുമില്ലാത്ത വിധം ഡാനിയേലിനെ ഉന്മത്തനാക്കി. ഈറന്‍ മാറ്റാന്‍ താര മുറിയിലേക്ക് പോയപ്പോള്‍ അയാള്‍ പിന്നാലെ ചെന്നു. നിലക്കണ്ണാടിക്ക് മുന്നില്‍ നിന്ന താരയുടെ പിന്നിലെത്തി അവളുടെ ചുരുള്‍ മുടികള്‍ വകഞ്ഞുമാറ്റി പിന്‍കഴുത്തില്‍ ഉമ്മ വച്ചു.
ഡാനിയേലില്‍ നിന്നുള്ള ആദ്യത്തെ ആര്‍ദ്രാനുഭവം. അവള്‍ അയാള്‍ക്കഭിമുഖമായി തിരിഞ്ഞുനിന്നു. അയാള്‍ നേര്യതിന്റെ തലപ്പുമാറ്റി. അവളുടെ നനഞ്ഞ ദേഹം ചൂടുവമിക്കുന്ന ഡാനിയേലിന്റെ ദേഹത്തോട് കൂടുതല്‍ ചേര്‍ന്നു. അയാളുടെ ഭാവം മാറി.
അനുസരണയോടെ മുന്നില്‍ നിന്ന മാന്‍പേടയെ കടിച്ചുകീറാന്‍ വെമ്പുന്ന ക്രൂര ജന്തുവിന്റെ ഭാവമായിരുന്നു അയാള്‍ക്കപ്പോള്‍. അതുമനസ്സിലാക്കി അവള്‍ പിന്നോട്ടു മാറി. അയാളൊരു ആക്രമണത്തിന് തയ്യാറെടുക്കുന്നതിന് മുന്നേ താരയുടെ കൈ ഡാനിയേലിന്റെ കരണത്ത് പതിഞ്ഞു. അയാള്‍ ആദ്യമായി അവള്‍ക്കു മുന്നില്‍ പരാജിതനായി. പിറ്റേന്ന് അവള്‍ വീടുവിട്ടിറങ്ങി.

വഴിത്തിരിവുകള്‍

യാത്ര സിസ്റ്റര്‍ മാര്‍ഗരറ്റിന്റെ അടുത്തേക്കായിരുന്നു. സിസ്റ്റര്‍ എന്റെ വരവ് പ്രതീക്ഷിച്ചതു പോലെയായിരുന്നു. നിനക്ക് അവിടവും മടുത്തു അല്ലെ എന്ന് മാത്രം ചോദിച്ചു. അതേ എന്ന് ഞാന്‍ തലയാട്ടി. വരവിന്റെ ഉദ്ദേശ്യം അറിയിച്ചു. അവരുടെ ഉപദേശം തേടി. എല്ലാം കേട്ടപ്പോള്‍, ഉദ്യമത്തെ കുറിച്ച് മനസ്സിലായപ്പോള്‍ സിസ്റ്ററിന്റെ കണ്ണുകളില്‍ നീര്‍ തിളക്കം. അത് എന്റെ തീരുമാനത്തിനുള്ള അംഗീകാരമായിരുന്നു.
എന്നെ സഹായിക്കാന്‍ കഴിയുന്നവരുടെ പേരുവിവരങ്ങള്‍ കുറിച്ചുതന്നു. ചിലരോട് സിസ്റ്റര്‍ നേരിട്ടു തന്നെ ഫോണില്‍ സംസാരിച്ചു.
ഇറങ്ങാന്‍ നേരം സിസ്റ്റര്‍ ചോദിച്ചു. ‘നിന്റെ വീട്ടുകാരുമായി എന്തെങ്കിലും ബന്ധം?’
‘എനിക്കിപ്പോള്‍ ഈ ഭൂമിയില്‍ ആരുമായും പറയത്തക്ക ബന്ധമില്ല സിസ്റ്റര്‍’
‘ആരും നിന്നെ കാണാന്‍ ആവിടെനിന്ന് വരാറില്ലേ?’
‘മകള്‍ ജീവിച്ചിരിപ്പുേണ്ടാ എന്നുപോലും അവര്‍ക്ക് നിശ്ചയമുണ്ടാവില്ല, പിന്നല്ലേ….!’
‘നിനക്ക് അവരെ കാണാനും തോന്നുന്നില്ലേ’
ഞാന്‍ മറുപടിയില്ലാത്തവളെ പോലെ നിന്നു.
അവിടെ നിന്നും ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ സിസ്റ്റര്‍ എന്റെ നെറുകയില്‍ കൈവച്ച് അനുഗ്രഹിച്ചു. അത്തരത്തില്‍ ഒരനു
ഭവം എന്റെ ജീവിതത്തില്‍ ആദ്യമായിരുന്നു. ശാപവും നിരാശയും നിറഞ്ഞ ജീവിത വഴികളില്‍ നിന്ന് മറ്റൊരു നിയോഗവുമായി ഞാന്‍ നടന്നു.
സിസ്റ്റര്‍ നാലഞ്ചു പേരുകള്‍ കുറിച്ചു തന്നിരുന്നു. ഓരോരുത്തരെയായി കണ്ട് സംസാരിക്കണമെന്ന് നിശ്ചയിച്ചു. സിസ്റ്റര്‍ എഴുതിത്തന്ന കുറിപ്പിലെ ആദ്യ മേല്‍വിലാസക്കാരനെ അന്വേഷിക്കാനായിരുന്നു തീരുമാനം. അയാള്‍ കോട്ടയത്തുകാരനായിരുന്നു. ഞാന്‍ യാത്ര തുടര്‍ന്നു. ടൗണില്‍നിന്ന് പത്തിരുപത് കിലോമീറ്റര്‍ അകലെയായിരുന്നു അയാളുടെ വീട്. ചെങ്കുത്തായ കയറ്റം കയറി വേണമായിരുന്നു അവിടെ എത്താന്‍. ചെങ്കല്ലുകള്‍ വെട്ടി പടവുകള്‍ തീര്‍ത്തിരുന്നു. അതിഥികളെ സ്വീകരിക്കുന്നതിനായി ബോഗന്‍വില്ല പൂവിട്ടുനിന്നു.
