Entertainment

ലഡു ഒരു വിവാദ വിഷയമാണെന്ന് കാര്‍ത്തി, എതിർത്ത് പവന്‍ കല്യാണ്‍; പിന്നാലെ മാപ്പുമായി താരം

Published by

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദ ലഡുവില്‍ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദം സിനിമയിലേക്കും. നടന്‍ കാര്‍ത്തിയുടെ വാക്കുകള്‍ക്കെതിരെയാണ് പവന്‍ കല്യാണ്‍ അടക്കമുള്ള രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ലഡുവിനെ കുറിച്ചുള്ള കാര്‍ത്തിയുടെ അഭിപ്രായമാണ് വിവാദമായത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന ചടങ്ങിലാണ് കാര്‍ത്തി സംസാരിച്ചത്.

പരിപാടിക്കിടെ അവതാരക സ്‌ക്രീനില്‍ ഏതാനും മീമുകള്‍ കാണിച്ച് അതിനെ കുറിച്ച് മനസില്‍ വരുന്നത് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. അതിലൊരു മീം ലഡുവിന്റെ ചിത്രം അടങ്ങുന്നതായിരുന്നു. ലഡുവിനെ കുറിച്ച് നമുക്ക് ഇപ്പോള്‍ സംസാരിക്കേണ്ടെന്നും അതൊരു വിവാദ വിഷയമാണ് എന്നായിരുന്നു കാര്‍ത്തി പ്രതികരിച്ചത്.

ഇതിന് പിന്നാലെ വിജയവാഡയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ കാര്‍ത്തിയുടെ പരാമര്‍ശത്തില്‍ പവന്‍ കല്യാണ്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തികള്‍ തിരുപ്പതി വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ഒന്നുകില്‍ അതിനെ പിന്തുണയ്‌ക്കുകയോ അല്ലെങ്കില്‍ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യണമെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.
പൊതുവേദികളില്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പവന്‍ കല്യാണ്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പിന്നാലെ ഈ വിഷയത്തില്‍ കാര്‍ത്തി വിശദീകരണവുമായി രംഗത്തെത്തി. ”ഉദ്ദേശിക്കാത്ത തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. വെങ്കിടേശ്വര ഭഗവാന്റെ ഒരു എളിയ ഭക്തന്‍ എന്ന നിലയില്‍, ഞാന്‍ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു” എന്ന് കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാന്‍ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന ആരോപണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by