ഞാന്‍ ആ വീടിന്റെ പൂമുഖത്ത് ചെന്നു. കാളിംഗ് ബെല്ലിനു പകരം വലിയൊരു മണി മേല്‍ത്തട്ടിലെ ഇരുമ്പ് കൊളുത്തില്‍ തൂക്കിയിട്ടിരുന്നു. കൈയെത്തിച്ച് മണിയടിച്ചു. മണിനാദം കേട്ടപ്പോള്‍ പൂമുഖത്തെ മുകള്‍ഭാഗത്ത് കൂടുകെട്ടിയ തുക്കണാംകുരുവികള്‍ മണ്‍കൂടുവിട്ട് എങ്ങോ പറന്നു.
വാതില്‍ തുറന്ന് ഒരാള്‍ പുറത്തു വന്നു.
‘മോഹന്‍ ദേവ്?’ ഞാന്‍ ചോദിച്ചു.
‘അതേ.’ അയാള്‍ മറുപടി നല്‍കി.
‘എന്റെ പേര് താര.’ ഞാന്‍ എന്നെ അയാള്‍ക്ക് പരിചയപ്പെടുത്തി.
‘വരൂ, അകത്തിരുന്നു സംസാരിക്കാം.’ മോഹന്‍ ദേവ് പറഞ്ഞു.
അകത്തുചേന്നപ്പോള്‍ കണ്ട കാഴ്ചകള്‍ എന്നെ അത്ഭുതപ്പെടുത്തി. രണ്ടു ഷെല്‍ഫ് നിറഞ്ഞിരിക്കുന്ന പുസ്തകങ്ങള്‍. മുള കൊണ്ടും പനയോലകൊണ്ടും തീര്‍ത്ത വിവിധ രൂപങ്ങള്‍. ചന്ദന നിറത്തിലുള്ള ബുദ്ധന്റെ പ്രതിമ അയാളുടെ എഴുത്ത് മേശയ്‌ക്കു പ്രൗഢി നല്‍കി. പാതി കൂമ്പിയ ബുദ്ധന്റെ കണ്ണുകളിലൂടെ ആഗ്രഹമുക്തയാകാന്‍ ഞാന്‍ കൊതിച്ചു. ഒരിക്കലും സാധിക്കില്ല എന്നറിഞ്ഞിട്ടും.
താര എന്ന വിളി എന്നെ കാഴ്ചകളില്‍ നിന്ന് പിന്‍വലിച്ചു.
ഇരിക്കൂ, എന്നിട്ട് വന്ന കാര്യം പറയൂ. മോഹന്‍ ദേവ് പറഞ്ഞു.
ഞാന്‍ മുള കൊണ്ട് തീര്‍ത്ത ഇരിപ്പിടത്തില്‍ ഇരുന്നു. മോഹന്‍ ദേവിന്റെ മുഖത്തേയ്‌ക്ക് നോക്കി. നാðപ്പത്തിയôു വയസ്സില്‍ കൂടുതല്‍ പ്രായമില്ല അയാള്‍ക്ക് എന്ന് തോന്നി. ആരെയും ആകര്‍ഷിക്കുന്ന കണ്ണുകള്‍. ഞാന്‍ ആ കണ്ണുകളില്‍ നിന്ന് നോട്ടം എടുക്കാതെ എന്റെ ആഗമനോദ്ദേശ്യം പറഞ്ഞു തുടങ്ങി.
ബാല്യത്തിലോ കൗമാരത്തിലോ സംഭവിച്ച ശാരീരിക ചൂഷണത്തിന്റെയോ മാനസിക പീഡനത്തിന്റെയോ അടിസ്ഥാനത്തില്‍ ജീവിതത്തിന് അര്‍ഥമില്ല എന്ന് കരുതുന്ന, നിരാശ അനുഭവിക്കുന്ന കുട്ടികളെ കെണ്ടത്തി അവര്‍ക്ക് താങ്ങാവുക എന്നതാണ് ലക്ഷ്യം. അങ്ങനെയുള്ളവരെ കെണ്ടത്താന്‍ എനിക്ക് താങ്കളുടെ സഹായം വേണം. തൃശൂരുള്ള സിസ്റ്റര്‍ മാര്‍ഗരറ്റ് ആണ് നിങ്ങള്‍ക്ക് എന്നെ സഹായിക്കാന്‍ പറ്റുമെന്ന് പറഞ്ഞതും മേല്‍വിലാസം നല്‍കിയതും. ഞാന്‍ പറഞ്ഞു.
സിസ്റ്റര്‍ എന്നെ വിളിച്ചിരുന്നു. ഇങ്ങനെ ഒരാള്‍ വരുമെന്നും വേണ്ട സഹായങ്ങള്‍ ചെയ്യണമെന്നും പറഞ്ഞിരുന്നു. മോഹന്‍ ദേവ് പറഞ്ഞു.
‘നമുക്ക് അങ്ങനെ വേഗത്തില്‍ കുട്ടികളെ കെണ്ടത്തി അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നു പറഞ്ഞു അവരെ സമീപിക്കാന്‍ സാധിക്കില്ല. അതിന് ആദ്യം വേണ്ടത് നമ്മില്‍ ഒരു വിശ്വാസ്യത അവരില്‍ ഉണ്ടാക്കുക എന്നതാണ്. അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടും എന്ന വിശ്വാസം അവര്‍ക്ക് ഉണ്ടാകണം. ജീവിതത്തില്‍ മോശപ്പെട്ട അനുഭവം നേരിട്ട്, ആരോടും മനസ്സ് തുറക്കാന്‍ കഴിയാതെ എരിയുന്ന കുട്ടികളെയും, അവരുടെ കാര്യത്തില്‍ എന്തുവേണം എന്നറിയാത്ത വേണ്ടപ്പെട്ടവരേയും എനിക്ക് വ്യക്തിപരമായി അറിയാം.’ മോഹന്‍ ദേവ് പറഞ്ഞു.
‘അപ്പോള്‍ എന്ത് വേണമെന്നാണ് മോഹന്‍ പറയുന്നത്.’ ഞാന്‍ ചോദിച്ചു.
താരയുടെ ഇതേ ചിന്താഗതിയുള്ള കുറച്ചുപേരെ കെണ്ടത്തി ആദ്യം നമുക്കൊരു സന്നദ്ധസംഘടന രൂപീകരിക്കാം. അത് രജിസ്റ്റര്‍ ചെയ്ത ശേഷം നമുക്ക് പ്രവര്‍ത്തിച്ചു തുടങ്ങാം. അതല്ലേ നല്ലത്. മോഹന്‍ ദേവ് ചോദിച്ചു.
‘അതു മതി.’ ഞാന്‍ പറഞ്ഞു.
‘താരയ്‌ക്ക് മൊബൈല്‍ ഫോണുേണ്ടാ?’ അയാള്‍ ചോദിച്ചു.
ഇല്ല എന്ന് മറുപടി കൊടുത്തു.
‘എന്റെ കൈയില്‍ ഒരു ഫോണ്‍ ഉണ്ട്. അല്പം പഴയതാണ്. അത് ഞാന്‍ തരാം. എന്നിട്ട് നമുക്കൊരു ബിഎസ്എന്‍എല്‍ സിം എടുക്കാം. നിരവധി ആളുകളെ ബന്ധപ്പെടാനുള്ളതല്ലേ. ഓഫീസ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഒരു ലാന്‍ഡ് ഫോണ്‍ കണക്ഷനും അപേക്ഷിക്കാം. എന്താ?’ മോഹന്‍ ചോദിച്ചു.
‘മോഹന്‍ തീരുമാനിക്കുന്ന പോലെ’ എന്ന മറുപടി നല്‍കി, തൊട്ടടുത്ത ദിവസം കണ്ടുമുട്ടേണ്ട സ്ഥലവും സമയവും തീരുമാനിച്ചു ഞാന്‍ ഇറങ്ങി. കോട്ടയത്ത് ഒരു ഹോസ്റ്റലില്‍ സിസ്റ്റര്‍ എനിക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ മോഹന്‍ ദേവ് അയാളുടെ സമയം എനിക്കായി നീക്കിവെച്ചു. അയാള്‍ക്ക് പരിചയമുള്ള ഏതാനും വീടുകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. മോഹന്‍ എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി. അവിശ്വാസ്യതയോടെയായിരുന്നു ആദ്യമൊക്കെ അവരുടെ സമീപനം. ഒന്നും തുറന്നുപറയാന്‍ കൂട്ടാക്കിയതേയില്ല. ഞാന്‍ എന്റെ അനുഭവം അവരുമായി പങ്കിട്ടു. പതിയെപ്പതിയെ അവരെന്നെ കേള്‍ക്കാന്‍ തയ്യാറായി. അതുമാത്രം മതിയായിരുന്നു എനിക്ക്.
ആ വീടുകള്‍ക്കുള്ളില്‍ മുഖം മറച്ചിരുന്നു തേങ്ങിയിരുന്നത് ഞാന്‍ തന്നെയായിരുന്നു എന്ന് തോന്നി. എല്ലാവര്‍ക്കും എന്റെ മുഖം. നീലിച്ച ചുണ്ടുകളും, നഖപ്പാടേറ്റ് നീറുന്ന മുല ഞെട്ടുകളും, ചോര കട്ടപിടിച്ച തുടയിടുക്കുമായി എന്റെ തന്നെ പ്രതിബിംബങ്ങള്‍. എനിക്കൊരു തളര്‍ച്ച അനുഭവപ്പെട്ടു. പക്ഷേ തോറ്റു കൊടുക്കരുതെന്ന് പുരുഷന്റെ ജനനേന്ദ്രിയം കൊണ്ടുള്ള ആക്രമണത്തില്‍ പ്രാണന്‍ നഷ്ടപ്പെട്ട് മോക്ഷം കിട്ടാതെ അലഞ്ഞ ആരുടേയോ ആത്മാവ് മന്ത്രിച്ചു.
ദുരനുഭവങ്ങളുടെ തുരുത്തില്‍ ഒറ്റപ്പെട്ടുപോയവര്‍. അതിനപ്പുറം അവരുടെ പേരോ ഊരോ ഒന്നും പ്രസക്തമല്ല. ശരീരത്തില്‍ ഒരു ലിംഗം ഉണ്ട് എന്ന ഒറ്റക്കാരണത്താല്‍ പെണ്ണിന്റെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന എല്ലാ ആണധികാരങ്ങളെയും തച്ചുടയ്‌ക്കാനുള്ള വെമ്പലായിരുന്നു എനിക്ക്.
എന്റെ മനസിലിപ്പോള്‍ ആ എട്ടാം കഌസുകാരിയാണ്. വിളറി വെളുത്ത മുഖത്തോടെ മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞവള്‍. ഇടത്തരം കുടുംബം ആയിരുന്നു അവളുടേത്. പഠനത്തില്‍ ശരാശരി നിലവാരം പുലര്‍ത്തിയവള്‍. അതുകൊണ്ടാണ് അവളെ സ്‌കൂളിനോട് ചേര്‍ന്നുള്ള ഒരു ട്യൂഷന്‍ സെന്ററില്‍ രക്ഷിതാക്കള്‍ ചേര്‍ത്തത്. വൈകിട്ടായിരുന്നു ട്യൂഷന്‍. ട്യൂഷന്‍ ക്ലാസിലെ ഏറ്റവും പിന്നിലത്തെ ബെഞ്ചില്‍ ആയിരുന്നു അവളുടെ സ്ഥാനം. അവള്‍ക്കൊപ്പം ആ ബെഞ്ചില്‍ ഇരിക്കുന്ന മറ്റു രണ്ടു കുട്ടികള്‍ വരാത്ത ദിവസമായിരുന്നു അത് സംഭവിച്ചത്. കണക്ക് അധ്യാപകന്‍ ആയിരുന്നു ക്ലാസ്സില്‍. ബോര്‍ഡില്‍ ഒരു ചോദ്യം എഴുതി ഉത്തരം കെണ്ടത്താന്‍ നിര്‍ദേശിച്ചു. എന്നിട്ട് അയാള്‍ കുട്ടികളെ നിരീക്ഷിച്ചു ക്ലാസ് മുറിയിലൂടെ നടന്നു. പിന്‍ നിരയില്‍ ഒറ്റയ്‌ക്കിരുന്ന ആ പെണ്‍കുട്ടിയുടെ പിന്നിലെത്തി. ആരും കാണാതെ തക്കം നോക്കി അയാള്‍ അവളുടെ വലത്തെ കിളുന്ത് മുലഞെട്ടില്‍ പിടിച്ചു ഞെരിച്ചു. അവളില്‍ നിന്ന് പു
റത്തേക്കുതെറിച്ച ആ എന്ന ശബ്ദം കേട്ടു മുന്‍നിര ബഞ്ചിലിരുന്ന ഒരു പയ്യന്‍ തിരിഞ്ഞുനോക്കി. അവളുടെ മാറില്‍നിന്ന് കൈ എടുക്കുന്ന അധ്യാപകനെയാണ് അവന്‍ കണ്ടത്. അവന്‍ അവളെ നോക്കി ഒരു വഷളന്‍ ചിരി ചിരിച്ചു. അപമാനത്താലും സങ്കടത്താലും അവള്‍ കരയാന്‍ തുടങ്ങി. കാരണമറിയാതെ മറ്റുകുട്ടികള്‍ അവളെ നോക്കിയപ്പോള്‍ അധ്യാപകന്‍ അവളെ കണക്ക് ചെയ്യാതെ തെക്കും വടക്കും നോക്കി ഇരിക്കുന്നു എന്ന് പറഞ്ഞു ശകാരിക്കാന്‍ തുടങ്ങി. അതയാളുടെ തന്ത്രമായിരുന്നു. അവളുടെ വാ മൂടിക്കെട്ടുന്നതിന്. ആ സംഭവത്തിനുശേഷം പെണ്‍കുട്ടി സ്‌കൂളില്‍ പോയിട്ടില്ല. മറ്റു കുട്ടികളുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ അവള്‍ ഭയപ്പെട്ടു.
മറ്റൊരുവള്‍ക്ക് രണ്ടാനച്ഛന്റെ പ്രായപൂര്‍ത്തിയാകാത്ത മകനില്‍ നിന്നായിരുന്നു പീഡനം. വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്താണ് അവന്‍ ആ ഒമ്പത് വയസ്സുകാരിയെ തന്റെ മുറിയിലേക്ക് വിളിച്ചത്. നമുക്ക് അച്ഛനും അമ്മയും കളിക്കാം എന്ന് പറഞ്ഞു കളി കാര്യം ആക്കുകയായിരുന്നു. എന്താണ് അവന്‍ ചെയ്യുന്നത് എന്ന് ആ കുട്ടിക്ക് മനസ്സിലായതേയില്ല. വീട്ടില്‍ അമ്മ മടങ്ങിയെത്തിയപ്പോള്‍ അവളുടെ വെളുത്ത പെറ്റിക്കോട്ടില്‍ പറ്റിപ്പിടിച്ച ചോരപ്പാട് കണ്ടപ്പോഴാണ് അവര്‍ കാര്യം തിരക്കിയത്. ‘ഞാനും ചേട്ടനും അച്ഛനും അമ്മയും കളിച്ചപ്പോള്‍ പറ്റിയതാണ് അമ്മേ ഇതെന്ന്’ നിഷ്‌കളങ്കമായ മറുപടി. അവനെ വിളിച്ചു കാര്യം തിരക്കിയപ്പോള്‍ കൂസലില്ലാതെയുള്ള അവന്റെ നില്‍പുകണ്ട് ഉലഞ്ഞു പോയത് അമ്മയാണ്. ഭര്‍ത്താവിനോട് അയാളുടെ മകനെതിരെ പരാതി പറയാന്‍ അവര്‍ ഭയപ്പെട്ടു. അപ്പോഴും ഒന്നും സംഭവിക്കാത്ത പൂമ്പാറ്റയെ പോലെ ആ ഒമ്പത് വയസ്സുകാരി അവിടെ പാറിപ്പറന്നു നടന്നു. സമാധാനം നഷ്ടപ്പെട്ടത് അവളുടെ അമ്മയ്‌ക്കാണ്. അങ്ങനെ എത്രയോ ദുരനുഭവങ്ങള്‍ നേരിട്ടവര്‍.
അവരെയെല്ലാം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നത് ശ്രമകരമായിരുന്നു. ഒറ്റപ്പെട്ട തുരുത്തില്‍ നിന്ന് ഭയത്തിന്റെ പ്രവാഹത്തെ അതിജീവിക്കാന്‍ ഒരു കച്ചിത്തുരുമ്പിലെ പിടുത്തം മാത്രം മതിയാകുമായിരുന്നില്ല. കൗണ്‍സിലിങ്ങിലൂടെയും മറ്റു ക്രിയാത്മക മേഖലകളിലേക്ക് അവരുടെ ചിന്തയെ വഴിതിരിച്ചുവിട്ടും നിര്‍ഭയത്വത്തിന്റെ തണലൊരുക്കാന്‍ ഞങ്ങള്‍ നിരന്തരം ശ്രമിച്ചു. അതിനായുള്ള യാത്രകള്‍ക്കിടയില്‍ എനിക്ക് മോഹന്‍ ദേവിലേക്കുള്ള അകലം കുറഞ്ഞുവന്നു. ഞാന്‍ അയാളിലേക്ക് കൂടുതല്‍ അടുക്കുന്നതായി തോന്നി. പ്രണയമെന്നത് ഞാന്‍ അന്നോളം അനുഭവിച്ചിട്ടുള്ള വികാരമേ അല്ലായിരുന്നു. പക്ഷേ എനിക്ക് അയാളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് യാതൊന്നുംതന്നെ അറിയുമായിരുന്നില്ല. വിവാഹിതയായ ഞാന്‍ അന്യപുരുഷനെ പ്രണയിക്കാമോ, അതിലെ ശരി തെറ്റെന്ത് എന്നൊന്നും ചിന്തിച്ചില്ല.
ഒരു ഇടവമാസ പകുതിയില്‍ മഴമേഘങ്ങള്‍ ആകാശത്ത് കൂടൊരുക്കാന്‍ തുടങ്ങുമ്പോഴാണ് ആദ്യമായി മോഹന്‍ ദേവിന്റെ കുടുംബത്തെക്കുറിച്ച് അന്വേഷിച്ചത്. മഴയ്‌ക്കുവേണ്ടിയുള്ള വേഴാമ്പലുകളുടെ കാത്തിരിപ്പു പോലെ ഞാന്‍ അയാളുടെ ഉത്തരത്തിനായി കാത്തു. തിരക്ക് കുറഞ്ഞ ഒരു നിരത്തിലൂടെ നടക്കുകയായിരുന്നു ഞങ്ങള്‍.
‘ഭാര്യ ഉണ്ടായിരുന്നു.’ മോഹന്‍ പറഞ്ഞു. ഞാന്‍ ഒന്നും മനസ്സിലാകാതെ നിന്നു. അപ്പോള്‍ മോഹന്‍ ചിരിച്ചു. നിത്യ എന്നാണ് ഭാര്യയായിരുന്നവളുടെ പേര്. സ്റ്റേറ്റ് ബാങ്കിലാണ് ജോലി. എന്നില്‍നിന്ന് അവള്‍ വിവാഹമോചനം നേടി. ഒരു മകളുï്. കീര്‍ത്തന. നാലില്‍ പഠിക്കുന്നു.
‘നിങ്ങള്‍ പിരിയാന്‍ കാരണം?’ ഞാന്‍ തിരക്കി.
‘യഥാര്‍ത്ഥ കാരണം എനിക്കിന്നും അറിയില്ല. ബാങ്കിലായിരുന്നു എന്റേയും ജോലി. എന്റെ പ്രവര്‍ത്തനമേഖല അതല്ല എന്ന് തോന്നിയപ്പോള്‍ ഞാന്‍ രാജിവെച്ചു. സമൂഹത്തില്‍ ഒരു പരിവര്‍ത്തനം കൊïുവരാന്‍ എന്റെ ഭാഗത്തുനിന്നുള്ള എളിയ പരിശ്രമങ്ങള്‍. ഞാന്‍ നക്‌സല്‍ ആണെന്നായിരുന്നു നിത്യയുടെ കെണ്ടത്തല്‍. അതാവും പിരിയാന്‍ കാരണം.’ അയാള്‍ പറഞ്ഞു.
ഞാന്‍ അതുകേട്ട് ചിരിച്ചു. അതിലും ഉറക്കെ ചിരിച്ചത് എന്റെ മനസ്സായിരുന്നു.
‘തന്റെ കാര്യങ്ങള്‍ ഒരിക്കല്‍ സിസ്റ്റര്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ചോദിക്കുന്നില്ല. എന്നാലും കുഞ്ഞുങ്ങള്‍ വേെണ്ടന്ന് തീരുമാനിക്കാന്‍…’മോഹന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
‘വേെണ്ടന്ന് വച്ചതല്ല. അതിനുള്ള ഭാഗ്യം ഉണ്ടായില്ല.’ ഞാന്‍ പറഞ്ഞു.
പിന്നെ ഞങ്ങള്‍ക്കിടയില്‍ മൗനം. നടന്നു നടന്ന് ഞങ്ങള്‍ പ്രധാന നിരത്തിലെത്തി. ഒരു കാപ്പി കുടിച്ചു പിരിഞ്ഞാലോ. ആ കോഫീ ഷോപ്പിലെ കാപ്പിയ്‌ക്ക് നല്ല രുചിയാണ് എന്നു പറഞ്ഞു മോഹന്‍ റോഡിനപ്പുറത്തേയ്‌ക്ക് വിരല്‍ ചൂണ്ടി. അനുവാദത്തിന് കാത്തുനില്‍ക്കാതെ അയാള്‍ റോഡ് മുറിച്ചു കടന്നു. മറുഭാഗത്തെത്തി തിരിഞ്ഞു നോക്കിയപ്പോഴാണ് റോഡിന് അപ്പുറം പകച്ചു നില്‍ക്കുന്ന എന്നെ കണ്ടത്.
മോഹന്‍ കൈ കാണിച്ചു വാഹനങ്ങള്‍ നിര്‍ത്തി എന്റടുത്തെത്തി. പിന്നെ എന്റെ ഇടത് കൈയില്‍ പിടിച്ചു റോഡിന് അപ്പുറത്തെത്തി. ജീവിതത്തില്‍ കിട്ടിയ ആദ്യത്തെ കരുതല്‍!
‘ലോകത്തുള്ള ആണുങ്ങളെ മുഴുവന്‍ ചുട്ടെരിയ്‌ക്കാനുള്ള ദേഷ്യം ഉള്ളിലുള്ള ആള്‍ക്ക് ഒരു റോഡ് മുറിച്ചുകടക്കാന്‍ അറിയില്ല അല്ലെ?’ കോഫീ ഷോപ്പില്‍ തിരക്കൊഴിഞ്ഞ ഭാഗം കെണ്ടത്തി ഇരുന്നപ്പോള്‍ മോഹന്‍ ചോദിച്ചു.
‘എല്ലാ ആണുങ്ങളോടും ഇല്ല. ചിലരെയൊക്കെ സ്‌നേഹിക്കാനും കൊള്ളാം.’
‘ അതിലൊരാള്‍ ഞാന്‍ ആണോ?’
‘ആണെന്ന് കൂട്ടിക്കോളൂ.’ ഞാന്‍ മോഹന്റെ മുഖത്തേയ്‌ക്ക് നോക്കി.
അയാള്‍ എന്നെ അവിശ്വസനീയതയോടെ നോക്കി.
‘കാപ്പി ഓഡര്‍ ചെയ്യുന്നില്ലേ?’ ഞാന്‍ ചോദിച്ചു.
മോഹന്‍ രണ്ട് കാപ്പി പറഞ്ഞു. അഞ്ച് മിനിറ്റിനുള്ളില്‍ രണ്ട് കാപ്പി ടേബിളില്‍ എത്തി.
കാപ്പിയ്‌ക്ക് നല്ല ചൂടുണ്ടായിരുന്നു. ഊതിക്കുടിയ്‌ക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു ,’അരുതാത്തത് എന്തെങ്കിലും ഞാന്‍ പറഞ്ഞോ’
ഇല്ല എന്ന അര്‍ഥത്തില്‍ അയാള്‍ ചുമല്‍ അനക്കി.
‘ഞാന്‍ കളി പറഞ്ഞതല്ല. പ്രണയിക്കാനുള്ള അവസരം ഇതുവരെ ഉണ്ടായിട്ടില്ല. എനിക്ക് ഇപ്പോള്‍ തോന്നുന്നത് അതാണോ എന്നും അറിയില്ല. ഞാന്‍ ഈ സാമിപ്യം ആഗ്രഹിക്കുന്നു. അതാണ് സത്യം. മോഹന്റെ അവസ്ഥ എനിക്കറിയില്ല. ഞാന്‍ പറഞ്ഞു.
ആകാശത്തുനിന്ന് മഴയെ കാറ്റ് കൊണ്ടുപോയിരുന്നു. നീല മേഘങ്ങള്‍ അങ്ങിങ്ങായി തെളിഞ്ഞു. അസ്തമയ സൂര്യന്റെ ചുവപ്പ് ഏല്‍ക്കാന്‍ തയ്യാറായി അവ നീണ്ടു നിവര്‍ന്നു കിടന്നു.
‘നമുക്ക് ഇറങ്ങിയാലോ?’ അയാള്‍ ചോദിച്ചു.
ഞാന്‍ മൂളി. ബസ്റ്റോപ്പ് വരെ പിന്നീട് ഒന്നും സംസാരിച്ചില്ല.
ജീവിതത്തില്‍ ശൂന്യതയുടെ മൂന്നാം ഘട്ടമാണ് അനുഭവിക്കുന്നതെന്ന് എനിക്ക് തോന്നി. ആ ശൂന്യതയെ എന്റെ ലക്ഷ്യത്തിന് തടസ്സം ആകുവാന്‍ ഞാന്‍ അനുവദിച്ചില്ല. അതിനോടകം തന്നെ ‘ചിറക്’ എന്നപേരില്‍ ഞങ്ങളുടെ എന്‍ജിഒ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിരുന്നു.
കോഫീഷോപ്പില്‍ നിന്ന് പോയശേഷം മോഹനെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അയാള്‍ എന്നെ കാണാന്‍ ഞങ്ങളുടെ ഓഫീസില്‍ വന്നു. ഇത്രയും ദിവസം എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തന്നില്ല.
‘നമുക്ക് ഒരിടം വരെ പോയാലോ?’ അയാള്‍ ചോദിച്ചു.
എവിടേയ്‌ക്കെന്ന് ചോദിക്കാതെ ഞാന്‍ ഓഫിസ് പൂട്ടിയിറങ്ങി. മോഹനൊപ്പം ബൈക്കില്‍ കയറി. തുമ്പുകെട്ടാത്ത മുടി കാറ്റില്‍ പാറി.
‘താരയുടെ മുടിക്ക് പിച്ചി പൂവിന്റെ ഗന്ധമാണ്.’
‘ഇന്നലെ ചൂടിയിരുന്നു. അതാവും.’ ഞാന്‍ പറഞ്ഞു.
ബൈക്ക് ഓടിക്കൊേണ്ടയിരുന്നു. പിന്നില്‍ മറയുന്ന കാഴ്ചകള്‍. തിരിച്ചുള്ള യാത്രയില്‍ കാണേണ്ട കാഴ്ചകള്‍. മറയുന്നത് ഭൂതകാലവും തിരിച്ചുവരുമ്പോള്‍ ഉള്ളത് അതിന്റെ ഓര്‍മകളും ആണെന്ന് തോന്നി. ബൈക്ക് വളവുതിരിവുകള്‍ പിന്നിട്ട് ഒരു മലമുകളില്‍ എത്തി. അവിടെ പ്രത്യേകിച്ചൊന്നും കണ്ടില്ല. ഞാന്‍ മലമുകളിലെ കാറ്ററിഞ്ഞു, തണുപ്പ് അറിഞ്ഞു, പിന്നെ ഒരു മഴയ്‌ക്കായി കാത്തു.
മോഹന്‍ എന്നെ ഒരു മരത്തിന് അടുത്തേക്ക് കൊണ്ട് പോയി. അതിന് മുന്നില്‍ കൈകൂപ്പി നിന്നു. എനിക്കൊന്നും മനസ്സിലായില്ല
മരത്തിന് ചുവട്ടിലുള്ള ഒരു ശിലാരൂപത്തിന് നേരെ അയാള്‍ നോക്കി. അപ്പോഴാണ് ഞാന്‍ അത് കണ്ടത്. അതിന്മേല്‍ കുങ്കുമവും മഞ്ഞള്‍പൊടിയും ചാര്‍ത്തിയിരിക്കുന്നു.
‘ഇത് ഭദ്രകാളിയാണെന്നാണ് വിശ്വാസം. വിളിച്ചാല്‍ വിളിപ്പുറത്ത് ഉണ്ടാകുമത്രെ’. മോഹന്‍ ദേവ് പറഞ്ഞു.
‘നമ്മള്‍ ഇവിടെ വന്നത്’.
‘ പറയാം’
പോക്കറ്റില്‍നിന്ന് മഞ്ഞച്ചരടില്‍ കോര്‍ത്ത ഒരു താലി അയാള്‍ എടുത്തു. എനിക്കൊന്നും മനസ്സിലായില്ല.
‘ഞാന്‍ ഈ താലി നിന്റെ കഴുത്തിലണിയിക്കട്ടെ.’ മോഹന്‍ ചോദിച്ചു.
‘ഞാനിപ്പോഴും ഡാനിയേലിന്റെ ഭാര്യയാണ്. മോഹനെ പോലെ ബന്ധം പിരിഞ്ഞിട്ടില്ല’
‘എല്ലാം എനിക്കറിയാം. നീ അയാളെ അന്വേഷിച്ചു പോവുകയോ, അയാള്‍ നിന്നെ തേടി വരികയോ ചെയ്യില്ല എന്ന് എന്റെ മനസ്സ് പറയുന്നു.’
‘ശരിയാണ്. ഭാര്യ എന്ന നിലയില്‍ അന്വേഷിച്ച് പോക്ക് ഇനിയുണ്ടാവില്ല. പക്ഷേ…’
‘നീ മനസ്സുകൊണ്ട് അയാളെ ഭര്‍ത്താവായി അംഗീകരിക്കുന്നില്ല എങ്കില്‍, നീ സ്‌നേഹിക്കുന്നു എന്നു പറയുന്ന എന്നെ സ്വീകരിച്ചു കൂടെ.’
എന്റെ മൗനം കണ്ടിട്ടാവണം മോഹന്‍ തുടര്‍ന്നു…
‘ഈ താലി എനിക്ക് നിന്നോടുള്ള സ്‌നേഹത്തിന്റെ പ്രതീകമാണ്. ഇങ്ങനെയല്ലാതെ എന്റെ പ്രണയം വെളിപ്പെടുത്താനാവില്ല. നീയും ഞാനും ഈ ദേവിയും പിന്നെ നിനക്ക് ആരോടെങ്കിലും വെളിപ്പെടുത്തണമെന്നുെണ്ടങ്കില്‍ അവരും അല്ലാതെ ഇത് മറ്റാരും അറിയില്ല.’
ആ സ്‌നേഹം നിരസിക്കാന്‍ എനിക്കായില്ല. ദേവീ സമക്ഷം മോഹന്‍ ദേവ് എന്റെ കഴുത്തില്‍ താലി ചാര്‍ത്തി. ആ ശിലാരൂപത്തില്‍ നിന്ന് മഞ്ഞള്‍ പൊടിയെടുത്ത് എന്റെ നെറ്റിയിലും കുങ്കുമം എടുത്ത് സീമന്തരേഖയിലും അണിയിച്ചു.
ഡാനിയേല്‍ കെട്ടിയ മിന്ന് ഏതോ ബാഗിന്റെ കൈയെത്താ മൂലയിലിരുന്ന് അപ്പോള്‍ വിശ്രമിക്കുന്നുണ്ടായിരുന്നു.
കടലാസ് പൂക്കള്‍ നിറഞ്ഞുനിന്ന വീട്ടിലേക്കാണ് ഞങ്ങള്‍ പോയത്. പ്രായം നാല്‍പതിനോട് അടുക്കുമ്പോഴുള്ള പ്രണയത്തില്‍ കൂടുതല്‍ പക്വമതിയായി. പെണ്ണിന്റെ ദേഹം പൂവായി വിരടുന്നത് അവളുടെ പുരുഷന്‍ സ്‌നേഹത്തോടെ സ്പര്‍ശിക്കുമ്പോഴാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. പൂവിനെ വേദനിപ്പിക്കാത്ത കാറ്റും മഴയും വെയിലും എല്ലാമായി അവന്‍ മാറുന്ന നിമിഷം. ആ തീവ്രതയെ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. എല്ലാത്തിനും അതീതമായി അവന്‍ എന്റെയുള്ളില്‍ ഇങ്ങനെ നിറഞ്ഞുപെയ്യുകയാണ്. ആ സ്‌നേഹത്തിന് മുന്നില്‍ മാത്രം അശക്തയായി. വര്‍ഷം രണ്ട് കഴിഞ്ഞു.
ചിറകിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മോഹന് ഒരു രാത്രി വിട്ടുനില്‍ക്കേണ്ടി വന്നു. ഒന്നായ ശേഷമുള്ള ആദ്യത്തെ വേര്‍പിരിയില്‍.
പിറ്റേന്ന് പുലര്‍ച്ചെ ഫോണ്‍ നിര്‍ത്താതെ ബെല്ലടിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. ദുസ്സൂചനകളുടെ കൂട്ടമണിയാണ് അതെന്ന് ഞാന്‍ ഭയപ്പെട്ടു. ഹൃദയം കാതുകളില്‍ ഇരുന്ന് മിടിക്കുന്നതുപോലെ തോന്നി. വിറയ്‌ക്കുന്ന കൈകളോടെ ഞാന്‍ ഫോണ്‍ എടുത്തു. ചിറകിന്റെ കാര്യങ്ങളില്‍ സഹകരിക്കുന്ന മേരിയായിരുന്നു അങ്ങേ തലയ്‌ക്കല്‍. കേട്ടത് വിശ്വസിക്കാനാവാതെ ഞാന്‍ കട്ടിലിലേക്ക് വീണു. പുറത്ത് പുല്‍നാമ്പുകളില്‍ പറ്റിപ്പിടിച്ച മഞ്ഞുതുള്ളികള്‍ നിലത്തേക്ക് ഇറ്റുവീണുകൊണ്ടിരുന്നു.
രാവിലെ ഞാന്‍ മോഹന്റെ മുന്‍ഭാര്യയുടെ വീട് തേടിപ്പിച്ചു ചെന്നു. അവിടെ കൂടിനിന്ന ആളുകള്‍ക്കിടയില്‍ ഞാന്‍ വെറും കാഴ്ചക്കാരിയായി. പുറത്ത് ആംബുലന്‍സ് വന്നു നിന്നു. അതില്‍നിന്ന് ഒരു ശവമഞ്ചം നാലഞ്ച് ആളുകളുടെ ചുമലിലേറി വന്നു. അതിനുള്ളില്‍ എന്റെ മോഹന്‍ വിറങ്ങലിച്ചു കിടന്നു. മനസ്സുകൊണ്ട് ഞാന്‍ ആയിരം വട്ടം വിളിച്ചു. മോഹന്‍ ഉണര്‍ന്നതേയില്ല. അയാളുടെ കുഞ്ഞിന്റെ അമ്മ അവളേയും ചേര്‍ത്തുപിടിച്ച് ആ ശവമഞ്ചത്തിന് അടുത്തെത്തി. മോഹന്റെ മുഖത്തോട് തന്റെ മുഖം ചേര്‍ത്തു. ഒച്ചയില്ലാതെ കരഞ്ഞു. മോഹന്റെ മുഖം അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ വീണ് കുതിര്‍ന്നു. അവന്റെ നെറ്റിയില്‍ ചുണ്ടുകള്‍ അമര്‍ന്നു. മകള്‍ അച്ഛന് അന്ത്യ ചുംബനം നല്കി. അവിടെ മോഹന് ഞാന്‍ അപരിചിതയായി. അവന്റെ ചേതനയറ്റ ഉടലിന് അവകാശിയല്ലാതായി. അവന്റെ ആത്മാവിന്റെ സൂക്ഷിപ്പുകാരിയായി ഒന്നുറക്കെ കരയാന്‍ പോലുമാകാതെ നിസ്സഹായയായി. എന്റെ മോഹന്റെ ദേഹം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങുന്നത് കാണാനുള്ള ത്രാണിയില്ലാതെ ഞാന്‍ മടങ്ങി.
നീണ്ട മൗനം അത് ഏറെ നാള്‍ തുടരാനുമായില്ല. മോഹന്‍ ദേവിന്റെ സ്വപ്‌നങ്ങളും കൊണ്ട് ഞാന്‍ ചിറകിലെത്തി. ഡാനിയേലിന് താര അയച്ച സുദീര്‍ഘമായ കത്തായിരുന്നു അത്.
താരയുടെ ഹൃദയം ആ കത്തിലിരുന്ന് വിറകൊണ്ടതായി ഡാനിയേലിന് അനുഭവപ്പെട്ടു. താരയ്‌ക്ക് മുന്നിലൂടെ കാലം അനാസക്തിയോടെ ചലിച്ചു.

പ്രയാണം

താരയുടെ ഓര്‍മ്മപ്പെടുത്തലായിരുന്നു ആ കത്ത്. നിയമപരമായി ഡാനിയേലിന്റെ ഭാര്യയാണെങ്കിലും മോഹന്‍ ദേവിന്റെ വിധവയായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അവള്‍ അതിലൂടെ വ്യക്തമാക്കി. അപ്പോഴും എന്നെങ്കിലുമൊരിക്കല്‍ താര തന്നെ കാണാന്‍ വരുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. മഴ ശമിച്ചു.
ഡാനിയേല്‍ ഉറങ്ങാന്‍ കിടന്നു; താരയുടെ ഗന്ധമുള്ള കത്തുകള്‍ ചേര്‍ത്തുപിടിച്ച്.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഛായാ ബാംസുരിയുടെ പടികള്‍ കടന്ന് നടാഷ വീണ്ടുമെത്തി. വാതില്‍ തുറന്ന് കിടന്നിരുന്നു. അകത്തുകടന്നതും അവള്‍ നിലവിളിച്ചുകൊണ്ട് ഓടിയിറങ്ങി. പടികളില്‍ തട്ടി വീണു. ഉരുണ്ടുരുണ്ട് താഴേക്കുപോയി. ഒരു കാറ്റ് ആഞ്ഞുവീശി. ആ കാറ്റേറ്റ് മുറ്റത്തുകിടന്ന ഉണങ്ങിയ മുള ഇലകള്‍ എവിടേക്കെന്നില്ലാതെ പറന്നുപോയി. ഇനിയാരും വരാനില്ലല്ലോ എന്ന് കാറ്റും കരിയിലയും സ്വകാര്യം പറഞ്ഞു. ഡാനിയേലിന്റെ നെഞ്ചുപറ്റിക്കിടന്ന താരയുടെ കത്തുകള്‍ കാറ്റെടുത്തു. കാറ്റിനപ്പോള്‍ താരയുടെ ഗന്ധം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by